ഇരുന്നിട്ട് എഴുന്നേൽക്കാൻ വയ്യ, നടക്കാൻ വയ്യ അങ്ങനെ പല പരാതികളാണ് ദിവസവും കേൾക്കുന്നത്. മുട്ട് വേദനയാണ് വില്ലൻ. മുട്ട് വേദന ഉണ്ടാക്കുന്ന പൊല്ലാപ്പുകൾ നിത്യേനയുള്ള ജീവിതത്തെ സാരമായി ബാധിക്കും.
എന്തൊക്കെ കാരണങ്ങൾ മൂലം മുട്ട് വേദന വരാം
വിവിധ ശരീരഭാഗങ്ങളെ സന്ധിവാതം ബാധിക്കാം. അസ്ഥികൾ, തരുണാസ്ഥികൾ, കശേരുക്കൾ, പേശികൾ എന്നിവയെ ഈ രോഗം ബാധിക്കാറുണ്ട്. സന്ധികളിൽ വേദന, നീർക്കെട്ട്, പ്രവർത്തനവൈകല്യം എന്നീ ലക്ഷണങ്ങളുണ്ടാകുന്നു. ഇത് സന്ധികളുടെ സ്വാഭാവിക ചലനത്തെ ബാധിക്കുന്നു.
സന്ധിവാതം പലതരത്തിലുണ്ട്. സന്ധിഗതവാതം (ഓസ്റ്റിയോആർത്രൈറ്റിസ്), രക്തവാതം (റുമാറ്റോയ്ഡ്ആർത്രൈറ്റിസ്), ആമവാതം(റുമാറ്റിക് ഫീവർ), ഗൗട്ട് എന്നിവ ഇവയിൽ പ്രധാനപ്പെട്ടതാണ്.
സന്ധിഗതവാതം എന്ന സന്ധിരോഗം സന്ധികളിൽ നീർക്കെട്ടും വേദനയും തേയ്മാനവുമുണ്ടാക്കുന്നു. ഇത് മുഖ്യസന്ധികളെയാണു ബാധിക്കുക. കാൽമുട്ടുകൾ, ഉപ്പൂറ്റിയുമായി യോജിക്കുന്ന സന്ധി, ഇടുപ്പിലെ സന്ധികൾ, നട്ടെല്ലിലെ കശേരുക്കളിലെ സന്ധികൾ തുടങ്ങിയവയെയാണ് ഇവ ബാധിക്കുക.
‘ഗൗട്ട്’ എന്ന സന്ധിവാതം രക്തത്തിലെ യൂറിക് ആസിഡിന്റെ അളവു കൂടുമ്പോഴാണ് ഉണ്ടാകുന്നത്. യൂറിക് ക്രിസ്റ്റലുകൾ സന്ധികളിൽ അടിഞ്ഞുകൂടി സന്ധികളുടെ സ്വാഭാവിക പ്രവർത്തനത്തെ ബാധിക്കുമ്പോൾ ‘ഗൗട്ട്’ ഉണ്ടാകുന്നു. പ്രായമുള്ള പുരുഷന്മാരിലാണ് ഈ രോഗം കൂടുതലായി കണ്ടു വരുന്നത്. സന്ധികളിൽ ശക്തമായ വേദനയും വീക്കവും ചുവപ്പു നിറവും ഉണ്ടാക്കുന്നു.
ചെറുപ്പക്കാരിലും മധ്യവയസ്കരിലും കണുന്ന സന്ധിരോഗമായ രക്തവാതം ചെറുതും വലുതുമായ സന്ധികളിൽ വേദനയും വീക്കവും ചലനവൈകല്യവുമുണ്ടാക്കുന്നു. മിക്കവരിലും രാവിലെ എഴുന്നേൽക്കുമ്പോൾ വേദനയുണ്ടാകും.
പ്രതിവിധികൾ
- ജീവിതശൈലിയിൽ മാറ്റം വരുത്തണം.
- പുകവലി ഒഴിവാക്കണം
- ചിട്ടയായ വ്യായാമം ആവശ്യമാണ്.
- യോഗാസനമുറകൾ വിദഗ്ധന്റെ നിർദേശപ്രകാരം അനുഷ്ഠിക്കാവുന്നതാണ്.
- തുടക്കത്തിലേ ചികിത്സ തേടണം.
- ജങ്ക് ഫുഡ് ഒഴിവാക്കണം.