ന്യൂഡല്‍ഹി: ആത്മീയ ഗുരുവും ഇഷ ഫൗണ്ടേഷന്റെ സ്ഥാപകനുമായ സദ്ഗുരു ജഗ്ഗി വാസുദേവ് അടിയന്തര മസ്തിഷ്‌ക ശസ്ത്രക്രിയയ്‌ക്ക് ശേഷം ബുധനാഴ്ച ആശുപത്രി വിട്ടു. അദ്ദേഹത്തിന്റെ സുഖം പ്രാപിക്കുന്നതിലും രോഗശാന്തിയിലും ഡോക്ടര്‍മാര്‍ സംതൃപ്തി പ്രകടിപ്പിച്ചുവെന്ന് സദ്ഗുരുവിനെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ച അപ്പോളോ ഹോസ്പിറ്റല്‍സ് ഗ്രൂപ്പ് ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ ഡോ.സംഗിത റെഡ്ഡി പറഞ്ഞു.
“സുഖം പ്രാപിച്ചുകൊണ്ടിരിക്കുമ്ബോഴും സദ്ഗുരു അതേ മനോഭാവം കാത്തുസൂക്ഷിക്കുന്നു. ആഗോള നന്മയോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത, മൂര്‍ച്ചയുള്ള മനസ്സ്, നര്‍മ്മബോധം എന്നിവയെല്ലാം അചഞ്ചലമാണ്.
അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുന്ന ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഇതൊരു സന്തോഷവാര്‍ത്തയാണെന്ന് ഞാന്‍ കരുതുന്നു”, അദേഹം പറഞ്ഞു.
ഈ സമയത്ത് എല്ലാവരില്‍ നിന്നും സദ്ഗുരുവിന് ലഭിച്ച സ്നേഹത്തിന്റെയും പിന്തുണയുടെയും ഒഴുക്കിന് ഫൗണ്ടേഷന്‍ നന്ദി അറിയിച്ചു.
മാർച്ച് 14ന് തലവേദന കൂടുതൽ രൂക്ഷമായതിനെ തുടർന്ന് ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലെ ഡോ. വിനിത് സുരിയുടെ നിർദേശപ്രകാരം എംആർഐ സ്കാനിന് വിധേയനായപ്പോഴാണ് സദ്ഗുരുവിന് തലച്ചോറിൽ വലിയ രക്തസ്രാവമുണ്ടെന്ന് കണ്ടെത്തിയത്.
എന്നാൽ ചില ജോലികള്‍ കൂടി പൂർത്തിയാക്കാനുണ്ടെന്ന് പറഞ്ഞ് സദ്ഗുരു ജഗ്ഗി വാസുദേവ് ആശുപത്രിയിൽ അഡ്മിറ്റാവാൻ തയ്യാറായില്ല. മാർച്ച് 17ന് അവസ്ഥ കൂടുതൽ മോശമാവുകയും ഇടത്തേ കാലിന് തളർച്ച അനുഭവപ്പെടുകയും ചെയ്തു. തലവേദന കൂടി ഛർദിയും തുടങ്ങി. ഒടുവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് സി.ടി സ്കാൻ എടുത്തപ്പോൾ ജീവൻ തന്നെ അപകടത്തിലാവുന്ന ഗുരുതരമായ സാഹചര്യമുണ്ടെന്ന് മനസിലാക്കി അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു.