ചെന്നൈ: സാമൂഹ്യനീതിയും സമത്വവും ഉറപ്പാക്കാൻ ഇൻഡ്യ മുന്നണി രാജ്യത്ത് അധികാരം ഏറ്റെടുക്കേണ്ടത് അനിവാര്യമാണെന്ന് ഡി.എം.കെ അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിൻ. തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇലക്ടറൽ ബോണ്ടുകൾ ഉൾപ്പെടെയുള്ള നിരവധി വിഷയങ്ങളിൽ സ്റ്റാലിൻ വിമർശിച്ചു.
ഈ വർഷത്തെ അന്താരാഷ്‌ട്ര വനിതാ ദിനത്തിൽ എൽ.പി.ജി സിലിണ്ടർ വില കുറച്ചതായി പ്രഖ്യാപിച്ച പ്രധാനമന്ത്രിയെ അദ്ദേഹം പരിഹസിച്ചു. മുൻ വർഷങ്ങളിൽ വനിത ദിനം ആഘോഷിച്ചില്ലേ എന്നും ചോദിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് വില കുറച്ചതെന്ന് സ്റ്റാലിൻ പറഞ്ഞു.
തെങ്കാശിയിലെ പാർട്ടി സ്ഥാനാർഥി ഡോ. റാണി ശ്രീകുമാറിനും കോൺഗ്രസിന്‍റെ ബി. മാണിക്കം ടാഗോറിനും വേണ്ടി സ്റ്റാലിൻ വോട്ടഭ്യർഥിച്ചു. കാവി പാർട്ടിയെ വിറപ്പിക്കുന്ന ഹിമാലയൻ കുംഭകോണമാണ് ഇലക്ടറൽ ബോണ്ടെന്നും അദ്ദേഹം പറഞ്ഞു. നീറ്റ്, ജി.എസ്.ടി തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, മധുരയിലെ എയിംസ് നിർമാണത്തിന്‍റെ വേഗതക്കുറവ് തുടങ്ങിയ വിഷയങ്ങളിലും കേന്ദ്ര സർക്കാറിനെ സ്റ്റാലിൻ വിമർശിച്ചു.