ന്യൂഡൽഹി: മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്മെൻ്റ് ഡയററക്ടറേറ്റ് (ഇഡി ) അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് വീണ്ടും തിരിച്ചടി. അറസ്റ്റിനെ ചോദ്യം ചെയ്ത് കേജ്‌രിവാൾ നൽകിയ ഹർജിയിൽ ഇഡിക്ക് മറുപടി നൽകാൻ ഡൽഹി ഹൈക്കോ’ടതി ഏപ്രിൽ രണ്ട് വരെ സമയം അനുവദിച്ചു. ഏപ്രിൽ മൂന്നിന് കേസ് വീണ്ടും പരിഗണിക്കും.
കേജ്‌രിവാളിൻ്റെ ഹർജി എത്രയും വേഗം പരിഗണിക്കണമെന്നും ജാമ്യം നൽകണമെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍റെ വാദം. നിലപാട് രേഖപ്പെടുത്താൻ മൂന്നാഴ്ചത്തെ സമയം നൽകണമെന്ന് ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി രാജു ഡൽഹി ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ സമയം ചോദിക്കുന്നത് കേസ് വൈകിപ്പിക്കാനുള്ള തന്ത്രമാണെന്ന് കേജ്‌രിവാളിൻ്റെ അഭിഭാഷകൻ അഭിഷേക് മനു സിങ്വി കോടതിയിൽ പറഞ്ഞു.
കേസിൽ രണ്ട് പക്ഷത്തിന്‍റെയും വാദം കേൾക്കേണ്ടത് ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. തുടർന്ന് ഇഡിയുടെ ആവശ്യം പരിഗണിച്ച് മറുപടി നൽകാൻ ഏപ്രിൽ രണ്ട് വരെ സമയം അനുവദിക്കുകകയായിരുന്നു.
ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഈ മാസം 21നാണ് അരവിന്ദ് കേജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. അറസ്റ്റ് ഒഴിവാക്കാൻ ഇടപെടാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി വിസമ്മതിച്ചതിന് പിന്നാലെയയായിരുന്നു അറസ്റ്റ്. ഡൽഹി മുഖ്യമന്ത്രിയുടെ ജാമ്യാപേക്ഷയും ഡൽഹി റോസ് അവന്യു കോടതി തള്ളിയിരുന്നു. മാർച്ച് 28 വരെ കേജ്‌രിവാളിനെ ഇ.ഡി കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.