യൂദാസിന്റെ ദിനം ഇന്നാണ്: പച്ച ശരീരത്തില്‍ ആണിയടിച്ച് കഴുവേറ്റാന്‍ സാധു മനുഷ്യനെ ഒറ്റിയവന്റെ ദിനം: അന്ത്യത്താഴവും ഒറ്റു ചുംബനവും

''ഒരിക്കല്‍ നീയെന്നോടു ചോദിക്കും, എന്താണ് കൂടുതല്‍ വിലപ്പെട്ടത്, എന്റെ ജീവനാണോ നിന്റെ ജീവനാണോ എന്ന്. ഞാന്‍ പറയും എന്റെതാണെന്ന്. അപ്പോള്‍ നീ നടന്നുപോകും, നീയാണ് എന്റെ ജീവനെന്നു തിരിച്ചറിയാതെ.'

ഇന്ന് ഒരുമിച്ചിരുന്ന് അത്താഴം. നാളെ കൂടെയിരുന്നു കഴിച്ചവരില്‍ ഒരാള്‍ തള്ളിപ്പറയുന്നു. പിന്നെ കൊടിയ പീഢനം, കുരിശേറ്റം, മരണം. കോഴി കൂവും മുന്‍പ് മൂന്നുതവണ തള്ളിപ്പറഞ്ഞവനും മറ്റു ശിഷ്യന്‍മാരുമൊത്തുള്ള യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ഓര്‍മ്മകളാണ് ഇന്ന് പെസഹ വ്യാഴത്തില്‍ പങ്കുവെയ്ക്കുന്നത്‌. ലോകം ഇന്നുവരെ കണ്ടിട്ടില്ലാത്ത പീഡനം ഏറ്റുവാങ്ങിയ ഒരു സാധുമനുഷ്യന്‍. വെറുക്കുന്നവരെയും സ്‌നേഹിക്കാന്‍ പഠിപ്പിക്കുന്ന ലോകത്തിന്റെ പാഠപുസ്തകം.

സ്‌നേഹം കൊണ്ടാല്ലാതെ ഈ ലോകത്തു നിന്നും ഒന്നും നേടാനാകില്ലെന്നു മനസ്സിലാക്കിത്തന്ന ദൈവപുത്രന്‍. അുകൊണ്ടാണ് ക്രിസ്ത്യാനിറ്റി ലോകമാകെ പടര്‍ന്നു കയറിയതും സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും വഴികള്‍ തെളിക്കുന്നതും. ജറുസലേമിലെ പഴയ മതിലിനടുത്തുള്ള കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലുള്ള മുറിയിലായിരുന്നു ക്രിസ്തുവിന്റെ അന്ത്യ അത്താഴം നടന്നത്. ക്രിസ്തു പിന്നീട് അത്താഴമോ പ്രാതലോ കഴിച്ചിട്ടില്ല. ഒരു പക്ഷേ, യൂദാസും.

അന്നു രാത്രിയില്‍ തന്നെ, കൊലയാളികളും ഗൂഢാലോചനക്കാരും യൂദാസിന്റെ പിന്നാലെ ക്രിസ്തുവിനെ തേടി ഗദ്‌സമേന്‍ തോട്ടത്തിലേക്കു പുറപ്പെട്ടിരുന്നു. സ്‌നേഹത്തിന്റെയും സഹനത്തിന്റെയും വിലയറിയാതെ പോകുന്ന മനുഷ്യര്‍ ദൈവത്തിന്റെയും മനുഷ്യരുടെയും വേദനയാണ്. ഒടുവിലത്തെ അത്താഴമേശയാണ് ആദ്യത്തെ ബലിപീഠമെന്ന് നിസ്സംശയം പറയാം. നിശ്ചയിച്ചുറപ്പിച്ച പ്രകാരം ഒറ്റുകാരന്‍ ക്രിസ്തുവിനെ ചുംബിക്കുകയും അതിന്റെ പൊള്ളലാറും മുമ്പ് അവര്‍ അവനെ പിടികൂടുകയും ചെയ്തു.

ഒറ്റുകാശും വാങ്ങി യൂദാസ് ഗദ്‌സമേന്‍ തോട്ടത്തിലെ ഒലീവുമരങ്ങളുടെ വേരുകളിലേക്കു മുഖം പൂഴ്ത്തി ഒളിക്കം നേരം ക്രിസ്തുവിനെ അവര്‍ പീഡിപ്പിക്കാനായി മലയിറക്കി കൊണ്ടുപോയി. 30 വെള്ളിക്കാശിനൊപ്പം അടയിരുന്ന മരണത്തിന്റെ കുരുക്കുമായി യൂദാസും മലയിറങ്ങി. മോശമായ ഭരകൂടത്തിന്, നല്ലവനായ ഒരാളെ വിറ്റകാശുകൊണ്ട് യൂദാസ് ഈ ഭൂമിയില്‍ ഇന്നും ഗതികിട്ടാതെ അലയുന്നുണ്ട്. വര്‍ഷം രണ്ടായിരം കഴിഞ്ഞു.

സ്‌നേഹം വിളമ്പുന്ന ആ പഴയ മുറിയിലേക്ക്, ആ ഒറ്റോര്‍മ്മയിലേക്ക് തിരിച്ചുപോകുന്ന പെസഹയാണിന്ന്. അസഹിഷ്ണുതയുടെയും പലായനത്തിന്റെയും വെറുപ്പിന്റെയും യുദ്ധത്തിന്റെയും തെരുവുകളില്‍ നിന്നോടിവന്ന് സ്‌നേഹവും വിനയവും വിളമ്പുന്ന അത്താഴമേശയ്ക്കു ചുറ്റുമിരിക്കാന്‍ നിര്‍ബന്ധിച്ചു വിളിക്കുന്നത് ക്രിസ്തുവാണ്.സമാനതകളില്ലാത്ത രണ്ടു ചുംബനങ്ങളാണ് ആ പെസഹ രാത്രിയെ ചരിത്രത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്.

ഒന്നു സ്‌നേഹം കൊണ്ടുള്ള ക്രിസ്തുവിന്റെ ചുംബനവും, മറ്റേത് ഒറ്റുകാരുടെ ചിഹ്നമായ യൂദാസിന്റെ ചുംബനവും. ഒന്ന് ക്രിസ്തുവിന്റെ കവിളിലും, മറ്റൊന്ന് യൂദാസിന്റെ കാലിലുമുണ്ട്. പെസഹയുടെ അത്താഴവിരുന്നില്‍ പങ്കെടുക്കുക എന്നതിന് അര്‍ഥം ബലിയര്‍പ്പിക്കുക എന്നുകൂടിയാണ്. ഭവനങ്ങളിലേക്കു മടങ്ങേണ്ട ദിവസമാണിന്ന്. പരസ്പരം പങ്കുവയ്ക്കാനും പാദങ്ങള്‍ കഴുകാനും ചുംബിക്കാനും കഴിഞ്ഞാല്‍ തീരാത്തൊരു യുദ്ധവും ഭൂമിയിലില്ല.

ആരെയാണ് ക്ഷണിക്കാനുള്ളത് ആരുടെ പാദങ്ങളാണ് കഴുകാനുള്ളത് ഏതൊരു ചുംബനമാണ് കടമായി കിടക്കുന്നത്. ഇങ്ങനെ ലോകത്തെ സ്വന്തം ജീവനും ജീവിതവും മുന്നില്‍ വെച്ച് മനുഷ്യരുടെ സ്‌നേഹത്തിനും സാധാനത്തിനും വേണ്ടി ബലിയര്‍പ്പിച്ച 33 കാരന്‍. മറക്കാനാവില്ല. പെറുക്കാനാവാത്ത പീഡനങ്ങള്‍ക്കു വഴിവെച്ച ദിനങ്ങളെയോര്‍ത്ത് ഇന്നും മനുഷ്യരുടെ കണ്ണുകള്‍ ഈറനണിയുന്നുണ്ടെങ്കില്‍ യൂദാസ് തോറ്റിരിക്കുന്നു എന്നുതന്നെ പറയേണ്ടിവരും.

ഉറപ്പായിരുന്ന കുരിശുമരണത്തിന്റെ തലേന്നാണ് ക്രിസ്തു ശിഷ്യന്മാരെ അത്താഴത്തിനു വിളിച്ചത്. യഹൂദരുടെ ആചാരമനുസരിച്ച് ഒരു വീട്ടിലേക്കു കയറുംമുമ്പ് ആഗതര്‍ പാദങ്ങള്‍ കഴുകും. ആതിഥേയന്‍ അതിനുള്ള വെള്ളം സജ്ജമാക്കിയിട്ടുണ്ടാകും. സമൂഹത്തിലെ ഉന്നതരെന്നു ഗണിക്കുന്നവരാണെങ്കില്‍ കാലുകള്‍ കഴുകിക്കൊടുക്കും. അതിനായി നിയോഗിച്ചിരുന്നത് അടിമകളെയോ വേലക്കാരെയോ ആയിരുന്നു. പക്ഷെ, തന്റെ ക്ഷണപ്രകാരം അത്താഴത്തിനെത്തിയ ശിഷ്യന്മാരുടെ കാലുകള്‍ ക്രിസ്തുതന്നെ കഴുകി.

വിനയത്തിന്റെ സകല അടയാളങ്ങളും ചേര്‍ത്തുവച്ചാണ് അതു ചെയ്തത്. നിലത്തിറങ്ങി ശിഷ്യരുടെ കാലുകള്‍ കഴുകിയശേഷം അരയില്‍ കെട്ടിയ കച്ചകൊണ്ട് അതു തുടയ്ക്കുകയും പാദങ്ങളില്‍ ചുംബിക്കുകയും ചെയ്തു. അതിലൊന്നു യൂദാസിന്റേതായിരുന്നു. പിന്നീട് തന്റെ ശരീരവും രക്തവുമാണെന്നു പറഞ്ഞുകൊണ്ട് അവന്‍ അപ്പവും വീഞ്ഞും വാഴ്ത്തി ശിഷ്യര്‍ക്കു കൊടുത്തു.

ആദ്യത്തെ കുര്‍ബാന. ഇത്രയുമൊക്കെ ചെയ്തിട്ടും ക്രിസ്തുവിന്റെ സ്‌നേഹം തിരിച്ചറിയാതെ, അവന്റെ ചുംബനത്താല്‍ മുദ്രവയ്ക്കപ്പെട്ട പാദങ്ങളാല്‍ യൂദാസ് ശത്രുക്കളുടെ താവളത്തിലേക്കു നടക്കുകയായിരുന്നു. ”ഒരിക്കല്‍ നീയെന്നോടു ചോദിക്കും, എന്താണ് കൂടുതല്‍ വിലപ്പെട്ടത്, എന്റെ ജീവനാണോ നിന്റെ ജീവനാണോ എന്ന്. ഞാന്‍ പറയും എന്റെതാണെന്ന്. അപ്പോള്‍ നീ നടന്നുപോകും, നീയാണ് എന്റെ ജീവനെന്നു തിരിച്ചറിയാതെ.’