മുംബൈ : മുംബൈയിലെ 112 വർഷം പഴക്കമുള്ള ഓവർ ബ്രിഡ്ജായ സിയോൺ റോബ് പൊളിക്കുന്നത് മൂന്നാം തവണയും മാറ്റി. ജനുവരി 20 ന് പൊളിക്കുമെന്നായിരുന്നു ആദ്യം സെൻട്രൽ റെയിൽവേ പ്രഖ്യാപിച്ചിരുന്നത്. പിന്നീട് അത് ഫെബ്രുവരി 28ലേക്കും ശേഷം മാർച്ച് 28ലേക്കും മാറ്റി. എന്നാൽ, ഇപ്പോൾ അത് വീണ്ടും മാറ്റിവെച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ മുംബൈയിൽ പോളിങ് നടക്കുന്ന മെയ് 20ന് ശേഷം മാത്രമേ പൊളിക്കൽ നടപടികൾ തുടങ്ങുകയുള്ളൂവെന്ന് സെൻട്രൽ റയിൽവേ അറിയിച്ചു.
ആവശ്യമായ തയാറെടുപ്പുകൾ ഇല്ലാത്തതും, 10,12 ക്ലാസുകളുടെ പരീക്ഷകളുമാണ് നേരത്തെ സിയോൺ റോബ് പൊളിക്കുന്നതിന് തടസ്സമായി റെയിൽവേ പറഞ്ഞിരുന്നത്. പരേലിനും കുർളയ്ക്കും ഇടയിൽ പുതിയ റെയിൽവേ ലൈനുകൾ സ്ഥാപിക്കാനാണ് പാലം പൊളിച്ച് വീതി കൂട്ടുന്നത്.
read more : താജ് മഹലിൻ്റെ പേര് മാറ്റി ശിവക്ഷേത്രമായി പ്രഖ്യാപിക്കണമെന്ന ഹർജിയുമായി ഹിന്ദു സംഘടനകൾ കോടതിയിൽ
പാലം പൊളിക്കാൻ ആറുമാസവും പുനർനിർമിക്കാൻ 18 മാസവും വേണ്ടിവരുമെന്ന് സെൻട്രൽ റെയിൽവേ അധികൃതർ പറഞ്ഞു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ബോംബെ 2020ലെ ഓഡിറ്റ് റിപ്പോർട്ടിൽ പാലത്തിന്റെ സുരക്ഷയെ കുറിച്ച് ആശങ്ക ഉയർത്തിയിരുന്നു. ബ്രിട്ടീഷ് കാലഘട്ടത്തിലാണ് സിയോൺ റോബ് നിർമിച്ചത്.