തൊഴില്‍ ദാതാക്കളെയും പ്രൊഫഷണലുകളേയും ഉദ്യോഗാര്‍ഥികളേയും പരസ്പരം ബന്ധിപ്പിക്കുന്ന സോഷ്യല്‍ മീഡിയാ നെറ്റ് വര്‍ക്കായ ലിങ്ക്ഡ് ഇനില്‍ ടിക് ടോക്കിന് സമാനമായ ഷോര്‍ട്ട് വീഡിയോ ഫീഡ് പരീക്ഷിക്കുന്നു. ഇക്കാര്യം കമ്പനി സ്ഥിരീകരിച്ചതായി ടെക്ക് ക്രഞ്ച് റിപ്പോര്‍ട്ട് ചെയ്തു. ടിക് ടോക്ക് വീഡിയോകളുടെ വിജയത്തിന് പിന്നാലെ ആ മാതൃക പിന്തുടര്‍ന്ന ഇന്‍സ്റ്റാഗ്രാം, യൂട്യൂബ്, സ്‌നാപ്ചാറ്റ്, നെറ്റ്ഫ്‌ളിക്‌സ് ഉള്‍പ്പടെയുള്ള മുന്‍നിര പ്ലാറ്റ്‌ഫോമുകളുടെ പട്ടികയിലേക്കാണ് ലിങ്ക്ഡ്നും കടന്നു വരുന്നത്.
മക്കിന്നേ എന്ന ഇന്‍ഫ്‌ളുവന്‍സര്‍ ഏജന്‍സിയിലെ സ്ട്രാറ്റജി ഡയറക്ടറായ ഓസ്റ്റിന്‍ നള്‍ ആണ് ഈ ഫീച്ചര്‍ ആദ്യം കണ്ടെത്തി വിവരം പുറത്തുവിട്ടത്. ഈ ഫീച്ചറില്‍ ഒരു വീഡിയോയും നള്‍ പങ്കുവെച്ചു. ലിങ്ക്ഡ്ഇനിന്റെ നാവിഗേഷന്‍ ബാറിലാണ് പുതിയ വീഡിയോ ടാബ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ടാപ്പ് ചെയ്താല്‍ നേരെ ടിക് ടോക്കിന് സമാനമായ ഒരു വെര്‍ട്ടിക്കല്‍ വീഡിയോ പ്ലാറ്റ്‌ഫോമിലേക്ക് പോവും. വീഡിയോകള്‍ സൈ്വപ്പ് ചെയ്ത് കാണാനും ലൈക്ക് ചെയ്യാനും കമന്റ് ചെയ്യാനും മറ്റുള്ളവരുമായി പങ്കുവെക്കാനും കഴിയും.
ഇന്‍സ്റ്റാഗ്രാം ഉള്‍പ്പടെ മറ്റ് സോഷ്യല്‍ മീഡിയാ സേവനങ്ങളിലെ ഷോര്‍ട്ട് വീഡിയോ പ്ലാറ്റ്‌ഫോമില്‍ പ്രധാനമായും തമാശ, പാചകം ഉള്‍പ്പടെയുള്ള വിനോദാധിഷ്ടിത ഉള്ളടക്കങ്ങളാണുള്ളത്. എന്നാല്‍ ഒരു പ്രൊഫഷണല്‍ നെറ്റ് വര്‍ക്കായ ലിങ്ക്ഡ്നില്‍ ഏത് തരം ഷോര്‍ട്ട് വീഡിയോകളാണ് ലക്ഷ്യമിടുന്നത് എന്ന് വ്യക്തമല്ല.
ലിങ്ക്ഡ്നില്‍ നേരത്തെ തന്നെ വീഡിയോ പോസ്റ്റ് ചെയ്യാനുള്ള സൗകര്യമുണ്ട്. ഇതിന് പുറമെയാണ് പുതിയ ഷോര്‍ട്ട് വീഡിയോ ഫീച്ചറും അവതരിപ്പിക്കുന്നത്. വീഡിയോ ഉള്ളടക്കങ്ങള്‍ കൂടുതല്‍ പേരിലേക്ക് എത്താന്‍ ഈ സംവിധാനം സഹായിച്ചേക്കും. തൊഴില്‍ ദാതാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ പങ്കുവെക്കാനും, സ്ഥാപനങ്ങള്‍ക്കും പ്രൊഫഷണലുകള്‍ക്കും തങ്ങളുടെ നേട്ടങ്ങളും മറ്റ് വിശേഷങ്ങളും ഇതില്‍ പങ്കുവെക്കാനായേക്കും.
മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള സേവനമാണ് ലിങ്ക്ഡ്ഇന്‍. പ്രൊഫഷണലുകളില്‍ നിന്നും വിദഗ്ദ്ധരില്‍ നിന്നും കാര്യങ്ങള്‍ പഠിക്കുന്നതിന് ഉപഭോക്താക്കള്‍ ആഗ്രഹിക്കുന്ന ഫോര്‍മാറ്റുകളില്‍ ഒന്നാണ് വീഡിയോകള്‍ എന്ന് ലിങ്ക്ഡ്ഇന്‍ പറയുന്നു. ഇക്കാരണത്താലാണ് ഉപഭോക്താക്കള്‍ക്ക് ആവശ്യമായ വീഡിയോകള്‍ കണ്ടെത്താനുള്ള ഒരു പുതിയ മാര്‍ഗം പരീക്ഷിക്കുന്നതെന്നും കമ്പനി പറയുന്നു. നിലവില്‍ പരീക്ഷണ ഘട്ടത്തിലിരിക്കുന്ന ഈ ഫീച്ചര്‍ പരിമിതമായ എണ്ണം ഉപഭോക്താക്കള്‍ക്ക് മാത്രമേ ഇപ്പോള്‍ ഉപയോഗിക്കാനാവൂ.