ന്യൂഡൽഹി: ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് ആരോപിച്ച് ഇ.ഡി അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. നേരത്തെ, മാർച്ച് 28 വരെയാണ് കോടതി കെജ്രിവാളിനെ ഇ.ഡി കസ്റ്റഡിയിൽ വിട്ടത്. ഇത് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ന് ഡൽഹി റോസ് അവന്യൂ കോടതിയിൽ കെജ്രിവാളിനെ ഹാജരാക്കുക. കസ്റ്റഡി കാലാവധി നീട്ടിച്ചോദിക്കാനാണ് ഇ.ഡി നീക്കം.
ഇന്ന് ഉച്ചയോടെയാകും അരവിന്ദ് കെജ്രിവാളിനെ ഇ.ഡി ഡൽഹി റോസ് അവന്യു കോടതിയില്‍ ഹാജരാക്കുക. മദ്യനയ കേസില്‍ സത്യം ഇന്ന് കോടതിയില്‍ വെളിപ്പെടുത്തുമെന്ന് കെജ്രിവാളിന്‍റെ ഭാര്യ സുനിത പറഞ്ഞത് പല അഭ്യൂഹങ്ങള്‍ക്കും കാരണമായിട്ടുണ്ട്. തെളിവ് സഹിതം കോടതിയില്‍ കാര്യങ്ങള്‍ വിശദീകരിക്കുമെന്നാണ് സുനിത ഇന്നലെ വ്യക്തമാക്കിയത്.
അതേസമയം, അടിയന്തര മോചനത്തിനുള്ള കെജ്രിവാളിന്റെ ഇടക്കാല ആവശ്യം ഇന്നലെ ഡൽഹി ഹൈകോടതി തള്ളിയിരുന്നു. കെജ്രിവാളിന്റെ അപേക്ഷയിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന്റെ മറുപടി കിട്ടാതെ തീർപ്പ് കൽപിക്കാൻ തയാറല്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് സ്വർണകാന്ത ശർമയുടെ സിംഗിൾ ബെഞ്ച് വിധി. ഇ.ഡി അറസ്റ്റിനും റിമാൻഡിനുമെതിരെ കെജ്രിവാൾ സമർപ്പിച്ച ഹരജിയിലും ഇടക്കാല ആശ്വാസത്തിനുള്ള അപേക്ഷയിലും മറുപടി നൽകാൻ ഇ.ഡിക്ക് ഡൽഹി ഹൈകോടതി സമയം നൽകിയിരിക്കുകയാണ്.
read more : നാഗൗറിലെ ബി.ജെ.പി സ്ഥാനാര്‍ഥി ജ്യോതി മിർധയ്ക്കുള്ളത് 126 കോടിയുടെ ആസ്തി, പക്ഷേ സ്വന്തമായി കാറില്ല
അതേസമയം കെജ്‍രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന ഹരജി ഇന്ന് ഡല്‍ഹി ഹൈക്കോടതി പരിഗണിക്കും. സുർജിത് സിംഗ് യാദവാണ് ഡൽഹി ഹൈക്കോടതിയിൽ പൊതുതാല്‍പര്യ ഹരജി നൽകിയത്.