മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും വേട്ടയാടിയ മുഖ്യമന്ത്രി പിണറായി വിജയന് കാലം കരുതിവച്ച കാവ്യനീതിയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ക്കെതിരേയുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍.
നീതിമാനായ ഉമ്മന്‍ ചാണ്ടിയെ 2016 ല്‍ അധികാരമേറ്റ അന്നുമുതല്‍ മരിക്കുന്നതുവരെ സംസ്ഥാന പോലീസിനെയും സിബിഐഎയും ഉപയോഗിച്ച് പിണറായി വിജയന്‍ വേട്ടയാടി. തുടര്‍ന്നാണ് അദ്ദേഹം രോഗഗ്രസ്തനായതും അകാല മരണം വരിച്ചതും. അദ്ദേഹത്തിന്റെ മക്കള്‍ക്കെതിരേ നട്ടാല്‍കുരുക്കാത്ത നുണകള്‍ പ്രചരിപ്പിച്ചു. പിതൃതുല്യനെന്ന് പറഞ്ഞ സ്ത്രീയെ ഉപയോഗിച്ച് അദ്ദേഹത്തിനെതിരേ ലൈംഗികാരോപണം വരെ ഉയര്‍ത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം ഡിജിപി രാജേഷ് ദിവാന്‍, എഡിജിപിമാരായ അനില്‍കാന്ത്, ഷെയ്ഖ് ദര്‍വേഷ് സാഹിബ് എന്നിവരുടെ നേതൃത്വത്തില്‍ അരിച്ചുപെറുക്കി. എന്നിട്ടും കുടുക്കാന്‍ കഴിയാതെ വന്നപ്പോഴാണ് പരാതിക്കാരിയെ വിളിച്ചുവരുത്തി വെള്ളക്കടലാസില്‍ പരാതി എഴുതിവാങ്ങി സിബിഐ അന്വേഷണത്തിനു വിട്ടത്.
സോളാര്‍ കമ്മീഷന് പലതവണ കാലാവധി നീട്ടിക്കൊടുത്ത് ആ രീതിയിലും സ്വാധീനിക്കാന്‍ ശ്രമിച്ചു. ഇത്രയും വ്യാപകമായ വേട്ടയാടല്‍ നടത്തിയിട്ടും ഉമ്മന്‍ ചാണ്ടി അഗ്‌നിശുദ്ധി വരുത്തി അതില്‍നിന്ന് പുറത്തുവരുകയും ജനഹൃദയങ്ങളില്‍ അമരത്വം നേടുകയും ചെയ്തു. ഇതിനെല്ലാം കണക്കുചോദിച്ച് കാലം കടന്നുവരുമെന്നും പിണറായിക്കുള്ള വടി വെട്ടാന്‍ പോയിരിക്കുന്നതേയുള്ളുവെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.
കരിമണല്‍ കമ്പനിയില്‍നിന്ന് വിതരണം ചെയ്ത 135 കോടിയുടെ മാസപ്പടിയില്‍ നൂറുകോടിയോളം കൈപ്പറ്റിയത് പിവി എന്ന പിണറായി വിജയനാണ് എന്നാണ് ആദായനികുതി വകുപ്പിന്റെ ഇന്റരിംസെറ്റില്‍മെന്റ് ബോര്‍ഡ് കണ്ടെത്തിയത്. അതിലേക്കുള്ള അന്വേഷമാണ് യഥാര്‍ത്ഥത്തില്‍ വരേണ്ടത്. അതിനു പകരം താരതമ്യേന ചെറിയ തുക കൈപ്പറ്റിയ മകളിലേക്ക് ഇഡി അന്വേഷണം കേന്ദ്രീകരിക്കുന്നതു തന്നെ സംശയാസ്പദമാണ്. ഇതൊരു ഒത്തുതീര്‍പ്പിന്റെ ഭാഗമാണോയെന്ന് ആശങ്കയുണ്ടെന്ന് ഹസന്‍ പറഞ്ഞു.
ലാവ്ലിന്‍ കേസ്, സ്വര്‍ണക്കടത്തുകേസ്, ഡോളര്‍ കടത്തുകേസ് ലൈഫ് മിഷന്‍ കേസ്, കരുവന്നൂര്‍ ഇഡി കേസ്, മാസപ്പടി കേസ് എന്നിങ്ങനെ 7 കേസുകള്‍ക്കിടയിലും സുരക്ഷിതനായിരിക്കാന്‍ ഇന്ത്യയില്‍ പിണറായിക്കു മാത്രമേ കഴിയൂ. ഇതില്‍ ഏതെങ്കിലുമൊരു കേസ് ആത്മാര്‍ത്ഥമായി അന്വേഷിച്ചാല്‍ പിണറായി വിജയന്‍ അകത്തുപോകുമെന്ന് ഉറപ്പാണെന്നും കാലം അതിനു കാത്തിരിക്കുകയാണെന്നും ഹസന്‍ ചൂണ്ടിക്കാട്ടി.
ചുമതല നല്‍കി
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആലത്തൂര്‍, തൃശൂര്‍ ലോക്സഭാ മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഏകോപന ചുമതല നിര്‍വഹിക്കാന്‍ കെപിസിസി പ്രതിനിധിയായി കെപിസിസി ജനറല്‍ സെക്രട്ടറി ടിയു രാധാകൃഷ്ണനെയും വയനാട് ലോക്സഭാ മണ്ഡലത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഇഎം അഗസ്തിയേയും ചുമതലപ്പെടുത്തിയതായി കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍ അറിയിച്ചു.
മണിപ്പൂരില്‍ ന്യൂനപക്ഷ അവകാശങ്ങളില്‍ കടന്നുകയറ്റം: എംഎം ഹസന്‍
ദുഃഖവെള്ളിയും ഈസ്റ്ററും പ്രവൃത്തിദിനങ്ങളായി പ്രഖ്യാപിച്ച മണിപ്പൂര്‍ സര്‍ക്കാരിന്റെ നടപടി ന്യൂനപക്ഷ അവകാശങ്ങളിലുള്ള കടന്നുകയറ്റമാണെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍. ഇതു സംബന്ധിച്ച് ബിജെപി കേരള ഘടകവും എന്‍ഡിഎ സ്ഥാനാര്‍ത്ഥികളും പ്രതികരിക്കണം.
മണിപ്പൂരില്‍ അനേകം ക്രൈസ്തവരെ കൊന്നൊടുക്കുകയും പള്ളികള്‍ ചാമ്പലാക്കുകയും ചെയ്തിട്ടും അവിടേക്ക് ഇതുവരെ തിരിഞ്ഞുനോക്കാത്ത പ്രധാനമന്ത്രി അയോധ്യയില്‍ രാമക്ഷേത്ര പ്രതിഷ്ഠയ്ക്കും അബുദാബിയില്‍ ക്ഷേത്രഉദ്ഘാടനത്തിനും സമയം കണ്ടെത്തി. എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ഭരണകൂടമാണ് വേണ്ടതെന്ന് പറയുന്ന പ്രധാനമന്ത്രി അതൊന്നും പ്രാവര്‍ത്തികമാക്കുന്നില്ല.
മണിപ്പൂരില്‍ ദുഃഖവെള്ളിയും ഈസ്റ്ററും പ്രവൃത്തിദിനങ്ങളായി പ്രഖ്യാപിച്ച നടപടിയില്‍ ശക്തമായി പ്രതിഷേധിക്കുന്നു. ഇതു പിന്‍വലിക്കാന്‍ പ്രധാനമന്ത്രി മുന്‍കൈ എടുക്കണമെന്ന് ആവശ്യപ്പെടുന്നു.