പത്തനംതിട്ട: മസാലബോണ്ട് കേസില്‍ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി ) നോട്ടിസയച്ചതിൽ രൂക്ഷ പ്രതികരണവുമായി പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും മുൻ ധനകാര്യ മന്ത്രിയുമായ തോമസ് ഐസക്. ഇഡിക്ക് മുന്നിൽ ഹാജരായില്ലെങ്കില്‍ മൂക്കില്‍ കയറ്റുമോയെന്നും ഇത് കേരളമാണെന്നോര്‍ക്കണമെന്നും തോമസ് ഐസക്. ഇതൊക്കെ വടക്കേയിന്ത്യയില്‍ നടക്കുമെന്നും തോമസ് ഐസക്ക് കുട്ടിച്ചേർത്തു..
കേസില്‍ തോമസ് ഐസക്കിന് എട്ടാം തവണയും ഹാജരാകാൻ ഇഡി സമന്‍സ് അയച്ച സാഹചര്യത്തിലാണ് പ്രതികരണം. ഏപ്രില്‍ 2ന് ഹാജരാകണമെന്ന നോട്ടീസ് കിട്ടിയെന്നും തോമസ് ഐസക്ക് വ്യക്തമാക്കി. തന്റെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനം തടസപ്പെടുത്താനുള്ള ശ്രമമാണിതെന്ന് അദ്ദേഹം ആരോപിച്ചു. കോടതിയിലിരിക്കുന്ന കേസില്‍ കൂടുതല്‍ പറയാനില്ലെന്നും തിങ്കളാഴ്ച കോടതിയെ സമീപിക്കുമെന്നും ഐസക്ക് പറഞ്ഞു.
ഇഡിക്ക് ഭീഷണിയുടെ സ്വരമാണ്. കോടതിയിലിരിക്കുന്ന കേസായതിനാല്‍ കോടതിയില്‍ നിന്ന് തന്നെ സംരക്ഷണം തേടും. തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പ്രേരിതമായി ഇഡി ഭീഷണിപ്പെടുത്തുകയാണ്. ചെന്നില്ലെങ്കില്‍ മൂക്കില്‍ കയറ്റുമോയെന്നും അദ്ദേഹം ചോദിച്ചു.
മസാല ബോണ്ട് ഇടപാടിലെ ഇഡി നോട്ടീസിനെതിരായ തോമസ് ഐസക്കിന്റെ ഹര്‍ജിയില്‍ മറുപടി സത്യാവാങ്മൂലം ഇഡി കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.ഹര്‍ജികള്‍ അവധിയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റി. കേസ് ഇനി മെയ് 22 ന് വീണ്ടും പരിഗണിക്കും. എന്നാല്‍ അടിയന്തര സാഹചര്യമുണ്ടായാല്‍ ഹര്‍ജിക്കാര്‍ക്ക് കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.
അതേസമയം, ഇഡി സമൻസ് സ്‌റ്റേ ചെയ്യണമെന്ന ഐസക്കിൻ്റെ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഇഡിക്ക് മുന്നിൽ ഹാജരാകുന്നതിൽ തടസമെന്താണെന്ന് തോമസ് ഐസകിനോട് ഹൈക്കോടതി ചോദിച്ചിരുന്നു.
മസാല ബോണ്ട് ഇടപാടിലെ നിയമസാധുത പരിശോധിക്കണമെങ്കിൽ തോമസ് ഐസക്കിൻറെ മൊഴിയെടുക്കൽ അനിവാര്യമെന്ന് ഇഡി ഹൈക്കോടതിയിൽ വ്യക്തമാക്കി. മസാല ബോണ്ട് ഇറക്കാൻ തീരുമാനിച്ച വ്യക്തി എന്ന നിലയിലും, കിഫ്ബി സമർപ്പിച്ച രേഖകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലുമാണ് തോമസ് ഐസക്കിന് പുതിയ സമൻസ് നൽകിയതെന്നാണ് ഇഡി നിലപാട്. ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്റ്റ് (ഫെമ) ചട്ട ലംഘനം ആരോപിക്കപ്പെടുന്ന കിഫ്ബി മസാല ബോണ്ട് കേസിലാണ് മുൻ ധനമന്ത്രിക്കെതിരെ ഇഡി അന്വേഷണം നടക്കുന്നത്.