ലോക്‌സഭാ തിരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക സമര്‍പ്പണം നാളെ മുതല്‍

എസ്‌യുസിഐ സ്ഥാനാര്‍ത്ഥി എസ് മിനി ആദ്യ നോമിനേഷന്‍ നല്‍കും

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള നാമ നിര്‍ദ്ദേശ പത്രികകളുടെ സമര്‍പ്പണം നാളെ( ഏപ്രില്‍ 28) മുതല്‍ ആരംഭിക്കും. സംസ്ഥാനത്ത് 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കും ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കു മുമ്പാകെയാണ് പത്രിക സമര്‍പ്പിക്കേണ്ടത്. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെയാണ് പത്രിക സ്വീകരിക്കുന്ന സമയം. അവസാന തീയതി ഏപ്രില്‍ നാല്.

നെഗോഷ്യബിള്‍ ഇന്‍സട്രമെന്റ്സ് ആക്ട് പ്രകാരം അവധി ദിനങ്ങളായ മാര്‍ച്ച് 29, 31, എപ്രില്‍ ഒന്ന് തീയതികളില്‍ പത്രിക സമര്‍പ്പിക്കാനാവില്ല. സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിന് നടക്കും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഏപ്രില്‍ എട്ടാണ്. ജനകീയ സമര രാഷ്ട്രീയത്തിന്റെ പ്രതിനിധി, തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥി എസ്. മിനി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.

നാളെ രാവിലെ 11 മണിക്ക് ജില്ലാ വരണാധികാരിയായ കളക്ടര്‍ക്ക് മുന്നിലാണ് നോമിനേഷന്‍ സമര്‍പ്പിക്കുക. പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും ചടങ്ങില്‍ സംബന്ധിക്കും. അതിന് ശേഷം സിവില്‍ സ്റ്റേഷന്‍ പരിസരത്തു വോട്ടര്‍മാരെ കാണും. സാധാരണ ജനങ്ങള്‍ നല്‍കിയ ചെറിയ സംഭവനകള്‍ സമാഹരിച്ച തുകയാണ് കെട്ടി വെയ്ക്കാന്‍ സമര്‍പ്പിക്കുന്നതെന്നു മണ്ഡലം കമ്മിറ്റി കണ്‍വീനര്‍ ആര്‍ കുമാര്‍ പറഞ്ഞു.