ഐപിഎല്‍ ചരിത്രത്തിലെ ഒരു ടീമിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോഡുമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സാണ് മുംബയ്‌ക്കെതിരെ ഹൈദരാബാദ് അടിച്ച് കൂട്ടിയത്. പൂനെ വാരിയേഴ്‌സ് ഇന്ത്യക്കെതിരെ 2013ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു നേടിയ 263/5 എന്ന റെക്കോഡാണ് പഴങ്കഥയായത്.
കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്ത്യന്‍സ് റണ്‍മലയ്ക്ക് മുന്നില്‍ പൊരുതിവീണു. തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണ് മുംബൈ ഇന്ത്യന്‍സ് നേരിട്ടത്. ഹൈദരാബാദില്‍ നടന്ന മത്സരത്തില്‍ 31 റണ്‍സിനായിരുന്നു മുംബൈയുടെ തോല്‍വി.
ഓപ്പണറായെത്തിയ രോഹിത് ശർമ്മയും ഇഷാൻ കിഷനും മികച്ച തുടക്കമായിരുന്നു മുംബൈക്ക് നൽകിയത്. 13 പന്തിൽ 34 റൺസ് നേടിയ ഇഷാൻ കിഷനെ ഷഹബാസ് അഹ്മദ് പുറത്താക്കി. പിന്നാലെ 12 ബോളിൽ 26 റൺസ് നേടി രോഹിതും പുറത്തായി. മികച്ചതുടക്കത്തിന് പിന്നാലെ കൂറ്റനടികൾക്ക് മുതിർന്ന മുൻ ക്യാപ്റ്റനെ കുമ്മിൻസ് അഭിഷേക് ശർമ്മയുടെ കൈയിലെത്തിക്കുകയായിരുന്നു. 34 പന്തിൽ 64 റൺസ് നേടി വിജയപ്രതീക്ഷ നൽകിയ തിലക് വർമയെ പുറത്താക്കി വീണ്ടും കുമ്മിൻസ് മുംബൈയ്ക്ക് പ്രഹരമേൽപ്പിച്ചു. നമൻ ധിർ 14 പന്തിൽ 30 റൺസെടുത്തു. ടിം ഡേവിഡ് (42), ഹാർദിക് പാണ്ഡ്യെ (24) എന്നിവർ മുംബൈയ്ക്ക് വേണ്ടി പൊരുതിയെങ്കിലും രണ്ടാം വിജയം ലക്ഷ്യമിട്ടെത്തിയ മുംബൈയ്ക്ക് നിരാശയായിരുന്നു ഫലം.
സൺറൈസേഴ്സിന് വേണ്ടി ജയദേവ് ഉദ്കട്, പാറ്റ് കുമ്മിൻസ് എന്നിവർ രണ്ട് വിക്കറ്റുകൾ വീതം നേടി. ഷഹബാസ് അഹ്മദ് ഒരു വിക്കറ്റ് നേടി.
ട്രാവിസ് ഹെഡ് (24 പന്തില്‍ 62), അഭിഷേക് ശര്‍മ (23 പന്തില്‍ 63), ഹെന്റിച്ച് ക്ലാസന്‍ (34 പന്തില്‍ 80), എയ്ഡന്‍ മാര്‍ക്രം (28 പന്തില്‍ 42) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഹൈദരാബാദിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.
മുംബൈ നിരയില്‍ പന്തെറിഞ്ഞവരെല്ലാം അടിമേടിച്ചു. തമ്മില്‍ ഭേദം ജസ്പ്രിത് ബുമ്ര മാത്രം. ഹാര്‍ദിക് പാണ്ഡ്യ നാല് ഓവറില്‍ 46 റണ്‍സ് വിട്ടുകൊടുത്തു. ഒരു വിക്കറ്റാണ് വീഴ്ത്തിയത്. മായങ്ക് അഗര്‍വാള്‍ (11) – ഹെഡ് സഖ്യം ഭേദപ്പെട്ട തുടക്കമാണ് ഹൈദരബാദിന് നല്‍കിയത്. എന്നാല്‍ അഞ്ചാം ഓവറില്‍ അഗര്‍വാളിനെ ഹാര്‍ദിക്ക് പുറത്താക്കി. പിന്നീട് വന്നവരെല്ലാം മുംബൈ ബൗളര്‍മാരെ എടുത്തിട്ട് അലക്കി.
ഹെയ്ന്റിച് ക്ലാസന്‍ 34 പന്തില്‍ നിന്നാണ് പുറത്താകാതെ 80 റണ്‍സെടുത്തത്. ഏഴ് കൂറ്റന്‍ സിക്‌സുകളും നാല് ബൗണ്ടറികളും ക്ലാസന്‍ നേടി. അഭിഷേക് ശര്‍മ 23 പന്തില്‍ 63 റണ്‍സെടുത്തു. ഏഴ് സിക്‌സറുകളും മൂന്ന് ഫോറുമാണ് ശര്‍മയുടെ ബാറ്റില്‍ നിന്ന് പിറന്നത്. 16 പന്തിലാണ് അഭിഷേക് ശര്‍മ അര്‍ധസെഞ്ച്വറി നേടിയത്. ട്രാവിസ് ഹെഡ് 24 പന്തില്‍ 62 റണ്‍സെടുത്തു. മൂന്ന് സിക്‌സറുകളും ഒമ്പത് ബൗണ്ടറികളും ഹെഡ് നേടി. ആകെ 18 സിക്‌സറുകളാണ് സണ്‍റൈസേഴ്‌സ് ബാറ്റര്‍മാര്‍ അടിച്ചുകൂട്ടിയത്.
പാണ്ഡ്യ, കോട്സ്, ചൗള എന്നിവർ ഓരോ വിക്കറ്റ് നേടി.