വെറ്റിനറി സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തിലെ അന്വേഷണം അട്ടിമറിക്കുന്നതിന് സര്‍ക്കാരിന്റെ ഉന്നത തലത്തില്‍ ഗൂഢാലോചന നടക്കുന്നു എന്നതിന് തെളിവാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നതിലെ നടപടിക്രമങ്ങളില്‍ വരുത്തിയ പിഴവെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.
ആഭ്യന്തര വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരെ ബലിയാടാക്കി മുഖം രക്ഷിക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ഉന്നത തലത്തില്‍ നിന്നുള്ള സമ്മര്‍ദ്ദം കാരണം മനപൂര്‍വ്വം പിഴവുകള്‍ ഉണ്ടാക്കുകയാണ് ചെയ്തതെന്ന് പ്രത്യക്ഷത്തില്‍ തന്നെ വ്യക്തമാവുന്ന കാര്യമാണ്.
ആഭ്യന്തര വകുപ്പിലെ ഇത്രയും പരിചയ സമ്പത്തുള്ള ഉദ്യോഗസ്ഥര്‍ കേന്ദ്ര പഴ്സണല്‍ മന്ത്രാലയത്തിനുള്ള കത്ത് കൊച്ചി സി.ബി.ഐ ഓഫീസിലേക്ക് തെറ്റി അയക്കുമെന്ന് കരുതാന്‍ സാദ്ധ്യമല്ല. അത് പോലെ നടപടി ക്രമമനുസരിച്ചുള്ള രേഖകള്‍ ഹാജരാക്കുന്നതിലും വീഴ്ചയുണ്ടായത് സംശയം സൃഷ്ടിക്കുന്നു. കേരളം മുഴുവന്‍ ചര്‍ച്ച ചെയ്ത കോളിളക്കം സൃഷ്ടിച്ച ഒരു കേസിന്റെ കാര്യത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നതിനുള്ള നടപടിക്രമങ്ങള്‍ ഉദ്യോഗസ്ഥര്‍ ലാഘവ ബുദ്ധിയോടെ കൈകാര്യം ചെയ്യുമെന്നും കരുതേണ്ടതില്ല. അന്വേഷണം വൈകിപ്പിക്കാന്‍ മനപൂര്‍വ്വം വീഴ്ച വരുത്തിയതാകാനേ തരമുള്ളൂ. അതാകട്ടെ ഉന്നത തലത്തില്‍ നിന്നുള്ള നിര്‍ദ്ദേശം കൂടാതെ നടക്കുകയുമില്ല.
ഈ കേസുമായി ബന്ധപ്പെട്ട് സര്‍വ്വകലാശാലയിലെ 33 വിദ്യാര്‍ത്ഥികളെ വി.സി കുറ്റ വിമുക്തരാക്കുകയും സസ്പെന്ഷന് പിന്‍വലിക്കുകയും ചെയ്ത സംഭവവും ഇതോടൊപ്പം കൂട്ടി വായിക്കണം. എസ്.എഫ്.ഐയും അത് വഴി ഭരണ കക്ഷിയും പ്രതിക്കൂട്ടിലായ കേസ് ദുര്‍ബലപ്പെടുത്താനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.