കൊല്‍ക്കത്ത: കൊൽക്കത്തയിൽ വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്. ഇന്‍ഡിഗോ – എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ ചിറകുകള്‍ തമ്മിലാണ് ഉരസിയത്.ദർഭംഗയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിൻ്റെയും ചെന്നൈയിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യ വിമാനത്തിൻ്റെയും ചിറകുകള്‍ തമ്മിലാണ് തട്ടിയത്.
രാവിലെ 11 മണിയോടെ വിമാനത്താവളത്തിൻ്റെ റൺവേയ്ക്ക് സമീപമുള്ള ടാക്സിവേയിലാണ് അപകടമുണ്ടായതെന്ന് വിമാനത്താവള വൃത്തങ്ങൾ അറിയിച്ചു. അപകടസമയത്ത് രണ്ട് വിമാനങ്ങളിലും യാത്രക്കാർ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. എന്നാൽ യാത്രക്കാർക്കോ ജീവനക്കാർക്കോ അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.
എയർ ഇന്ത്യ വിമാനം ചെന്നൈയിലേക്ക് പുറപ്പെടാൻ ഒരുങ്ങുന്നതിനിടെയാണ് സംഭവം നടന്നതെന്ന് വിമാനത്താവള വൃത്തങ്ങൾ അറിയിച്ചു. എയർ ഇന്ത്യ വിമാനത്തിൽ 163 യാത്രക്കാരും 6 ജീവനക്കാരുമുണ്ടായിരുന്നു. ഇൻഡിഗോ വിമാനത്തിൽ 149 യാത്രക്കാരും 6 ക്യാബിൻ ക്രൂവും ഉണ്ടായിരുന്നു.
കൂട്ടിയിടിയില്‍ എയർ ഇന്ത്യ വിമാനത്തിന്റെ ചിറകിന്റെ അറ്റം പൊട്ടിയപ്പോള്‍ ഇൻഡിഗോ വിമാനത്തിന്റെ ചിറക് ഇടിഞ്ഞുവീണു. രണ്ട് വിമാനങ്ങളിലുമുണ്ടായിരുന്ന യാത്രക്കാര്‍ സുരക്ഷിതരാണെന്ന് വിമാനക്കമ്പനി അധികൃതര്‍ അറിയിച്ചു. പൈലറ്റുമാര്‍ക്കെിതരെ ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചു.