ലക്ഷദ്വീപാണ് ഇപ്പോൾ വൈറൽ സ്ഥലം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനു ശേഷം അദ്ദേഹം പങ്കുവെച്ച ചിത്രങ്ങള്‍ക്കൊപ്പം ലക്ഷദ്വീപിനെയും ടൂറിസം ഡെസ്റ്റിനേഷനുകളില്‍ ഉൾപ്പെടുത്താൻ ആവശ്യപ്പെട്ടിരുന്നു. കണ്ണാടി പോലെ തെളിഞ്ഞ കടലും കടലിനുള്ളിലെ അത്ഭുത ലോകവും തുറക്കുന്ന കാഴ്ചകൾ ജീവിതത്തിലൊരിക്കലെങ്കിലും കണ്ടില്ലെങ്കിൽ പിന്നെന്തിനാണ് യാത്രകൾ നടത്തുന്നത് അല്ലെ?
എന്നാൽ കാഴ്തകൾ കിടിലനാണെങ്കിലും യാത്ര എളുപ്പമല്ല. ലക്ഷദ്വീപ് സന്ദർശിക്കുന്നതിനുള്ള എൻട്രി പെർമിറ്റ്, പോലീസ് സ്റ്റേഷനിൽ നിന്നുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നിവയാണ് ആദ്യം വേണ്ടത്. ഇത് ശരിയാക്കി കഴിഞ്ഞാൽ എങ്ങനെ പോകണെന്ന് നോക്കാം. സർക്കാർ പാക്കേജ്, സ്വകാര്യ ഏജൻസികളുടെ പാക്കേജ്. അല്ലെങ്കിൽ നിങ്ങളുടെ പരിചയത്തിലുള്ള ദ്വീപ് നിവാസികള്‍ വഴി ലഭിക്കുന്ന ഡിക്ലറേഷന്‍ എന്നിവയിലേതെങ്കിലും ഒന്ന് വേണം.
ലക്ഷദ്വീപ് സർക്കാർ ടൂർ പാക്കേജ്
ഏറ്റവും ആയാസ രഹിതമായി ലക്ഷദ്വീപ് കാണാൻ പറ്റിയ പാക്കേജാണ് ലക്ഷദ്വീപ് സർക്കാരിന്‍റെ ടൂർ പാക്കേജുകള്‍. ഏറ്റവും ആഢംബര സൗകര്യങ്ങളോടെ ലക്ഷദ്വീപിലെ ദ്വീപുകൾ കാണാനുള്ള യാത്രയ്ക്ക് ചിലവും അല്പം കൂടും.
ഡയമണ്ട് ക്ലാസ് താമസ സൗകര്യം, കപ്പലിലെ താമസം, ജലസാഹസിക വിനോദങ്ങൾ, ഭക്ഷണം എന്നിങ്ങനെ എല്ലാം ഉള്‍പ്പെടുന്ന പാക്കേജുകളാണ് സർക്കാർ നല്കുന്നത്. ലക്ഷദ്വീപിലേക്കുള്ള സർക്കാർ ടൂർ പാക്കേജുകൾ പരിചയപ്പെടാം.
ലക്ഷദ്വീപ് സമുദ്രം എം വി കവരത്തി
ലക്ഷദ്വീപിലേക്ക് ഒരു വിനോദയാത്ര പ്ലാൻ ചെയ്യുന്നവർക്ക് പരിഗണിക്കാൻ പറ്റിയ സർക്കാർ പാക്കേജാണ് ലക്ഷദ്വീപ് സമുദ്രം എം വി കവരത്തി. കവരത്തി, കൽപേനി, മിനിക്കോയ് എന്നീ ദ്വീപുകൾ കപ്പൽ വഴി സന്ദർശിക്കാനുള്ള അഞ്ച് ദിവസത്തെ യാത്രയാണിത്. ഓരോ ദ്വീപിലെയും പരമാവധി കാഴ്ചകള്‍ കണ്ട് ആസ്വദിച്ച് അവിടുത്തെ ജീവിതം പരിചയപ്പെട്ട് പോകാനുള്ള അവസരമാണിത് നല്കുന്നത്.
യാത്രയിൽ പകൽ സമയത്ത് ഉച്ചഭക്ഷണവും ശീതളപാനീയങ്ങളുമായി കരക്കാഴ്ചകൾ കാണാനും രാത്രികൾ കപ്പലിൽ ചെലവഴിക്കാനും കഴിയുന്ന രീതിയിലാണ് പാക്കേജ്. എം.വി കവരത്തി കപ്പലിൽ 150 ഡയമണ്ട് ക്ലാസ് താമസ സൗകര്യങ്ങളും ലഭിക്കും. കൂടാതെ നീന്തൽ, സ്നോർക്കലിംഗ്, മറ്റ് ജല കായിക വിനോദങ്ങൾ എന്നിവയും പകൽ പര്യടനത്തിൽ ക്രമീകരിച്ചിട്ടുണ്ട്.
സ്വേയിംഗ് പാം പാക്കേജ്
ലക്ഷദ്വീപ് സമുദ്രം പാക്കേദജിനെ അപേക്ഷിച്ച് കൂടുതൽ ദിവസങ്ങൾ ലക്ഷദ്വീപിൽ ചെലവഴിക്കാം എന്നതാണ് സ്വേയിംഗ് പാം പാക്കേജ് യാത്രയുടെ പ്രത്യേകത. (എംവി കവരത്തി/ എം.വി. അറബിക്കടൽ/ എം.വി. ലക്ഷദ്വീപ് കടൽ/ എം.വി. അമിന്ദിവി/ എം.വി. മിനിക്കോയ് എന്നിങ്ങനെ ഏതെങ്കിലും ഒരു കപ്പലിലായിരിക്കും യാത്ര.
കടൽത്തീരത്തെ കോട്ടേജുകളിൽ താമസസൗകര്യം ഏർപ്പെടുത്തി പകലും രാത്രിയം ഒരുപോലെ ആസ്വദിക്കാനുള്ള പാക്കേജാണിത്. എ/സി കോട്ടേജുകൾ കൂടാതെ മറ്റ് വ്യക്തിഗത കോട്ടേജുകളിലും താമസ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
താരാതാഷി പാക്കേജ്
ലക്ഷദ്വീപ് സർക്കാർ ടൂർ പാക്കേജുകളിൽ ഫ്ലൈറ്റ് യാത്ര ഉൾപ്പെടുന്ന പാക്കേജാണ് താരാതാഷി പാക്കേജ്. അഗത്തി ദ്വീപിൽ നിന്നും കവരത്തിയിലേക്ക് ഫ്ലൈറ്റ് വഴിയുള്ള യാത്രയാണ് ഇത് നല്കുന്നത്. ലക്ഷദ്വീപിന്റെ തലസ്ഥാനമായ കവരത്തി സന്ദർശിക്കാനും ദ്വീപിൽ നാലഞ്ചു ദിവസത്തെ താമസത്തിനും ആണ് താരതാഷി പാക്കേജ് വാഗ്ദാനം ചെയ്യുന്നത്. ദ്വീപ് കാഴ്ചകളും സാഹസിക വിനോദങ്ങളും ഈ യാത്രയില്‍ ഉറപ്പു തരുന്നത്.
നീന്തൽ, സ്‌നോർക്കെലിംഗ്, സ്‌കൂബ ഡൈവിംഗ് ലഗൂൺ ക്രൂയിസ് എന്നിവയും ഗ്ലാസ് അടിത്തട്ടിലുള്ള ബോട്ട് യാത്രയും മറ്റ് വാട്ടർ സ്‌പോർട്‌സുകളും ഈ പാക്കേജ് ഓഫർ ചെയ്യുന്നുബീച്ചിന്റെ മുൻവശത്തെ ടൂറിസ്റ്റ് ഹട്ടുകളിൽ ആണ് ദ്വീപിലെ താമസം നല്കുന്നത്.
ലക്ഷദ്വീപിലെ കാഴ്ചകൾ
മറൈൻ മ്യൂസിയം
ലക്ഷദ്വീപിലെ മറൈൻ മ്യൂസിയം സമുദ്രജീവികളുടെയും പുരാവസ്തുക്കളുടെയും മനോഹരമായ കാഴ്ചയ്ക്ക് അവസരം ഒരുക്കുന്നു. ജലജീവികളുടെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മ്യൂസിയം നിർമ്മിച്ചിരിക്കുന്നത്, കൂടാതെ മത്സ്യങ്ങളുടെ വിവിധ ഇനങ്ങളെ ഇവിടെ പ്രദർശിപ്പിക്കുന്നുണ്ട്. മ്യൂസിയത്തിലെ സ്രാവിൻ്റെ അസ്ഥികൂടം ഏറ്റവും ആരാധനയുള്ള ഇൻസ്റ്റാളേഷനാണ്. പ്രവേശന ഫീസ്: 15 രൂപ
പിറ്റി പക്ഷി സങ്കേതം
പിറ്റി പക്ഷി സങ്കേതമാണ് ലക്ഷദ്വീപിലെ മറ്റൊരു ആകർഷണം. പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത് പിറ്റി ദ്വീപിലാണ്, ഇത് ചെറുതും ഒറ്റപ്പെട്ടതുമായ ഒരു ദ്വീപാണ്. ബീച്ചിലൂടെ നടക്കാനും സമയം ചെലവഴിക്കാനും പറ്റിയ സ്ഥലമാണിത്. പരിമിതമായ താമസ സൗകര്യങ്ങൾ മാത്രമാണ് ഇവിടെ ലഭിക്കുക. പ്രവേശന ഫീസ് ഇല്ല
അമിനി ബീച്ച്
അമിനി ബീച്ച് യാത്രക്കാരുടെ പ്രിയപ്പെട്ട ഇടമാണ്. അമിനി ദ്വീപിലാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്, പവിഴ മണൽക്കല്ലുകൾ കൊണ്ട് നിറഞ്ഞ ഈ ബീച്ച്പ്ര പല കാരണങ്ങൾ കൊണ്ട് ശസ്തമാണ്. സ്കൂബ ഡൈവിംഗ്, റീഫ് വാക്കിംഗ്, കയാക്കിംഗ് തുടങ്ങിയ കാര്യങ്ങൾ ഇവിടെ ചെയ്യാനാകും. പ്രവേശന ഫീസ് ഇല്ല