കൊച്ചി: തങ്ങള്‍ ഓണ്‍ലൈനായി വാങ്ങുന്ന സാധനങ്ങള്‍ അധിക പാക്കിങ് ഇല്ലാതെ ലഭിക്കുന്നതാണു താല്‍പര്യമെന്ന് ഇന്ത്യയില്‍ ഇങ്ങനെ വാങ്ങുന്ന പത്തില്‍ ഏഴു പേരും (69 ശതമാനം) അഭിപ്രായപ്പെടുന്നു. തുണികള്‍, ഡിറ്റര്‍ജെന്‍റ്, സ്റ്റേഷനറി തുടങ്ങിയവ അവയുടെ ഒറിജിനല്‍ പാക്കിങ് കൊണ്ടു തന്നെ മികച്ചതാണെന്ന് ഇതു സംബന്ധിച്ച സര്‍വേയില്‍ ഉപഭോക്താക്കള്‍ അഭിപ്രായപ്പെടുന്നു. അതേ സമയം വ്യക്തിഗത ഇനങ്ങളും വിലയേറിയ ചില ഇനങ്ങളും പാക്കിങ് ചെയ്താവണമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
2021 മുതല്‍ ആമസോണ്‍ ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കുള്ള ഡെലിവറികളില്‍ അധിക പാക്കിങ് കുറച്ചു കൊണ്ടു വരികയാണ്. ഇത് 83 ശതമാനമായി ഉയര്‍ത്തിയിട്ടുമുണ്ട്. പാക്കിങ് സാമഗ്രികളുടെ ഉപയോഗം കുറക്കുന്നതിനാണ് തങ്ങള്‍ അധിക പാക്കിങ് ഒഴിവാക്കണമെന്ന് ആഗ്രഹിക്കുന്നതെന്ന് സര്‍വേയില്‍ പങ്കെടുത്തവരില്‍ 55 ശതമാനം പേര്‍ ചൂണ്ടിക്കാട്ടി.
ആഗോള തലത്തില്‍ 2015 മുതല്‍ ആമസോണ്‍ പാക്കിങ് സാമഗ്രികളുടെ ഭാരം ശരാശരി 41 ശതമാനം കുറക്കുകയും രണ്ടു ദശലക്ഷം ടണ്ണോളം പാക്കിങ് സാമഗ്രികളുടെ ഉപയോഗം ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.
തങ്ങളെപ്പോലെ തന്നെ തങ്ങളുടെ ഉപഭോക്താക്കളും പാക്കിങ് സാമഗ്രികള്‍ കുറക്കുന്നതിനെ കുറിച്ചു ശ്രദ്ധാലുക്കളാണെന്ന് ആമസോണ്‍ ഇന്ത്യ ഓപറേഷന്‍സ് വൈസ് പ്രസിഡന്‍റ് അഭിനവ് സിങ് പറഞ്ഞു. സാധ്യമായ എല്ലായിടങ്ങളിലും പാക്കിങ് സാമഗ്രികള്‍ ഒഴിവാക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും സുരക്ഷിതമായി അയക്കാന്‍ സാധ്യമായ രീതിയിലെ പാക്കിങ് രൂപകല്‍പന ചെയ്യാന്‍ തങ്ങള്‍ ഉല്‍പാദകരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.