പശ്ചിമ ബംഗാളിൽ സി.പി.എം ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എ.ഐ (നിർമ്മിതി ബുദ്ധി) അവതാരകയും. സാമൂഹിക മാധ്യമമായ എക്സിൽ പ്രത്യക്ഷപ്പെട്ട ‘സാമന്ത’ എന്ന അവതാരക ബംഗാളിയിലാണു സംസാരിക്കുന്നത്. കഴിഞ്ഞ ദിവസം ഹോളി ആശംസകൾ നേർന്ന സാമന്ത ജെ.എൻ.യുവിൽ എസ്.എഫ്.ഐയുടെ വിജയത്തെകുറിച്ചും സംസാരിച്ചു.
ജാദവ്പൂരിൽ നിന്നുള്ള ഇടത് സ്ഥാനാർത്ഥിയായ ശ്രീജൻ ഭട്ടാചാര്യ പറയുന്നതിങ്ങനെ: ‘‘ഞങ്ങൾ എ.ഐ അവതാരകയെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുകയാണ്, കാരണം ഞങ്ങൾ എപ്പോഴും പുതിയ കാര്യങ്ങൾക്കായി തയ്യാറെടുക്കുന്നു’’.
read more : മദ്യനയ അഴിമതി : അരവിന്ദ് കെജ്രിവാളിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
എന്നാൽ, 1980 കളിൽ കമ്പ്യൂട്ടർ വിദ്യാഭ്യാസത്തെ എതിർത്തിരുന്ന സി.പി.എം സാങ്കേതികവിദ്യയെ സ്വീകരിക്കുന്നതിെൻറ വിരോധാഭാസം ഉയർത്തിക്കാട്ടിയാണ് ബി.ജെ.പിയുടെ തഥാഗത റോയ് വിമർശിച്ചത്. റോയിയുടെ വിമർശനത്തിന് മറുപടിയായി ഭട്ടാചാര്യ പറയുന്നതിങ്ങനെ: ‘‘സി.പി.എം ഒരിക്കലും കമ്പ്യൂട്ടറുകൾ നടപ്പാക്കുന്നതിന് എതിരായിരുന്നില്ല. പക്ഷേ, അത് നടപ്പിലാക്കുന്നതോടെ വൻതോതിലുള്ള തൊഴിലില്ലായ്മയിലേക്ക് നയിച്ചേക്കാമെന്നതിലാണ് എതിർത്തത്’’.
ബംഗാളിലെ 42 ലോക്സഭാ സീറ്റുകളിലേക്കുള്ള 21 സ്ഥാനാർത്ഥികളെ സി.പി.എം പ്രഖ്യാപിച്ചിരിക്കയാണ്. ഏപ്രിൽ 19 മുതൽ ജൂൺ ഒന്ന് വരെ വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനത്ത് ഏഴ് ഘട്ടങ്ങളിലായാണ് ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.