ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക്. ഏപ്രില്‍ മൂന്നിന് വയനാട്ടിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പിക്കും. തുടര്‍ന്ന് റോഡ്‌ഷോയും നടത്തും. മൂന്നിന് 12 മണിക്ക് കല്പറ്റ കള്കടറേറ്റില്‍ എത്തിയാണ് രാഹുൽ ഗാന്ധി പത്രിക നല്‍കുക. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുന്നത്.
പത്രികാസമര്‍പ്പണത്തിന് പിന്നാലെ തിരിച്ചുപോകുന്ന രാഹുല്‍, പിന്നീട് തിരഞ്ഞെടുപ്പ് തീയതിയോട് അടുത്ത ദിവസങ്ങളിലായിരിക്കും പ്രചാരണത്തിന് വയനാട്ടിലെത്തുക.
അതേസമയം, രാഹുല്‍ ഗാന്ധി മണ്ഡലത്തില്‍ ഇല്ല എന്നത് വയനാട്ടുകാരുടെ പരാതിയാണെന്ന് കഴിഞ്ഞ ദിവസം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആനി രാജ വിമർശിച്ചിരുന്നു.
വയനാട്ടിലെ ജനങ്ങള്‍ പ്രതിസന്ധി നേരിട്ടപ്പോള്‍ അവരോടൊപ്പം സ്ഥലം എംപി ഉണ്ടായിരുന്നില്ലെന്നായിരുന്നു ആനി രാജയുടെ വിമർശനം. രാഹുല്‍ ഗാന്ധി മണ്ഡലത്തില്‍ ഇല്ല എന്നത് വയനാട്ടുകാരുടെ പരാതിയാണ്. പ്രധാനമന്ത്രിയാകുമെന്ന പ്രചാരണം കേട്ട് കഴിഞ്ഞ തവണ ഇടതുപക്ഷത്ത് ഉള്ളവര്‍ പോലും രാഹുലിന് വോട്ട് ചെയ്തിരുന്നു. ഇത്തവണ ജനങ്ങള്‍ കൃത്യമായി വിധിയെഴുതുമെന്നും ആനി രാജ പറഞ്ഞു.
കേരളത്തില്‍ ഏപ്രില്‍ 26-ന് രണ്ടാംഘട്ടത്തിലാണ് പോളിങ്. ഏപ്രില്‍ നാലാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.