വയനാട്ടിലെ പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാമ്പസില്‍ നിന്നും റാഗിംഗ് പരാതിയെതുടര്‍ന്ന് സസ്‌പെന്റ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കാന്‍ നീക്കം. 13 വിദ്യാര്‍ത്ഥികളെയാണ് സസ്‌പെന്റ് ചെയ്തിരുന്നത്. ഇവരുടെ സസ്‌പെന്‍ഷന്‍ നടപടി റദ്ദാക്കിയിരിക്കുകയാണ്. കേസില്‍ ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ വന്നതിനു പിന്നാലെയാണ് സസ്‌പെഷന്‍ ഉത്തരവ് റദ്ദാക്കികൊണ്ടുള്ള അധികൃതരുടെ നടപടി. 2019, 2021 ബാച്ചുകളിലെ വിദ്യാര്‍ത്ഥികളെ റാഗ് ചെയ്തതിനാണ് 13 വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തിരുന്നത്. സംഭവത്തില്‍ 13 പേര്‍ കുറ്റക്കാരെന്ന് പൂക്കോട് സര്‍വകലാശാലയിലെ റാഗിംഗ് വിരുദ്ധ സമിതി കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് 13 പേരെയും സസ്‌പെന്‍ഡ് ചെയ്തത്.
ഇത് ചോദ്യംചെയ്ത് രണ്ടുവിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയില്‍ പോയി ഇടക്കാല സ്റ്റേ നേടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍വകലാശാല നിയമോപദേശം തേടിയശേഷം 13 പേരുടേയും സസ്‌പെന്‍ഷന്‍ റദ്ദാക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച് ഹൈക്കോടതി ഇടക്കാല സ്റ്റേ നല്‍കിക്കൊണ്ട് ഉത്തരവിറക്കിയത്. രണ്ടു വിദ്യാര്‍ത്ഥികളാണ് സ്റ്റ് നേടിയതെങ്കിലും 13 പേരുടെയും സസ്‌പെന്‍ഷന്‍ റദ്ദാക്കിക്കൊണ്ട് സര്‍വകലാശാല അധികൃതര്‍ ഉത്തരവിറക്കുകയായിരുന്നു. സിദ്ധാര്‍ത്ഥന്റെ മരണത്തിന് പിന്നാലെ 2023ലെ റാഗിംഗിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുത്തിരുന്നു.
നാലാംവര്‍ഷ വിദ്യാര്‍ത്ഥികളായ അമരേഷ് ബാലിയും അജിത് അരവിന്ദാക്ഷനുമാണ് സസ്‌പെന്‍ഷന്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ വര്‍ഷം ഈ വിദ്യാര്‍ത്ഥികള്‍ 2021 ബാച്ചിലെ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്തതായി ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ ഇവര്‍ക്കെതിരെ തെളിവുകളോ പരാതിയോ ആന്റി റാഗിംഗ് സമിതിക്ക് കിട്ടിയിരുന്നില്ല. റാഗ് ചെയ്യപ്പെട്ടതായി ആരോപിക്കപ്പെട്ട വിദ്യാര്‍ത്ഥിയും പരാതി നല്‍കിയില്ല. സിദ്ധാര്‍ത്ഥിന്റെ മരണത്തിന് പിന്നാലെ പഴയ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ഈ വിദ്യാര്‍ത്ഥികളെയും സര്‍വകലാശാല അധികൃതര്‍ ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.
നേരത്തെയും ഇത്തരം സംഭവങ്ങള്‍ ഇവിടെ നടക്കാറുണ്ടെന്ന് വരുത്തി തീര്‍ത്ത് സിദ്ധാര്‍ത്ഥിന്റെ മരണത്തിലുള്ള റിപ്പോര്‍ട്ടിന് കൂടുതല്‍ ബലം നല്‍കാനാണ് ആന്റി റാഗിംഗ് സമിതി ശ്രമിച്ചതെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. ഈ കേസില്‍ നാലുപേര്‍ക്ക് എതിരെ ആയിരുന്നുനടപടി. 2 പേരെ ഒരു വര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്തപ്പോള്‍ 2 പേരുടെ സ്‌കോളര്‍ഷിപ്പ് റദ്ദാക്കുകയായിരുന്നു. ഇടക്കാല ഉത്തരവായാണ് വിദ്യാര്‍ത്ഥികള്‍ ഇരുവരുടെയും സസ്‌പെന്‍ഷന് സ്റ്റേ അനുവദിച്ചത്. ആന്റി റാഗിംഗ് കമ്മിറ്റിയോട് റിപ്പോര്‍ട്ട് ഹാജരാക്കാനും കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.