തിരുവനന്തപുരം: സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനത്തിനായി കിഫ്ബി മസാല ബോണ്ടിലുടെ സമാഹരിച്ച മുഴുവൻ തുകയും തിരിച്ചടച്ചു. 2150 കോടി രൂപയാണ് തിരിച്ചടച്ചത്. മസാല ബോണ്ടിന്റെ കാലാവധി പൂര്‍ത്തിയായതോടെയാണ് തിരിച്ചടച്ചതെന്നാണ് ഔദ്യോഗിക വിവരം.
മസാല ബോണ്ട് ഇറക്കിയ ആദ്യ സംസ്ഥാന ഏജൻസിയായിരുന്നു കിഫ്ബി. മസാല ബോണ്ടിൽ ക്രമക്കേട് ഉണ്ടെന്ന് ആരോപണം ഉന്നയിച്ച് മുൻ ധനമന്ത്രി തോമസ് ഐസകിനെതിരെ ഇഡി കേസ് പുരോഗമിക്കുന്നതിനിടെയാണ് തുക മുഴുവനായി തിരിച്ചടച്ചത്.
മസാല ബോണ്ട് കേസിൽ പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർഥിയുമായി തോമസ് ഐസക്കിന് വീണ്ടും ഇഡി സമൻസ് അയച്ചിരുന്നു. ഏപ്രിൽ രണ്ടിന് കൊച്ചിയിലെ ഓഫീസിൽ ഹാജരാകണമെന്നാണ് നിർദേശം. ഇത് എട്ടാം തവണയാണ് ഐസക്കിന് നോട്ടീസ് നൽകുന്നത്.
നേരത്തെ അയച്ച നോട്ടീസുകളെ ചോദ്യം ചെയ്ത് കിഫ്ബിയും തോമസ് ഐസക്കും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ചോദ്യം ചെയ്യലിനോട് സഹകരിച്ചു കൂടേയെന്നാണ് ഹൈക്കോടതി തോമസ് ഐസക്കിനോട് ആരാഞ്ഞത്.
ഏപ്രിൽ 2ന് ശേഷവും തോമസ് ഐസക് ഹാജരായില്ലെങ്കിൽ കടുത്ത നടപടി സ്വീകരിക്കുമെന്നാണ് ഇഡി വൃത്തങ്ങൾ നൽകുന്ന സൂചന. ഐസക്കിനെതിരെ വാറന്‍റ് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനും എൻഫോഴ്സ്മെന്‍റ് ആലോചിക്കുന്നുണ്ട്.