ഈസ്റ്റർ ദിനത്തിൽ എല്ലാ സർക്കാർ സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കണം, ഈസ്റ്റർ അവധി പിൻവലിച്ച് മണിപ്പൂർ സർക്കാർ, വ്യാപക പ്രതിഷേധം

ഇംഫാൽ: ഈസ്റ്റർ ദിവസമായ മാർച്ച് 31 ഞായറാഴ്ച എല്ലാ സർക്കാർ സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കണമെന്ന് മണിപ്പൂർ സർക്കാർ. സാമ്പത്തിക വർഷത്തിന്‍റെ അവസാന ദിവസങ്ങളിലെ ഓഫിസുകളുടെ സുഗമമായ നടത്തിപ്പിനായാണ് മാർച്ച് 30 (ശനി), 31 (ഞായർ) എന്നിവ പ്രവൃത്തിദിവസമായി പ്രഖ്യാപിക്കുന്നതെന്ന് സർക്കാർ പ്രസ്താവനയിൽ പറയുന്നു.

“സാമ്പത്തിക വർഷത്തിന്‍റെ അവസാന ദിവസങ്ങളിലെ ഓഫിസുകളുടെ സുഗമമായ നടത്തിപ്പിനായി മണിപ്പൂർ സംസ്ഥാന സർക്കാറിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ, സ്വയംഭരണ ബോഡുകൾ, സൊസൈറ്റികൾ എന്നിവയുൾപ്പെടെ എല്ലാ സർക്കാർ ഓഫിസുകൾക്കും മാർച്ച് 30, 31 എന്നിവ പ്രവൃത്തി ദിവസങ്ങളായി പ്രഖ്യാപിക്കുന്നു”- പ്രസ്താവനയിൽ പറയുന്നു. ഗവർണറുടെ പേരിലാണ് ഔദ്യോഗിക ഉത്തരവ് പുറത്തുവന്നത്. ഉത്തരവിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.