ഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബി.ജെ.പി നല്‍കിയ അവസരം നിരസിച്ചതായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. മത്സരിക്കാന്‍ ആവശ്യമായ പണം തന്റെ പക്കലില്ലെന്ന് പറഞ്ഞാണ് നിര്‍മല സീതാരാമന്‍ അവസരം നിരസിച്ചത്. ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദ തനിക്ക് ആന്ധ്രാപ്രദേശിലോ തമിഴ്നാട്ടിലോ മത്സരിക്കാന്‍ അവസരം നല്‍കിയെന്നും ധനമന്ത്രി പറഞ്ഞു.
ഒരാഴ്ചയോളം ആലോചിച്ച ശേഷം പണമില്ലാത്തതിനാൽ മത്സരിക്കാനില്ലെന്ന് പറഞ്ഞുവെന്നും ആന്ധ്രാ പ്രദേശിലെയും തമിഴ്നാട്ടിലെയും ജയസാധ്യത മാനദണ്ഡങ്ങളിലും തനിക്ക് പ്രശ്നമുണ്ടായിരുന്നുവെന്നും അവര്‍ പറഞ്ഞു. ഏത് ജാതിയാണ് ഏത് സമുദായമാണ് എന്നതാണ് ഇവിടങ്ങളിൽ ജയസാധ്യതക്ക് അടിസ്ഥാനമെന്നും അവര്‍ വിമര്‍ശിച്ചു.
തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇന്ത്യയുടെ ധനമന്ത്രിയുടെ കയ്യില്‍ പണമില്ലെന്നാണോ പറയുന്നതെന്ന് ചോദ്യമുയര്‍ന്നപ്പോള്‍ രാജ്യത്തിന്റെ പണം ഇന്ത്യയുടെ ജനങ്ങളുടെ സ്വത്താണെന്നും അതില്‍ തനിക്ക് ഒരു അവകാശവും ഇല്ലെന്നും മന്ത്രി പറഞ്ഞു. എന്റെ സ്വത്ത് സമ്പാദ്യം എന്നിവ മാത്രമാണ് എനിക്ക് അവകാശപ്പെട്ടത് അല്ലാതെ രാജ്യത്തിന്റെ പൊതുസ്വത്തില്‍ മന്ത്രിക്ക് ഒരു അവകാശവുമില്ല- ധനമന്ത്രി വ്യക്തമാക്കി.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെങ്കിലും ബി.ജെ.പിയുടെ സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കുമെന്നും അവരുടെ കൂടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുമെന്നും നിര്‍മല സീതാരാമന്‍ അറിയിച്ചു.
അതേസമയം കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ നാളെ തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തും. രാവിലെ 11.30ന് തിരുവനന്തപുരത്ത് വിമാനമിറങ്ങും. ഉച്ചക്ക് നടക്കുന്ന പ്രൊഫഷണൽസിൻ്റെ കൂട്ടായ്മയിൽ അവര്‍ സംസാരിക്കും. വൈകീട്ട് കവടിയാറിൽ നടക്കുന്ന തിരുവനന്തപുരം ലോക്സഭ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിൻ്റെ തെരഞ്ഞെടുപ്പ് കൺവൻഷൻ അവര്‍ ഉദ്ഘാടനം ചെയ്യും.