ബെംഗളൂരു: കര്‍ണാടകത്തിലെ ബി.ജെ.പി. നേതാവിന് പാർട്ടി ലോക്സഭാ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രവർത്തകരുടെ ആത്മഹത്യാഭീഷണി. ബിജെപി നേതാവായ ബി.വി. നായിക്കിന്‍റെ അനുയായികളാണ് പെട്രോളൊഴിച്ച് ആത്മഹത്യാഭീഷണി മുഴക്കിയത്. ബുധനാഴ്ച റായ്ചുരിലായിരുന്നു സംഭവം. പ്രകടനത്തിനിടെ രണ്ട് അനുയായികള്‍ തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു.
റായ്ചുർ മണ്ഡലത്തിൽ ബി.വി. നായിക്കിന് സീറ്റ് നൽകില്ലെന്ന് വ്യക്തമായതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ അനുയായികള്‍ പ്രതിഷേധ പ്രകടനം നടത്തിയത്. പ്രതിഷേധത്തിന്റെ ഭാഗമായി റായ്ചുറിലെ പ്രധാനറോഡുകളിളെല്ലാം ടയറുകള്‍ കത്തിച്ച് ഗതാഗതം തടസപ്പെടുത്തി. ഇതിനിടെയാണ് രണ്ടുപ്രവര്‍ത്തകര്‍ ആത്മഹത്യാഭീഷണിയുമായി എത്തിയത്.
ശിവകുമാര്‍, ശിവമൂര്‍ത്തി എന്നിവരാണ് റോഡില്‍ ആത്മഹത്യാഭീഷണി മുഴക്കിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പ്രതിഷേധക്കാര്‍ക്കിടയില്‍ ഉണ്ടായിരുന്ന ഇരുവരും പെട്ടെന്ന് തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ചുറ്റുമുണ്ടായിരുന്ന പാര്‍ട്ടിപ്രവര്‍ത്തകരാണ് ഇവരുടെ കൈയില്‍നിന്ന് പെട്രോള്‍ ക്യാനും മറ്റും പിടിച്ചുവാങ്ങിയത്.
കോണ്‍ഗ്രസ് നേതാവായിരുന്ന നായിക് 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥി രാജാ അമരേശ്വര നായികിനോട് പരാജയപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ബി.ജെ.പിയില്‍ ചേർന്നത്. ശേഷം 2023-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മാന്‍വിയില്‍നിന്ന് മത്സരിച്ചെങ്കിലും കോണ്‍ഗ്രസിന്റെ ഹംപയ്യ നായികിനോട് പരാജയപ്പെട്ടു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ റായ്ചുരില്‍ സ്ഥാനാർഥിത്വം ലഭിക്കുമെന്നായിരുന്നു ബി.വി. നായികിന്റെ പ്രതീക്ഷ. എന്നാല്‍, രാജാ അമരേശ്വരസിങ്ങിനെത്തന്നെ റായ്ചുറില്‍ വീണ്ടും മത്സരിപ്പിക്കാന്‍ ബി.ജെ.പി. കേന്ദ്രനേതൃത്വം തീരുമാനിക്കുകയായിരുന്നു. ഇതിനേത്തുടർന്നാണ് അനുയായികൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.