ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. ലഖ്‌നൗവില്‍ ബുധനാഴ്ച ചേര്‍ന്ന പാര്‍ട്ടി യോഗത്തില്‍ അഖിലേഷ് ഇക്കാര്യം അറിയിച്ചെന്നാണ് സൂചന. ആദ്യഘട്ട വോട്ടെടുപ്പിനുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ബുധനാഴ്ചയായിരുന്നു.
ജയിലിലുള്ള എസ്.പി. നേതാവ് അസം ഖാന്‍ മത്സരിച്ചിരുന്ന രാംപുരില്‍ ജനവിധി തേടാൻ അഖിലേഷിനോട് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നതായും മുലായം സിങ്ങും ഡിപിംള്‍ യാദവും വിജയിച്ചിരുന്ന കനൗജില്‍ അഖിലേഷ് മത്സരിച്ചേക്കുമെന്നും അഭ്യൂകളുണ്ടായിരുന്നു. 2019-ല്‍ അസംഗഡില്‍നിന്ന് വിജയിച്ച അഖിലേഷ് യാദവ് പിന്നീട് കര്‍ഹാളില്‍നിന്ന് എം.എല്‍.എയായി നിയമസഭയിലേക്ക് എത്തുകയായിരുന്നു.
ഇത്തവണ ഉത്തര്‍പ്രദേശില്‍ കോൺഗ്രസ്സ് സഖ്യത്തിലാണ് സമാജ്‌വാദി പാര്‍ട്ടി മത്സരിക്കുന്നത്. പല്ലവി പട്ടേലിന്റെ അപ്‌നാദളിന് നല്‍കുന്ന സീറ്റും ഉള്‍പ്പെടെ കോണ്‍ഗ്രസ് 17 സീറ്റിലും സമാജ് വാദി പാര്‍ട്ടി 63 സീറ്റിലും മത്സരിക്കാനാണ് ധാരണ.