ഇന്ന് പെസഹാ വ്യാഴം. കുരിശുമരണത്തിന് മുന്‍പ് യേശു തന്റെ ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയതിന്റെയും അവര്‍ക്കൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്റെയും ഓര്‍മ പുതുക്കുന്ന ദിവസമാണ്. പെസഹാ ദിനത്തിന്റെ ഭാഗമായി ക്രൈസ്തവ ദേവാലയങ്ങളില്‍ ഇന്ന് കാല്‍കഴുകല്‍ ശുശ്രൂഷയും പ്രത്യേക പ്രാര്‍ഥനാ ചടങ്ങുകളും ഉണ്ടാകും.
സിറോ മലബാര്‍ സഭാ തലവനും മേജര്‍ ആര്‍ച്ചു ബിഷപ്പുമായ റാഫേല്‍ തട്ടില്‍ ഇരിങ്ങാലക്കുട താഴേക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പളളിയില്‍ രാവിലെ 6.30ന് കാല്‍കഴുകല്‍ ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. ലത്തീന്‍ സഭാ വരാപ്പുഴ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ വൈകിട്ട് 5 മണിക്ക് എറണാകുളം സെന്റ് ഫ്രാന്‍സീസ് അസീസി കത്തീഡ്രലില്‍ കാല്‍ കഴുകല്‍ ചടങ്ങ് നടത്തും.
ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളികളില്‍ ഉച്ചയ്ക്ക് ശേഷമാണ് പ്രത്യേക പ്രാര്‍ത്ഥനാ ചടങ്ങുകള്‍. തിരുവനന്തപുരം സെന്റ് മേരീസ് കത്തീഡ്രലില്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ നേതൃത്വം നല്‍കും. പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ ആര്‍ച്ച് ബിഷപ് തോമസ് ജെ.നെറ്റൊ മുഖ്യ കര്‍മികത്വം വഹിക്കും.