“കെട്ടിവെച്ച കാശ് പോയേ” എന്നു കേട്ടിട്ടില്ലേ : എന്താണീ കെട്ടിവെച്ച കാശ്;എത്ര പേര്‍ക്ക് അത് തിരിച്ചുകിട്ടുമെന്നറിയണ്ടേ

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 13 NDA സ്ഥാനാര്‍ത്ഥികളുടെ കെട്ടിവെച്ച കാശ് പോയി

പൊതു തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ ഉത്സവം കൂടിയാണ്. പക്ഷെ, ഈ ഉത്സവത്തില്‍ പങ്കെടുക്കുന്ന സ്ഥാനാര്‍ത്ഥികള്‍ കൈയ്യുംവീശി വന്നാല്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ പിടിച്ച് ഗറ്റൗട്ട് അടിക്കും. മത്സരിക്കണമെങ്കില്‍ ഒരു നിശ്ചിത തുക കെട്ടിവെയ്ക്കണം. ഈ തുക തെരഞ്ഞെടുപ്പു പ്രക്രിയ പൂര്‍ത്തിയാകുന്ന വേളയില്‍ തിരികെ ലഭിക്കും. പക്ഷെ, ഒരു കണ്ടീഷന്‍ ഉണ്ട്. മത്സരിക്കാന്‍ നിശ്ചിത തുക കെട്ടിവെയ്ക്കുന്നതു പോലെത്തന്നെ, മന്ത്രസിക്കുമ്പോള്‍ നിശ്ചിത വോട്ടും പിടിച്ചിരിക്കണം. ഇല്ലെങ്കില്‍ കെട്ടിവെച്ച കാശ് കിട്ടില്ല.

* എന്താണീ കെട്ടിവെച്ച കാശ്

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തെരഞ്ഞെടുപ്പ് നടന്ന 1951 മുതല്‍ നിലവിലുള്ളതാണ് മത്സരിക്കാന്‍ നിശ്ചിത തുക കെട്ടിവെക്കണമെന്ന ചട്ടം. അതിനു കാരണം, പ്രശസ്തിക്കും തമാശയ്ക്കും വേണ്ടി വഴിയേപോകുന്നവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരിക്കാനാണ് കെട്ടിവെച്ച കാശ് അഥവാ ഇലക്ഷന്‍ ഡെപ്പോസിറ്റ് എന്ന പരിപാടി ആവിഷക്കരിച്ചത്. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ 34 (1) അനുച്ഛേദം അനുസരിച്ച് പൊതുതെരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കാന്‍ അര്‍ഹതയുള്ള ഏതൊരു പൗരനും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതോടൊപ്പം നിശ്ചിത തുക സെക്യൂരിറ്റിയായി കെട്ടിവെക്കണം.

തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ആകെ പോള്‍ ചെയ്തതിന്റെ ആറിലൊന്ന് (16.6) വോട്ട് ലഭിച്ചില്ലെങ്കില്‍ കെട്ടിവെച്ച കാശ് തിരികെ ലഭിക്കില്ല. ആദ്യ തെരഞ്ഞെടുപ്പ് മുതല്‍ 500 രൂപയായിരുന്നു കെട്ടിവെക്കേണ്ട തുകയായി ഈടാക്കിയിരുന്നത്. എന്നാല്‍ സ്ഥാനാര്‍ത്ഥികളുടെ എണ്ണം ഗണ്യമായി കൂടിയതോടെ 1996ലെ തെരഞ്ഞെടുപ്പില്‍ ഒറ്റയടിക്ക് ഇരുപത് ഇരട്ടിയായി തെരഞ്ഞെടുപ്പു കമ്മീഷന്‍ കെട്ടിവെക്കേണ്ട തുക വര്‍ധിപ്പിച്ചിരുന്നു. നിലവില്‍ അത് 25,000 രൂപയാണ്.

* പട്ടികജാതി-പട്ടികവര്‍ഗ സ്ഥാനാര്‍ത്ഥികള്‍ക്ക് 50 ശതമാനം ഇളവ്

പട്ടികജാതി-പട്ടികവര്‍ഗ സംവരണ വിഭാഗങ്ങള്‍ക്ക് തെരഞ്ഞെടുപ്പില്‍ കെട്ടിവെയ്‌ക്കേണ്ട കാശിന് 50 ശതമാനം ഇളവുണ്ട്. അവര്‍ക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 12,500 രൂപ കെട്ടിവെച്ചാല്‍ മതി. നിയമസഭാ തെരഞ്ഞെടുപ്പില്‍ 5000 രൂപയാണ് പട്ടികജാതി-പട്ടികവര്‍ഗ സ്ഥാനാര്‍ത്ഥികള്‍ കെട്ടിവെക്കേണ്ടത്. കേരളത്തില്‍ രണ്ടു സംവരണ മണ്ഡലങ്ങളാണ് ഉള്ളത്. മാവേലിക്കരയും ആലത്തൂരും. ഇവിടുത്തെ സ്ഥാനാര്‍ത്ഥികള്‍ക്ക് 12,500 രൂപ വെച്ച് കെട്ടിവെച്ചാല്‍ മതിയാകും.

* കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ NDA യുടെ 13 പേര്‍ക്ക് കെട്ടിവെച്ച കാശു പോയി

2019ല്‍ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മത്സരിച്ച 13 എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍ക്ക് കെട്ടിവെച്ച കാശ് നഷ്ടമായിട്ടുണ്ട്. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി, യുവമോര്‍ച്ചാ, മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റുമാര്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ക്കാണ് കെട്ടിവെച്ച കാശ് പോയത്. എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളില്‍ ഏഴുപേര്‍ക്കേ ആകെ പോള്‍ ചെയ്തതില്‍ ആറിലൊന്ന് വോട്ട് കിട്ടിയുള്ളൂ. എന്നാല്‍, മുന്‍ വര്‍ഷങ്ങളില്‍ എല്ലാ എന്‍.ഡി.എയുടെ ഭൂരിപക്ഷം സ്ഥാനാര്‍ത്ഥികളുടെയും കെട്ടിവെച്ച കാശ് തിരികെ കിട്ടില്ലായിരുന്നു. പക്ഷെ, 2019ല്‍ അതിനു മാറ്റം വന്നു.

തിരുവനന്തപുരത്ത് 3,16,142 വോട്ട് നേടിയ കുമ്മനം രാജശേഖരന്‍, ആറ്റിങ്ങലില്‍ ശോഭാ സുരേന്ദ്രന്‍ (2,48,081), പാലക്കാട്ട് സി. കൃഷ്ണകുമാര്‍ (2,18,556), പത്തനംതിട്ടയില്‍ കെ. സുരേന്ദ്രന്‍ (2,97,396), തൃശൂരില്‍ സുരേഷ് ഗോപി (2,93,822), കഷ്ടിച്ച് നിശ്ചിത ശതമാനത്തിലധികം വോട്ട് ലഭിച്ച ആലപ്പുഴയിലെ കെ.എസ്. രാധാകൃഷ്ണന്‍ (1,87,729) , കോട്ടയത്ത് പി.സി. തോമസ് (1,55,135) എന്നിവര്‍ക്ക് മാത്രമാണ് കെട്ടിവെച്ച കാശ് തിരിച്ചുകിട്ടിയത്. ബാക്കിയെല്ലായിടത്തും എന്‍.ഡി.എ സ്ഥാനാര്‍ഥികളുടെ പ്രകടനം പരിതാപകരമായിരുന്നു. ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രകടനമാണ് അതീവ ദയനീയം. നാല് ലക്ഷത്തിലധികം ഭൂരിപക്ഷത്തോടെ രാഹുല്‍ഗാന്ധി ജയിച്ച വയനാട്ടില്‍ തുഷാറിന് കിട്ടിയത് 78816 വോട്ട് മാത്രം. തുഷാര്‍ ഇപ്പോള്‍ മത്സരിക്കാനിറങ്ങുന്നത് കോട്ടയത്താണ്.

അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ അവസ്ഥയും വ്യത്യസ്തമല്ല. 9,65,665 വോട്ട് പോള്‍ ചെയ്ത എറണാകുളത്ത് 1,37,749 വോട്ടുമാത്രം നേടാനേ കണ്ണന്താനത്തിന് കഴിഞ്ഞുള്ളൂ. മുമ്പൊരിക്കല്‍ എന്‍.ഡി.എ പ്രതിനിധിയായി ലോക്‌സഭയിലെത്തിയ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി. തോമസ് നിശ്ചിത ശതമാനത്തില്‍ നിന്ന് നാലായിരത്തോളം വോട്ട് കൂടുതല്‍ (1,55,135) പിടിച്ചാണ് കെട്ടിവെച്ച കാശ് തിരിച്ചു പിടിച്ചത്. കണ്ണൂരില്‍ ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് സി.കെ. പത്മനാഭന്‍ (68,509), ചാലക്കുടിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ (1,54,159), വടകരയില്‍ സംസ്ഥാന സെക്രട്ടറി വി.കെ. സജീവന്‍ (80,128), കോഴിക്കോട് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പ്രകാശ്ബാബു (16,216), പൊന്നാനിയില്‍ മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫ. വി.ടി. രമ (1,10,603), ആലത്തൂരില്‍ ബി.ഡി.ജെ.എസ് നേതാവ് ടി.വി. ബാബു (89,837) കൊല്ലത്ത് ന്യൂനപക്ഷ മോര്‍ച്ച നേതാവ് കെ.വി. സാബു വര്‍ഗീസ് (1,03,339), മാവേലിക്കരയില്‍ ബി.ഡി.ജെ.എസിന്റെ തഴവ സഹദേവന്‍ (1,33,546), ഇടുക്കിയില്‍ ബി.ഡി.ജെ.എസിന്റെ ബിജു കൃഷ്ണന്‍ (78,648), കാസര്‍കോട് രവീശ തന്ത്രി കുണ്ടാര്‍ (1,76,049) എന്നിവര്‍ക്കാണ് കെട്ടിവെച്ച കാശ് പോയത്.

* ഇന്ത്യയിലെ ആദ്യ തെരഞ്ഞെടുപ്പ് ബാലറ്റ് ബുക്ക്‌ലെറ്റ്

1951ല്‍ ആദ്യത്തെ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ആകെ 489 ലോക്സഭാ സീറ്റുകളാണ് ഉണ്ടായിരുന്നത്. 53 പാര്‍ട്ടികളുമുണ്ടായിരുന്നു. അന്നുണ്ടായിരുന്ന 36 കോടി ജനങ്ങളില്‍ വോട്ടവകാശമുള്ള ജനങ്ങള്‍ പതിനേഴു കോടിയോളം ആയിരുന്നു. അന്ന് 21 വയസ്സായിരുന്നു വോട്ടവകാശത്തിനു വേണ്ടിയിരുന്നത്. പിന്നെയാണ് അത് 18 ആയി കുറച്ചത്. അന്ന് 53 പാര്‍ട്ടികളിലുമായി മത്സരിക്കാനുണ്ടായിരുന്നത് 1849 സ്ഥാനാര്‍ത്ഥികള്‍. 1996 ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പ് ആയപ്പോഴേക്കും ജനസംഖ്യ 36 കോടിയില്‍ നിന്നും 95 കോടിയായി വര്‍ധിച്ചു. അതില്‍ തന്നെ 60 കോടി വോട്ടര്‍മാര്‍. മണ്ഡലങ്ങളുടെ എണ്ണം 469 ല്‍ നിന്ന് 543 ആയി വര്‍ദ്ധിച്ചു.

അതൊക്കെ ഏറെക്കുറെ ജനസംഖ്യ കൂടുന്നതിനനുസരിച്ചുള്ള വര്‍ധനവായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അലട്ടിയ വര്‍ദ്ധനവ് സ്ഥാനാര്‍ത്ഥികളുടെ എണ്ണമായിരുന്നു 13,952 സ്ഥാനാര്‍ത്ഥികളാണ് മത്സരത്തിനിറങ്ങിയത്. പാര്‍ട്ടികളുടെ എണ്ണവും 53ല്‍ നിന്നും 209 ആയി ഉയര്‍ന്നിരുന്നു. പല മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളുടെ എണ്ണക്കൂടുതല്‍ കാരണം ബാലറ്റ് പേപ്പറിനു പകരം നിരവധി പേജുള്ള ബുക്ക് ലെറ്റായിത്തന്നെ ബാലറ്റ് തയ്യാര്‍ ചെയ്യേണ്ടി വന്നിരുന്നു. ഇതിനൊരു പരിഹാരമെന്ന നിലയിലാണ്, കമ്മീഷന്‍ കെട്ടിവെക്കുന്ന കാശ് വര്‍ധിപ്പിച്ചത്. 1998ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആ വര്‍ദ്ധനവ് ഗുണംകണ്ടു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പതിനായിരം രൂപ കെട്ടിവെക്കണം എന്നായപ്പോള്‍ തന്നെ പാതിയിലേറെപ്പേര്‍ മത്സരം ഉപേക്ഷിച്ചു.