പെസഹാ അപ്പം
ആവശ്യമായ ചേരുവകൾ
പച്ചരി – 2 കപ്പ്
ഉഴുന്ന് – 1 കപ്പ്
വെള്ളം – 2½ കപ്പ്
തേങ്ങ ചിരകിയത് – 1 കപ്പ്
ജീരകം -¼ ടീസ്പൂൺ
വെളുത്തുള്ളി – 3 അല്ലി
ചെറിയ ഉള്ളി – 5 എണ്ണം
ഉപ്പ് – ½ ടീസ്പൂൺ
തയാറാക്കുന്ന വിധം
നാല് മണിക്കൂര്‍ നേരം കുതിർത്തു വച്ച പച്ചരിയും ഉഴുന്നും കഴുകി വൃത്തിയാക്കി വെള്ളം വാർത്തു വയ്ക്കുക. പിന്നീട് അരി അല്പം വെള്ളംചേർത്ത് നന്നായി അരച്ചെടുക്കുക. ശേഷം ഉഴുന്ന്, തേങ്ങ ചിരകിയത്, ജീരകം, വെളുത്തുള്ളി, ചെറിയ ഉള്ളി എന്നിവ അല്പം വെള്ളം ചേർത്ത് നന്നായി അരച്ചെടുത്ത് രണ്ടുംകൂടി നന്നായി ഇളക്കി യോജിപ്പിച്ച് അൽപം ഉപ്പും ചേർത്ത് ഒരു മണിക്കൂർ മൂടി വയ്ക്കുക. സ്റ്റീൽ പാത്രത്തില്‍ വെളിച്ചെണ്ണ പുരട്ടി അതിലേക്ക് മാവ് പകർന്ന് വട്ടയപ്പം ഉണ്ടാക്കുന്നതു പോലെ ആവിയിൽ വേവിച്ചെടുക്കുക. പെസഹാ അപ്പം തയാർ.
പെസഹാ പാൽ ചേരുവകൾ
ശർക്കര – 250 ഗ്രാം
വെള്ളം – ½ കപ്പ്
തേങ്ങാപ്പാല്‍ – 2½ കപ്പ് (രണ്ടാം പാല്‍) തേങ്ങാപ്പാല്‍ – 1½ കപ്പ് (ഒന്നാം പാല്‍)
വറുത്ത അരിപ്പൊടി – 4 ടേബിൾ സ്പൂൺ
ചുക്ക്പൊടി – ½ ടീസ്പൂൺ
ഏലയ്ക്കാപ്പൊടി – ½ ടീസ്പൂൺ
ഉപ്പ് – ¼ ടീസ്പൂൺ
തയാറാക്കുന്ന വിധം
ശർക്കര കുറച്ച് വെള്ളം ചേർത്ത് ഉരുക്കിയ ശേഷം അരിച്ചെടുക്കുക. അതിലേക്ക് തേങ്ങയുടെ രണ്ടാം പാല്‍ ചേർത്ത് നന്നായി ഇളക്കി വേവിക്കുക. ഇതിൽ നിന്നും കുറച്ചെടുത്ത് 4 ടേബിൾസ്പൂൺ അരിപ്പൊടിയിലേക്ക് ഒഴിച്ച് കട്ടയില്ലാതെ യോജിപ്പിച്ച് തിളച്ചുകൊണ്ടിരിക്കുന്ന മിശ്രിതത്തിലേക്കൊഴിച്ച് കുറുക്കിയെടുക്കുക. കുറുകി വരുമ്പോൾ അതിലേക്ക് ഒന്നാം പാല്‍ ചേർത്ത് ചുക്ക്പൊടിയും ഏലയ്ക്കപ്പൊടിയും അല്പം ഉപ്പും ചേർത്ത് തിളക്കുന്നതിനു മുൻപ് വാങ്ങിവയ്ക്കുക. പെസഹാ പാൽ തയാർ.
കലത്തപ്പം ചേരുവകൾ
പെസഹാ അപ്പത്തിന് തയാറാക്കിയ മാവ്
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
ഉപ്പ് – അൽപം
ചെറിയുള്ളി അരിഞ്ഞത് – 15 എണ്ണം
തേങ്ങാക്കൊത്ത് – 1 കപ്പ്
വെളിച്ചെണ്ണ – വറുക്കുന്നതിനും അപ്പം വേവിക്കുന്നതിനും ആവശ്യമായത്
തയാറാക്കുന്ന വിധം
ചെറിയുള്ളി അരിഞ്ഞതും തേങ്ങാക്കൊത്തും വെളിച്ചെണ്ണയിൽ മൂപ്പിച്ചു നേരത്തെ തയാറാക്കിയ മാവിലേക്ക് പകുതി ചേർത്ത് ഇളക്കിയോജിപ്പിക്കുക. ശേഷം മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് യോജിപ്പിക്കുക. മൺചട്ടി അടുപ്പത്ത് വച്ച് അതിലേക്ക് വെളിച്ചെണ്ണയൊഴിച്ച് ചൂടാകുമ്പോൾ മാവ് ഒഴിച്ചുകൊടുക്കുക. (വെളിച്ചെണ്ണ മാവിനു മുകളിൽ നിൽക്കണം). മാറ്റിവച്ച ഉള്ളിയും തേങ്ങാക്കൊത്തും മുകളിൽ വിതറുക. കനൽ നിറച്ച മറ്റൊരു മൺചട്ടി കൊണ്ട് മൂടി വച്ച് 15 മിനിറ്റ് വേവിക്കുക. കലത്തപ്പം തയാർ.