മുംബൈ: ബി.എം.സി ആശുപത്രികളിലെ സീറോ പ്രിസ്ക്രിപ്ഷൻ പോളിസി വൈകാൻ സാധ്യത. ലോക്സഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാലാണ് സീറോ പ്രിസ്ക്രിപ്ഷൻ നയം വൈകുന്നത്. ആശുപത്രികളിൽ ഏപ്രിൽ ഒന്ന് മുതൽ സീറോ പ്രിസ്ക്രിപ്ഷൻ നയം നടപ്പാക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.
കോടിക്കണക്കിന് രൂപയുടെ മരുന്നുകൾ വാങ്ങുന്നതിനുള്ള ടെൻഡറുകൾ സ്വീകരിച്ചുകഴിഞ്ഞ സാഹചര്യത്തിലാണ് സീറോ പ്രിസ്ക്രിപ്ഷൻ നയം വൈകുന്നത്. തുടർന്ന് നയം നടപ്പാക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതാനൊരുങ്ങുകയാണ് ബി.എം.സി. സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്ന രോഗികൾക്ക് പുറത്തേക്ക് മരുന്നുകൾ കുറിച്ചുനൽകാതെ ആശുപത്രിയിൽ തന്നെ എല്ലാം ലഭ്യമാക്കുന്നതാണ് സീറോ പ്രിസ്ക്രിപ്ഷൻ പോളിസി. 2022 ഡിസംബറിൽ നയം അംഗീകരിച്ചതായും ഇതിനായി ബി.എം.സിയുടെ ബജറ്റിൽ 500 കോടി രൂപ അംഗീകരിച്ചതായും ആരോഗ്യ വിദഗ്ധർ പറഞ്ഞു.
ആശുപത്രികൾ ഇപ്പോൾത്തന്നെ 10 മുതൽ 12 ശതമാനം വരെ മരുന്നുകളുടെ ദൗർലഭ്യം അനുഭവിക്കുന്നുണ്ടെന്ന് അഡ്മിനിസ്ട്രേറ്റർ ഓഫിസർ വ്യക്തമാക്കി. സീറോ പ്രിസ്ക്രിപ്ഷൻ നയം നടപ്പിലാക്കുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയായി. നയം നടപ്പിലാക്കിയാൽ അത് നിരാലംബരായ രോഗികൾക്ക് വളരെ സഹായകരമായിരിക്കും. എന്നാൽ മരുന്നുകൾ വാങ്ങുന്നതിന് തെരഞ്ഞെടുപ്പ് കമീഷന്റെ അനുമതി ലഭിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
Read more : ഡൽഹിയിൽ രാഷ്‌ട്രപതി ഭരണത്തിന് കളമൊരുങ്ങുന്നു
ജനുവരിയിൽ മരുന്ന് സംഭരണത്തിനായി 2300 കോടി രൂപയുടെ ടെൻഡർ വിളിച്ചിരുന്നു. 20 കോടി രൂപയുടെ രൂപയുടെ മരുന്നുകൾ വാങ്ങുന്നതിനുള്ള നടപടികളും ആരംഭിച്ചു. മരുന്നുകൾ മാത്രമല്ല ശസ്ത്രക്രിയയ്ക്ക് ആവശ്യമായ സാമഗ്രികളും ഇതിൽ ഉൾപ്പെടുന്നു. മരുന്നിന്റെ ക്ഷാമം മറികടക്കാനായി അധികൃതർ ഒരു ദിവസം 40,000 രൂപയുടെ പരിധി നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ ഈ തുക രോഗികൾ കൂടുതലുള്ള ആശുപത്രികളിൽ തികയില്ലെന്നും ഡോക്ടർമാർ പറയുന്നു.