കൊച്ചി: മസാല ബോണ്ട് കേസിൽ ഇഡി സമൻസ് ചോദ്യം ചെയ്‌ത് തോമസ് ഐസക് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഏഴാം തവണ ഇഡി സമൻസ് അയച്ചതോടെയാണ് ഹൈക്കോടതിയിൽ ഹര്‍ജി നൽകിയത്. അടിയന്തര സാഹചര്യമുണ്ടായാൽ ഹൈക്കോടതിയെ സമീപിക്കാൻ തോമസ് ഐസകിന് ഹൈക്കോടതി നേരത്തെ അനുമതി നൽകിയിരുന്നു.
വീണ്ടും സമന്‍സയക്കേണ്ട സാഹചര്യമില്ലെന്നും ഐസക് ചൂണ്ടിക്കാട്ടുന്നു. നിലവില്‍ സമന്‍സയച്ചത് കോടതിയെ അപമാനിക്കലാണെന്നും രാഷ്ട്രീയ പകപോക്കലാണെന്നും ഹര്‍ജിയിലുണ്ട്. ഹർജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും.
ഏപ്രിൽ രണ്ടിന് കൊച്ചി ഓഫീസിൽ ഹാജരാകണം എന്ന് ചൂണ്ടിക്കാട്ടിയാണ് ഇഡി ഐസകിന് നോട്ടീസ് അയച്ചത്. ഇത് എട്ടാം തവണയാണ് ഇ ഡി ഐസക്കിന് നോട്ടീസ് അയക്കുന്നത്. നേരത്തെ നൽകിയ നോട്ടീസുകളെ ചോദ്യം ചെയ്ത് കിഫ്ബിയും തോമസ് ഐസക്കും ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഏപ്രിൽ 2ന് ശേഷവും തോമസ് ഐസക് ഹാജരായില്ലെങ്കിൽ ശക്തമായ നടപടിയെന്നാണ് ഇഡി വൃത്തങ്ങൾ നൽകുന്ന സൂചന. ഐസക്കിനെതിരെ വാറന്‍റ് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനും എൻഫോഴ്സ്മെന്‍റ് ആലോചിക്കുന്നുണ്ട്.
അതിനിടെ മസാല ബോണ്ട് വഴി സമാഹരിച്ച മുഴുവൻ തുകയും കിഫ്ബി തിരിച്ചടച്ചു. 2150 കോടി രൂപയാണ് തിരിച്ചടച്ചത്. മസാല ബോണ്ടിന്റെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് തിരിച്ചടച്ചതെന്നാണ് ഔദ്യോഗിക വിവരം. മസാല ബോണ്ട് ഇറക്കിയ ആദ്യ സംസ്ഥാന ഏജൻസിയായിരുന്നു കിഫ്ബി. ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ച് വഴിയാണ് വിദേശ നിക്ഷേപകരിൽ നിന്നും കിഫ്ബി മസാല ബോണ്ട് വഴി ധനസമാഹരണം നടത്തിയത്.