ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിൻ്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കസ്റ്റഡിയിലുള്ള കേജ്‌രിവാൾ ഉന്ന് നിർണായക വെളിപ്പെടുത്തൽ നടത്തിയേക്കുമെന്നാണ് സൂചന. കോടതിയിൽ കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ വെളിപ്പെടുത്തുമെന്നു കഴിഞ്ഞ ദിവസം കേജ്‌രിവാളിന്റെ ഭാര്യ സുനിത പറഞ്ഞിരുന്നു.
മുഖ്യമന്ത്രിയെ ജയിലിലേക്ക് ഡൽഹി ജനതയെ കഷ്ടപ്പെടുത്തുകയാണു ചെയ്യുന്നത് എന്നും സുനിത ആരോപിച്ചു.അതേസമയം, ഇഡി കസ്റ്റഡിയിലിരുന്നുകൊണ്ട് രണ്ട് ഉത്തരവുകളാണു കേജ്‌രിവാൾ ഇറക്കിയത്. ഡൽഹി മുഖ്യമന്ത്രിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് പ്രതികരണവുമായി അമേരിക്കയും ജർമനിയും രംഗത്തുവന്നിരുന്നു. സംഭവത്തിൽ സുതാര്യമായ അന്വേഷണം നടത്തണമെന്ന് അവർ ഇന്ത്യയോട് ആവശ്യപ്പെട്ടു.
ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാർച്ച് 21 നാണ് അരവിന്ദ് കേജ്‌രിവാളിനെ ഇഡി അറസ്റ്റുചെയ്തത്. അറസ്റ്റ് നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി കേജ്‌രിവാൾ ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച അപേക്ഷ കോടതി തള്ളിയിരുന്നു. ഇതുസംബന്ധിച്ചു വിശദമായ റിപ്പോർട്ട് നൽകാൻ ഏപ്രിൽ രണ്ടുവരെ ഇഡിക്ക് കോടതി സമയം നൽകിയിട്ടുണ്ട്.