സെക്രട്ടേറിയറ്റ് ഇരിക്കുന്നതു കൊണ്ടുമാത്രം തലസ്ഥാനമെന്ന ഖ്യാതിയുള്ള തിരുവനന്തപുരം മണ്ഡലത്തിലെ ലോക്‌സഭാ സ്ഥാനാര്‍ത്ഥികള്‍ പ്രചാരണത്തില്‍ ഇതുവരെ ‘ഗ്രൗണ്ട് സീറോ’ തൊട്ടിട്ടില്ല. താഴെത്തട്ടിലുള്ള സാധാരണ ജനത്തിന്റെ നിത്യ ജീവിതത്തിനെ ബാധിക്കുന്ന വിഷയങ്ങളില്‍ അഭിപ്രായം പറയാനോ, തീരുമാനങ്ങള്‍ എടുക്കാനോ, വാഗ്ദാനങ്ങള്‍ നല്‍കാനോ തയ്യാറാകുന്നില്ല എന്നതാണ് പ്രശ്‌നം.
ഇത് എല്ലാ മേഖലയിലും പ്രകടമാകുന്നുണ്ട്. അതായത്, ഇപ്പോഴുള്ള വികസനത്തില്‍ നിന്നും മുന്നോട്ടു എന്താണ് വേണ്ടതെന്നുള്ളതിനാണ് കൂടുതലായും സ്ഥാനാര്‍ത്ഥികളും മുന്നണികളും പ്രാധാന്യം നല്‍കുന്നത്. എന്നാല്‍, ഇപ്പോള്‍ ആനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ അഡ്രസ്സ് ചെയ്യുമ്പോള്‍ മാത്രമേ ഗ്രൗണ്ട് സീറോയില്‍ തൊടൂ എന്നാണ് ജനങ്ങളുടെ അഭിപ്രായം.
പെട്രോള്‍ വില കുറയ്ക്കുമോ ?. ഗ്യാസ് വില കുറയ്ക്കുമോ ?. സാധാരണക്കാരുടെ റേഷന്‍ വിതരണം കൃത്യമായി നടത്തുമോ ?. തൊഴിലുറപ്പ് പദ്ധതി വഴി കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കുമോ ?. ക്ഷേമ പെന്‍ഷന്‍ കൃത്യമായി നല്‍കുമോ ?. വിലക്കയറ്റം തടയുകയല്ല വേണ്ടത്, അവശ്യ സാധനങ്ങള്‍ വിലകുറച്ചു നല്‍കണം. അതിനു കഴിയുമോ ?. കര്‍ഷകര്‍ക്ക് കൂടുതല്‍ സബ്‌സിഡികള്‍ അനുവദിക്കുമോ ?.
ജാതി-മത-വര്‍ഗ-വര്‍ണ്ണ വ്യത്യാസത്തില്‍ മനുഷ്യരെ വേര്‍തിരിക്കുന്ന നിയമങ്ങളോ നയങ്ങളോ നടപ്പാക്കാതിരിക്കുമോ ?. വൈദ്യുതി-കുടിവെള്ളം എന്നിവ നല്‍കുമോ ?. സര്‍ക്കാര്‍ ആശുപത്രികളില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ അടക്കം ലഭ്യമാക്കുമോ ?. ജോലി സാധ്യതകള്‍ തുറന്നിടുന്ന പദ്ധതികള്‍ കൊണ്ടു വരുമോ ?. ഇങ്ങനെ പോവുകയാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് ഉത്തരമില്ലാത്ത ചോദ്യങ്ങള്‍.
വിശ്വപൗരനായ ശശിതരൂരും, കേന്ദ്ര സഹമന്ത്രിയായ രാജീവ് ചന്ദ്രശേഖറും, മുന്‍ എം.പി പന്ന്യന്‍ രവീന്ദ്രനുമാണ് പ്രധാന മുന്നണികളിലെ സ്ഥാനാര്‍ത്ഥികള്‍. തലസ്ഥാനത്തിന്റെ വികസനത്തെ കുറിച്ച് ഓരോ തെരഞ്ഞെടുപ്പിലും ഘോരഘോരം പ്രസംഗിക്കുകയും വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്യുന്നതല്ലാതെ എന്തുമാറ്റമാണ് കൊണ്ടുവന്നത് എന്നുപറയാനുണ്ടോ. സാധാരണക്കാരന്റെ ജീവിതത്തില്‍ തൊടുന്ന വിഷയങ്ങള്‍ എത്രയോ ഉണ്ട്. എന്നിട്ടും, വലിയ സ്വപ്‌നങ്ങള്‍ക്കു പിറകേ പോകാനാണ് സ്ഥാനാര്‍ത്ഥികള്‍ ജനങ്ങളോടു പറയുന്നത്.
‘പള്ളിയല്ല വേണ്ടതിവിടെ പള്ളിക്കൂടമായിരം, പുത്തനമ്പലങ്ങള്‍ വേണ്ട പണിയിടങ്ങള്‍ പണിയണം’ എന്ന മുദ്രാവാക്യത്തിന്റെ ഉള്ളടക്കത്തിലേക്ക് പോയാല്‍, മതം ഭക്ഷിച്ചു ജീവിക്കുന്നവരെ ഇവിടെ വേണ്ട എന്നര്‍ത്ഥം. എന്നാല്‍, വെറും വാക്കുപറയുന്ന രാഷ്ട്രീയക്കാരെ ഒട്ടുമേ വേണ്ടെന്നും തലസ്ഥാന വാസികള്‍ പറയുന്നു. മലയോര മേഖലയിലും തീരദേശത്തുമുള്ള സാധാരണ കച്ചവടക്കാരുടെ ഒരുപോലെയുള്ള പ്രതികരണമാണിത്.
പൊഴിയൂരിലെ തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെ വാക്കുകള്‍ ഇങ്ങനെയാണ്:
മത്സ്യ ബന്ധനം പഴയതു പോലെയല്ല, മീനൊന്നും കിട്ടാനില്ല. ഉള്‍ക്കടലില്‍ പോകണം. പക്ഷെ, അതിനുള്ള മണ്ണെണ്ണയും വിഭവങ്ങളും കൂടുതല്‍ ആവശ്യമുണ്ട്. കട്ടമരപ്പണിക്കു പോയാല്‍ ജീവന്‍ പോകും. ജീവിക്കാന്‍ മറ്റുമാര്‍ഗമില്ല. സര്‍ക്കാര്‍ സഹായം എവിടുന്ന് എങ്ങെ കിട്ടുമെന്നൊന്നും അറിയില്ല. ആരും പറഞ്ഞു തരുന്നുമില്ല. കടലില്‍ പോകുന്ന ഞങ്ങളെ നോക്കിയില്ലെങ്കിലും ഞങ്ങളുടെ വീടുകളിലെ പെണ്ണുങ്ങളെയും മക്കളെയും നോക്കാനെങ്കിലും സര്‍ക്കാര്‍ സഹായിക്കണം.
വോട്ടു ചോദിച്ച് വന്നവരോടെല്ലാം എപ്പോഴും പറയുന്നത് ഇതൊക്കെയാണ്. എന്നാല്‍, എല്ലാം തലയാട്ടി കേട്ടിട്ടു പോകുന്നതല്ലാതെ ഒന്നും നടപ്പാക്കുന്നില്ല. കടല്‍ കേറി നശിച്ച വീടുകള്‍ മെയിന്റനന്‍സ് ചെയ്യാനോ, പുലിമുട്ടുകള്‍ നിര്‍മ്മിച്ച് തീരം സംരക്ഷിക്കാനോ ഒന്നിനും അഴര്‍ക്കു സമയമില്ല. ഓഖി കാലത്തും, കടല്‍ക്ഷോഭ സമയത്തും മത്സ്യത്തൊഴിലാളികള്‍ അനുഭവിച്ച വേദനയും ദുരിതവും ഇഴന്‍മാര്‍ക്കറിയില്ല. കണ്ണീരുണങ്ങിയ ഉപ്പാണ് കടല്‍ മണലിനുള്ളത്. അത് മനസ്സിലാക്കിയാല്‍ നല്ലത്. അങ്ങനെയുള്ളവര്‍ക്കേ വോട്ടുള്ളൂ. അല്ലെങ്കില്‍ വോട്ടിന്റെ അന്ന് പണിക്ക് കടലില്‍ പോകും.
മലയോര മേഖലയായ പൊന്‍മുടി-കല്ലാര്‍ ഭാഗത്തുള്ള ജനങ്ങള്‍ പറയുന്നത്:
തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം കാണുന്ന ആള്‍ക്കാരാണിവര്‍. പിന്നീടുള്ള അഞ്ചു വര്‍ഷവും വീട്ടുമുറ്റത്തു വരില്ല. വോട്ട്, രാഷ്ട്രീയം നോക്കാതെ കൊടുക്കണം. എന്നാല്‍, ജയിച്ചു കഴിഞ്ഞാല്‍ പൂര്‍ണ്ണമായും രാഷ്ട്രീയം നോക്കിയാകും സഹായവും സഹകരണവും. ഇതാണ് ഓരോരുത്തരുടെയും മനസ്സിലിരുപ്പ്. അഞ്ചു വര്‍ഷത്തില്‍ ഒരേയൊരു തവണയാണ് പാവപ്പെട്ടവരുടെ കുടിലുകളില്‍ വരുന്നത്.
കോളനികള്‍, ആദിവാസി ഊരുകള്‍, പൊട്ടി പൊളിഞ്ഞ വീടുകള്‍, പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനാകാത്ത പ്രദേശങ്ങള്‍, കക്കൂസോ, കുളിമുറിയോ, നല്ല വീടോ ഇല്ലാത്ത മലയോര മേഖലയിലെ പാവപ്പെട്ടവരെ കണ്ടിട്ടുണ്ടോ ഇവര്‍. അവര്‍ അനുഭവിക്കുന്ന വേദനകള്‍ മനസ്സിലാക്കിയിട്ടുണ്ടോ. പട്ടിക ജാതി കോളനികളിലെ നരക യാതനകള്‍
മനസ്സിലാക്കിയിട്ടുണ്ടോ.
ഈ കോളനികളിലെ ചെറുപ്പക്കാര്‍ ജോലിയില്ലാതെ തിരസ്‌ക്കരിക്കപ്പെട്ടതെങ്ങനെയാണ്. മയക്കുമരുന്നും, സാമൂഹ്യ വിരുദ്ധരുമായി മാറുന്ന യുവ തലമുറകള്‍ കോളനികളുടെ സാമ്പാദ്യമാകുന്നത്, ഭരണകര്‍ത്താക്കളുടെ ചിറ്റമ്മ നയം കൊണ്ടു മാത്രമാണ്.
ഇതൊക്കെ മാറ്റിയെടുക്കാനും കോളനികള്‍ ആധുനിക വത്ക്കരിക്കാനും ഇതുവരെ വോട്ടു ചോദിച്ചു വന്നര്‍ക്കൊന്നും കഴിഞ്ഞിട്ടില്ല. ഇനി വരുന്നവര്‍ക്കും കഴിയില്ല. അതുകൊണ്ട് വോട്ട് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിച്ചിട്ടില്ലെന്നാണ് ഇവിടുള്ളവര്‍ പറയുന്നത്.
കച്ചവടക്കാരുടെ പ്രതിനിധികള്‍ പറയുന്നത്:
എല്ലാത്തിനും തീ പിടിച്ച വിലയാണ്. വാങ്ങുന്നതിനേക്കാള്‍ കഷ്ടം ഇപ്പോള്‍ വില്‍ക്കുന്നതിനാണ്. കാരണം, കസ്റ്റമറില്‍ നിന്നും നല്ല വാക്കൊന്നും കേള്‍ക്കാനില്ല. ഹോള്‍സെയില്‍ റീട്ടെയില്‍ എന്നില്ല. എല്ലായിടത്തും വില തന്നെയാണ്. പച്ചക്കറി മുല്‍ പാല്‍ മുട്ട, പലവ്യജ്ഞനം, എണ്ണ തുടങ്ങി എല്ലാം തമിഴ്‌നാട്ടില്‍ നിന്നും വരണം. ഇഥിന് കടത്തു കൂടിയും, ചെക്ക്‌പോസ്റ്റ് കൈക്കൂലിയും, നികുതിയുമെല്ലാം ചേര്‍ത്ത് വലിയൊരു എമൗണ്ട് ആകുന്നുണ്ട്.
അങ്ങനെ എത്തിക്കുന്ന സാധനങ്ങള്‍ കച്ചവടക്കാരുടെ ലാഭവും ചേര്‍ത്ത് വില്‍ക്കുമ്പോള്‍ വലിയ വിലയാകുന്നുണ്ട്. ഇങ്ങനെ വില്‍ക്കാതെ തരമില്ലെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. പെട്രോള്‍ ഡീസല്‍ വില കുറഞ്ഞാല്‍ സാധനങ്ങളുടെ വിലയില്‍ മാറ്റം വരുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. ഇതിന് സര്‍ക്കാര്‍ തന്നെ ഇടപെടണം. വോട്ട് ചെയ്ത് ജയിപ്പിക്കുന്ന ഓരോ സ്ഥാനാര്‍ത്ഥികളും ചേര്‍ന്നുണ്ടാകുന്നതാണല്ലോ സര്‍ക്കാരെന്ന സംവിധാനം.
അതതു മണ്ഡലങ്ങളിലെ വിഷയങ്ങള്‍ക്ക് എങ്ങനെ മാറ്റം കൊണ്ടു വരണമെന്ന് അംഗങ്ങള്‍ പറയണം. അതിനാണ് വിജയിപ്പിച്ചു വിടുന്നതെന്നും കച്ചവടക്കാര്‍ പറയുന്നു. ഇവരെല്ലാം പറഞ്ഞ മറ്റൊരു പ്രധാന കാര്യമുണ്ട്. ആരുടെയും പേരുകളോ, സ്ഥലമോ, ഫോട്ടോയോ വെയ്ക്കരുതെന്ന്. കാരണം, തെരഞ്ഞെടുപ്പു കഴിഞ്ഞാലും ഇവിടെ ജീവിക്കേണ്ടതാണ്. അമിത രാഷ്ട്രീയാധികാര പ്രയോഗങ്ങള്‍ നടക്കുന്ന കാലമാണ്.
അതുകൊണ്ട് അഭിപ്രായ സ്വാതന്ത്ര്യമെന്ന മൂടുപടം മാത്രമേയുള്ളൂ. അത് പ്രകടമാക്കിയാല്‍ നശിപ്പിച്ചു കളയുന്ന പ്രാദേശിക രാഷ്ട്രീയക്കാരെ ഭയാണണെന്നാണ് ഇവര്‍ പറഞ്ഞത്. അതുകൊണ്ടാണ് ആരുടെയും പേരുകള്‍ വെയ്ക്കാത്തത്. പക്ഷെ, ഇവര്‍ പറഞ്ഞിട്ടുള്ള അഭിപ്രായങ്ങള്‍ സത്യസന്ധമാണ്. കാരണം, ഓരോ ചോദ്യങ്ങളും സാധാരണക്കാരുടെ ജീവിതങ്ങളില്‍ നേരിട്ടു തൊടുന്നവയാണെന്ന് മനസ്സിലാക്കാനാകും.