കൊല്ലം: കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടന സ്ഥാപനങ്ങളിൽ കേന്ദ്രത്തിന്റെ അനാവശ്യ കൈ കടത്തൽ ഉണ്ടാകുന്നു. ഇലക്ട്‌റൽ ബോണ്ട് രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണെന്നും കമ്മ്യൂണിസ്റ്റ് പാർട്ടികൾ മാത്രമാണ് ഇലക്ട്‌റൽ ബോണ്ട് വേണ്ടെന്ന് പറഞ്ഞത്. ഇതിനെതിരെ കമ്മ്യൂണിസ്റ്റ് പാർട്ടി ശക്തമായി രംഗത്ത് വന്നു. സുപ്രീംകോടതിയെ സമീപിക്കാനും തയ്യാറായി. നമ്മുടെ ഭരണഘടനയ്ക്ക് നിരക്കാത്ത നടപടിയാണ് ഇലക്ട്രിക് ബോണ്ട് എന്ന് സുപ്രീംകോടതിയുടെ ഇടപെടലിലൂടെ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാരിനെതിരെ നിലപാടെടുക്കുന്ന പ്രതിപക്ഷ പാർട്ടികൾക്കെതിരെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതികാരം ചെയ്യുകയാണെന്ന് അരവിന്ദ് കേജ്‍രിവാളിന്റെ അറസ്റ്റിൽ മുഖ്യമന്ത്രി ആരോപിച്ചു കൊല്ലത്ത് പൗരത്വ സംരക്ഷണ സദസിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേജ്‌രിവാളിന്റെ അറസ്റ്റ് രാജ്യമാകെ അപലപിക്കുന്ന അവസ്ഥ ഉണ്ടായി. സർക്കാരിന് എതിരെ നിലപാട് എടുക്കുന്ന പ്രതിപക്ഷ പാർട്ടികൾക്ക് എതിരെ കേന്ദ്ര ഏജൻസികളെ വച്ച് ഇടപെടൽ നടത്തുന്നു. ഇത്തതരം നടപടികൾ ആദ്യത്തേതോ അവസാനത്തെതോ അല്ല. രാജ്യത്താകെ ശക്തമായ പ്രതിഷേധം ഉയർന്നുവരുന്നു. സമ്പന്നരെ അതിസമ്പന്നരാക്കുകയും ദരിദ്രരെ അതിദരിദ്രരാക്കുകയും ചെയ്യുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മതനിരപേക്ഷതയെ തകർക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ ശക്തമായ പ്രക്ഷോഭം അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ഉത്കണ്ഠപ്പെടുന്ന കോടാനുകോടി ജനങ്ങൾ ഇന്ത്യയിലുണ്ട്. ഇവിടെ രാജ്യത്തെക്കുറിച്ചോ ജനങ്ങളെക്കുറിച്ചോ ചിന്തിക്കുന്ന അവസ്ഥയില്ലെന്നും മുഖ്യമന്ത്രി കൊല്ലത്ത് പറഞ്ഞു. തുല്യനീതിയും ഏതു മതത്തിലും വിശ്വസിക്കുവാനുളള അവകാശവുമാണ് മതനിരപേക്ഷതയുടെ പ്രത്യേകതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ പ്രത്യേ ക സാഹചര്യം ഇത്തരത്തിൽ പൗരത്വ സംരക്ഷണ സദസ് നടത്തുന്നതിലേക്ക് നമ്മെ എത്തിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.