‘പൃഥ്വിരാജിന് ഓസ്കാർ ഉറപ്പ്: ഹൃദയസ്‌പർശിയായ അതിജീവന ത്രില്ലർ’: ആടുജീവിതം റിവ്യൂ

നീണ്ട പതിനാറു വർഷത്തെ കഠിനപ്രയത്നങ്ങൾക്ക് വിരാമം. ബ്ലെസിയുടെ സംവിധാന മികവിൽ പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായെത്തുന്ന ‘ആടുജീവിതം’ ഇന്ന് തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. അടുത്തകാലത്തു സിനിമാ ആസ്വാദകർ ഇത്രയധികം ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം എന്ന ചോദ്യത്തിനു ആടുജീവിതം എന്നല്ലാതെ മറ്റൊരു ഉത്തരമില്ല. ബ്ലെസ്സി എന്ന സംവിധായകനും ആടുജീവിതം എന്ന നോവലുമാണ് ഇതിനു കാരണം. ഇപ്പോഴിതാ ആടുജീവിതം ആദ്യ ഷോ കണ്ടിറങ്ങിയ പ്രേക്ഷകരുടെ പ്രതികരണങ്ങളാണ് ശ്രദ്ധേയമാകുന്നത്. സിനിമ കാണാൻ യഥാർത്ഥ ആടുജീവിതത്തിലെ നജീബും തിയറ്ററിൽ എത്തിയിരുന്നു. പൃഥ്വിരാജിന്റെ ആത്മസമർപ്പണവും ബ്ലെസ്സിയുടെ പതിനാറു വർഷത്തെ സ്വപ്നസാക്ഷാത്കാരവും വെറുതെയായില്ല എന്നാണ് പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്.

ആടുജീവിതത്തിലെ അഭിനയമികവിനു പൃഥ്വിക്ക് ഓസ്കാർ ലഭിക്കും എന്നാണ് പ്രേക്ഷകർ എല്ലാവരും ഒരുപോലെ അഭിപ്രായപ്പെടുന്നത്. ‘പൃഥ്വിരാജിന്റെ മികച്ച പ്രകടനം. കണ്ണ് നനയാതെ സിനിമ കണ്ടിറങ്ങാൻ സാധിക്കില്ല. ദൃശ്യങ്ങൾ മനോഹരം. ബിജിഎം അതിമനോഹരം. ബ്ലെസ്സി സാറിന്റെ പതിനാറു വർഷത്തെ കഷ്ടപ്പാട് വെറുതെയായില്ല’ ഇങ്ങനെ പോകുന്നു പ്രേക്ഷകർക്ക് സിനിമയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ. എന്തായാലും ചിത്രം വൻ വിജയം നേടുമെന്നാണ് ഷോ കണ്ടിറങ്ങിയ പ്രേക്ഷകർ ഒരുപോലെ പറയുന്നത്.

പൃഥ്വിരാജ് എന്ന താരത്തിന്‍റെ കരിയറിലെ ഏറ്റവും മികച്ച റോളുകളില്‍ ഒന്നാണ് നജീബ്. നജീബായി താന്‍ ജീവിക്കുകയായിരുന്നു എന്ന് പ്രമോഷന്‍ അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിരുന്ന പൃഥ്വിയുടെ വാക്കുകള്‍ വെറുതെ ആയിരുന്നില്ലെന്ന് ചിത്രം കാണുമ്പോള്‍ വ്യക്തമാണ്. ചിത്രത്തിലെ എല്ലാം രംഗത്തിലും പ്രത്യക്ഷപ്പെടുന്ന കഥാപാത്രമാണ് നജീബ്. എന്നാല്‍ രൂപത്തിലും ഭാവത്തിലും തനിക്ക് നേരിട്ട ദുരിതകള്‍ ഏല്‍പ്പിക്കുന്ന പരിക്ക് ശരീരത്തിലും ശബ്ദത്തിലും എല്ലാം ആവാഹിക്കുന്ന ഒരു മാന്ത്രിക അഭിനയം തന്നെ പൃഥ്വി പുറത്തെടുക്കുന്നുണ്ട്.

സാങ്കേതികമായി മലയാളത്തിലെ സമീപകാല ചിത്രങ്ങളില്‍ ടോപ്പ് നോച്ച് എന്ന് വിശേഷിപ്പിക്കപ്പെടാവുന്ന ചിത്രമാണ് ആടുജീവിതം. നജീബിന്‍റെ പ്രയാസങ്ങള്‍ ദുരിതം എല്ലാത്തിനും സാക്ഷിയാണ് മരുഭൂമി. ഇത്രയും ഗംഭീരമായി ഒരു മരുഭൂമി കാഴ്ച സമീപകാല ഇന്ത്യന്‍ സിനിമകളില്‍ തന്നെ ഉണ്ടായിട്ടില്ലെന്ന് പറയാം. അസാധ്യമായ ഒരു വര്‍ക്കാണ് കെ എസ് സുനില്‍ എന്ന ക്യാമറമാന്‍ ആടുജീവിതത്തില്‍ ചെയ്തിരിക്കുന്നത് എന്ന് പറയാം. അതിനൊപ്പം തന്നെ മലയാളത്തിലേക്ക് വീണ്ടും ഒരു ഗംഭീര തിരിച്ചുവരവ് നടത്തിയ എആര്‍ റഹ്മാന്‍റെ ഒറിജിനല്‍ സ്കോര്‍ ചിത്രത്തിന്‍റെ വൈകാരികതയ്ക്കൊപ്പം തന്നെ സഞ്ചരിക്കുന്നുണ്ട്. റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈന്‍, ശ്രീകര്‍ പ്രസാദിന്‍റെ എഡിറ്റിംഗ്, വിഎഫ്എക്സ്, രഞ്ജിത്ത് അമ്പാടിയുടെ മേയ്ക്കപ്പ് ഇങ്ങനെ എല്ലാ മേഖലയിലും ചിത്രം മികച്ച് നില്‍ക്കുന്നു എന്ന് തന്നെ പറയാം.

മലയാളിയായ വായനക്കാരുടെ മനസില്‍ എന്നും നില്‍ക്കുന്ന കഥയാണ് മരുഭൂമിയില്‍ ആടുജീവിതം നയിച്ച നജീബിന്‍റെത്. അതിന് സംവിധായകന്‍ ബ്ലെസി ഒരു പുതിയ ദൃശ്യാവിഷ്കരണം നല്‍കുകയാണ്. എന്നും മലയാളി മറക്കാത്ത നോവലിനെ അതിനൊത്ത ചലച്ചിത്ര കാവ്യമാക്കി മാറ്റാന്‍ ഒരു പതിറ്റാണ്ടോളം എടുത്ത നിര്‍മ്മാണത്തിലൂടെ ബ്ലെസിക്ക് സാധിച്ചിരിക്കുന്നു.

Read Also: പുള്ളുവത്തി പെൺകുട്ടി മായമ്മയുടെ അതിജീവന കഥയുമായി ‘മായമ്മ’ റിലീസിംഗിന് ഒരുങ്ങുന്നു