എസ്ബിഐ ഡെബിറ്റ് കാർഡ് ഉടമകളാണോ; ആന്വല്‍ മെയിന്റനന്‍സ് ചാര്‍ജുകള്‍ വര്‍ധിപ്പിക്കുന്നു; വിശദാംശങ്ങള്‍ അറിയാം

ന്യൂഡല്‍ഹി: പ്രമുഖ പൊതുമേഖലാ ബാങ്കായ എസ്ബിഎ ചില ഡെബിറ്റ് കാര്‍ഡുകളുടെ ആന്വല്‍ മെയിന്റനന്‍സ് ചാര്‍ജുകള്‍ വര്‍ധിക്കുന്നു. പുതുക്കിയ നിരക്ക് ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. ക്ലാസിക്, സില്‍വര്‍, ഗ്ലോബല്‍, കോണ്‍ടാക്റ്റ്ലെസ് ഡെബിറ്റ് കാര്‍ഡുകളുടെ നിലവിലുള്ള വാര്‍ഷിക നിരക്കുകളും യുവ, ഗോള്‍ഡ്, കോംബോ ഡെബിറ്റ് കാര്‍ഡുകള്‍ക്കുള്ള വാര്‍ഷിക നിരക്കുകളുമാണ് ഉയരുക.

2024 ഏപ്രില്‍ മുതല്‍ ക്ലാസിക് ഡെബിറ്റ് കാര്‍ഡുകളുടെ ആന്വല്‍ മെയിന്റനന്‍സ് ചാര്‍ജ് 200 രൂപയും ജിഎസ്ടിയുമായി വര്‍ധിക്കും. നിലവില്‍ 125 രൂപയും ജിഎസ്ടിയും ചേര്‍ന്ന തുകയാണ് വാര്‍ഷിക നിരക്ക് ചാര്‍ജായി ഈടാക്കിയിരുന്നത്.

ക്ലാസിക് ഡെബിറ്റ് കാർഡുകൾ

ക്ലാസിക്, സിൽവർ, ഗ്ലോബൽ, കോൺടാക്റ്റ്‌ലെസ് ഡെബിറ്റ് കാർഡുകൾ ഉൾപ്പെടെയുള്ള കാർഡുകളുടെ വാർഷിക ചാർജുകൾ നിലവിലുള്ള 125 രൂപയിൽ നിന്ന് എസ്ബിഐ 200 രൂപയാക്കി ഉയർത്തി.

യുവയും മറ്റ് കാർഡുകളും

യുവ, ഗോൾഡ്, കോംബോ ഡെബിറ്റ് കാർഡ്, മൈ കാർഡ് (ഇമേജ് കാർഡ്) തുടങ്ങിയ ഡെബിറ്റ് കാർഡുകൾക്ക് വാർഷിക ചാർജ് നിലവിലുള്ള 175 രൂപയിൽ നിന്ന് 250 രൂപയാക്കി ഉയർത്തി.

പ്ലാറ്റിനം ഡെബിറ്റ് കാർഡ്

എസ്ബിഐ പ്ലാറ്റിനം ഡെബിറ്റ് കാർഡിന് വാർഷിക ചാർജ് നിലവിലുള്ള 250 രൂപയിൽ നിന്ന് 325 രൂപയാക്കി ഉയർത്തി.

പ്രീമിയം ബിസിനസ് ഡെബിറ്റ് കാർഡ്

പ്രൈഡ് പ്രീമിയം ബിസിനസ് ഡെബിറ്റ് കാർഡ് പോലുള്ള എസ്ബിഐ ഡെബിറ്റ് കാർഡുകൾക്ക് വാർഷിക മെയിൻ്റനൻസ് ചാർജുകൾ നിലവിലുള്ള 350 രൂപയിൽ നിന്ന് 425 രൂപയായി വർധിപ്പിച്ചു.

മറ്റൊരു പ്രധാനകാര്യം ഇവയ്‌ക്കെല്ലാം 18% ജിഎസ്ടി ബാധകമാണ്.

എസ്ബിഐ കാർഡ് അതിൻ്റെ ക്രെഡിറ്റ് കാർഡുകളിലും ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 2024 ഏപ്രിൽ 1 മുതൽ ചില ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാടക നൽകുന്നതിലൂടെ ലഭിക്കുന്ന റിവാർഡ് പോയിൻ്റുകളുടെ ശേഖരണം താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് അറിയിച്ചിരുന്നു. വാടക പേയ്‌മെൻ്റ് ഇടപാടുകളിലെ റിവാർഡ് പോയിൻ്റുകളുടെ ശേഖരണം 2024 ഏപ്രിൽ 15-ന് അവസാനിക്കും.