ഇംഫാൽ: ഈസ്റ്റര്‍ ദിനത്തിലെ ഔദ്യോഗിക അവധി പിൻവലിച്ച് മണിപ്പൂര്‍ സംസ്ഥാന സര്‍ക്കാര്‍. ഈസ്റ്റര്‍ ദിനം പ്രവര്‍ത്തി ദിനമായിരിക്കുമെന്ന് സര്‍ക്കാര്‍ പുറത്തുവിട്ട ഉത്തരവിൽ വ്യക്തമാക്കി. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിനമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മാര്‍ച്ച് 31 നാണ് ഈ വര്‍ഷത്തെ ഈസ്റ്റര്‍. മാര്‍ച്ച് 30 ശനിയാഴ്ചയും 31 ഞായറാഴ്ചയുമാണ്. ഈ രണ്ട് ദിവസങ്ങളും പ്രവര്‍ത്തി ദിവസമായിരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് ഈസ്റ്റര്‍ ദിനം. കുരിശിലേറ്റപ്പെട്ട യേശുക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ്മ പുതുക്കുന്ന ദിവസമാണിത്. അതിനാൽ തന്നെ സർക്കാർ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി മണിപ്പൂരിലെ കുക്കി സംഘടനകൾ രംഗത്ത് വന്നിട്ടുണ്ട്. എന്നാൽ ഉത്തരവ് പിൻവലിക്കാൻ സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
Read more : സി.എ.എ യോഗ്യതാ സർട്ടിഫിക്കറ്റ് മതപുരോഹിതനും നൽകാൻ സാധിക്കും : കേന്ദ്ര സർക്കാർ ഹെൽപ് ലൈൻ