കോഴിക്കോട്: എംഎസ്എഫ്–ഹരിത നേതാക്കള്‍ക്ക് എതിരായ അച്ചടക്ക നടപടികൾ പിൻവലിച്ച് മുസ്‍ലിം ലീഗ്. നടപടികൾക്കു വിധേയരായവർ ലീഗ് സംസ്ഥാന നേതൃത്വത്തിന് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ഹരിത വിവാദത്തെ തുടർന്ന് പുറത്താക്കിയ ഭാരവാഹികളെയാണ് തിരിച്ചെടുത്തത്.
ഹരിത നേതാക്കളായ നജ്‍മ തബ്ഷിറ, ഫാത്തിമ തെഹ്‍ലിയ, മുഫീദ തെസ്‍നി എന്നിവർക്കും എംഎസ്എഫ് നേതാക്കളായ ലത്തീഫ് തുറയൂർ, കെ.എം.ഫവാസ് എന്നിവർക്കുമെതിരായ അച്ചടക്ക നടപടിയാണ് റദ്ദാക്കിയത്.
എംഎസ്എഫ് സംസ്ഥാന പ്രസിഡന്റിന് എതിരെ മുൻ ഹരിത സംസ്ഥാന നേതാക്കൾ ഫയൽ ചെയ്ത കേസ് പിൻവലിക്കും. ഇവരുടെ പ്രവർത്തന മേഖലകൾ ബന്ധപ്പെട്ട ഘടകങ്ങൾ തീരുമാനിക്കും.
തിരിച്ചെടുക്കുന്നവർക്ക് ഉയർന്ന ഘടകത്തിൽ തനെ ഭാരവാഹിത്വം നൽകാനും ലീഗ് നേതൃത്വം ആലോചിച്ചിരുന്നു. എന്നാല്‍ എം.എസ്.എഫ് ഭാരവാഹികളുടെ എതിർപ്പിനെ തുടർന്നാണ് പാർട്ടി അംഗത്വം മാത്രം നൽകി അച്ചടക്ക നടപടി പിൻവലിക്കുന്നത്. ഇവർക്കുള്ള ഭാരവാഹിത്വം പ്രാദേശിക തലത്തിൽ അതാത് ഘടകങ്ങൾ ആകും നിശ്ചയിക്കുക.