തിരുവനന്തപുരം: സിദ്ധാർഥന്റെ മരണത്തിൽ പ്രത്യേക അന്വേഷണത്തിനുള്ള ഗവർണറുടെ തീരുമാനം ഇന്ന് ഉണ്ടായേക്കും. വിരമിച്ച ഹൈകോടതി ജഡ്ജിയെ അന്വേഷണത്തിന് ചുമതലപ്പെടുത്താനാണ് നീക്കം. പൊലീസ് ഉദ്യോഗസ്ഥനെ കൂടി അന്വേഷണത്തിൽ ഉൾപ്പെടുത്തും. മരണത്തിൽ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ജുഡീഷ്യൽ അന്വേഷണം അനിവാര്യമാണെന്ന നിലപാടിലാണ് ഗവർണർ.
ഇതിനിടെ, സിദ്ധാർഥന്റെ മരണം സംബന്ധിച്ച രേഖകൾ കേരള പൊലീസ് സി.ബി.ഐക്ക് കൈമാറി. സ്പെഷൽ സെൽ ഡിവൈ.എസ്.പി ശ്രീകാന്ത് ഡൽഹിയിൽ നേരിട്ടെത്തിയാണ് പേഴ്സനൽ മന്ത്രാലയത്തിന് എഫ്.ഐ.ആറിന്റെ ഇംഗ്ലീഷ് വിവർത്തനവും കേസിന്റെ നാൾവഴികളും പൊലീസിന്റെ കണ്ടെത്തലുകളുമടങ്ങിയ രേഖകൾ കൈമാറിയത്.
സംസ്ഥാന സർക്കാർ അന്വേഷണം സി.ബി.ഐക്ക് കൈമാറിയെങ്കിലും രേഖകൾ നൽകാൻ വൈകിയത് വിവാദമായിരുന്നു. സിദ്ധാർഥന്റെ പിതാവ് ജയപ്രകാശ് സർക്കാറിനെതിരെ രംഗത്തെത്തിയതിനു പിന്നാലെയാണ് കഴിഞ്ഞദിവസം സി.ബി.ഐക്ക് നേരിട്ട് രേഖകൾ കൈമാറുന്നതിന് ഉദ്യോഗസ്ഥനെ അയക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. രേഖകൾ അയക്കാൻ വൈകിയതിന് ആഭ്യന്തര വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു.
സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സി.ബി.ഐക്ക് വിട്ട് മാർച്ച് ഒമ്പതിനാണ് സർക്കാർ വിജ്ഞാപനമിറക്കിയത്. ഇതുസംബന്ധിച്ച വിജ്ഞാപനത്തിന്റെ പകർപ്പ് കൊച്ചിയിലെ സി.ബി.ഐ മേഖല ഓഫിസിലേക്ക് അയച്ചത് മാർച്ച് 16നാണ്. കേസിന്റെ മറ്റു വിശദാംശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് നല്‍കിയിരുന്നില്ല. സി.ബി.ഐക്ക് കേസ് വിടുമ്പോൾ അനുബന്ധ രേഖകൾ കൊച്ചി ഓഫിസ് വഴി സി.ബി.ഐ ആസ്ഥാനത്തേക്ക് അയക്കാറുണ്ട്.
അനുബന്ധ രേഖകൾ ലഭിക്കാതായതോടെ, എഫ്.ഐ.ആറിന്റെ വിവർത്തനം ചെയ്ത പകർപ്പും മറ്റു രേഖകളുമാവശ്യപ്പെട്ട് കൊച്ചിയിലെ സി.ബി.ഐ ബ്രാഞ്ച് മേധാവി സംസ്ഥാന പൊലീസ് മേധാവിക്ക് മാർച്ച് 20ന് കത്ത് നൽകി. ഉദ്യോഗസ്ഥതലത്തിൽ വീഴ്ച കണ്ടെത്തിയതോടെ ആവശ്യമായ രേഖകൾ ഉടൻ നേരിട്ട് കൈമാറണമെന്ന് മുഖ്യമന്ത്രി സംസ്ഥാന പൊലീസ് മേധാവിയോട് നിർദേശിച്ചു. സി.ബി.ഐ ഡയറക്ടറാണ് അന്വേഷണ വിഷയത്തിൽ തീരുമാനമെടുക്കേണ്ടത്.