കരൾ രോഗങ്ങൾ ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ജീവിതശെെലി രോഗങ്ങളുടെ ഭാഗമായി വരുന്ന ഒന്നാണ് ഫാറ്റിലിവർ രോഗം. കരളിൽ കൊഴുപ്പടിയുന്നതിനെയാണ് ഫാറ്റി ലിവർ രോഗം എന്ന് പറയുന്നത്.
കരൾ രോഗങ്ങൾ വരുന്നതതെങ്ങനെ?
അമിതമായ മദ്യപാനം കരളിനെ സാരമായി ബാധിക്കുകയും മൂന്ന് തരത്തിലുള്ള കരൾ രോഗത്തിന് കാരണമാവുകയും ചെയ്യുന്നതായി വിദഗ്ധർ പറയുന്നു. മദ്യപാനം കരളിൽ വീക്കത്തിനും അല്ലെങ്കിൽ ഹെപ്പറ്റൈറ്റിസ് എന്ന രോഗത്തിനും ഇടയാക്കും. കൂടാതെ, ഇത് ലിവർ സിറോസിസിനും ഇടയാക്കും.
ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി എന്നിവ വൈറൽ അണുബാധ മൂലമുണ്ടാകുന്ന രോഗങ്ങളാണ്. ഇവ കരളിന്റെ പ്രവർത്തനത്തെ തകരാറിലാക്കാം.
അധിക കലോറി ശരീരത്തിലെത്തുന്നത് കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടാൻ കാരണമാകുന്നു. കരൾ സാധാരണ പോലെ കൊഴുപ്പ് സംസ്കരിക്കുകയും വിഘടിപ്പിക്കുകയും ചെയ്യാതിരിക്കുമ്പോൾ വളരെയധികം കൊഴുപ്പ് അടിഞ്ഞു കൂടും. അമിതവണ്ണം, പ്രമേഹം അല്ലെങ്കിൽ ഉയർന്ന ട്രൈഗ്ലിസറൈഡുകൾ പോലുള്ള മറ്റ് ചില അവസ്ഥകൾ ഉണ്ടെങ്കിൽ ആളുകൾക്ക് ഫാറ്റി ലിവർ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
കരളിനെ തകരാറിലാക്കുന്ന നിരവധി മരുന്നുകളും സപ്ലിമെൻ്റുകളും ഉണ്ട്. ടൈലനോൾ (അസെറ്റാമിനോഫെൻ), ബോഡി ബിൽഡിംഗ് സപ്ലിമെൻ്റുകൾ, ഗ്രീൻ ടീ എക്സ്ട്രാക്‌റ്റുകൾ എന്നിവയും കരളിന് തകരാറുണ്ടാക്കാം.
ഫാസ്റ്റ് ഫുഡ് പതിവായി കഴിക്കുന്നത് ഫാറ്റി ലിവർ രോഗം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് ഗവേഷകർ കണ്ടെത്തി. ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനം പറയുന്നു. ഇത് കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന ജീവൻ അപകടപ്പെടുത്തുന്ന അവസ്ഥയാണ്.
കരളിനെ സംരക്ഷിക്കുന്ന ഭക്ഷണങ്ങൾ ഏതെല്ലാം?
നാരങ്ങ
രാവിലെ ഒരു ഗ്ലാസ് ചെറുചൂട് വെള്ളത്തിൽ നാരങ്ങ നീര് കഴിക്കുന്നത് കരളിലെ വിഷാംശങ്ങൾ നീക്കാൻ സഹായിക്കും.
ആപ്പിൾ
ഫൈബർ ധാരാളമുള്ള പഴമാണ് ആപ്പിൾ. ഇത് ഭക്ഷണക്രമത്തിൽ ചേർക്കുന്നത് കരളിലെ വിഷാംശം നീക്കാൻ സഹായിക്കും. ദഹന സംവിധാനത്തെയും ആപ്പിൾ ഗുണകരമായി സ്വാധീനിക്കുന്നു.
ഫാറ്റി ഫിഷ്
ഫാറ്റി ഫിഷിൽ അടങ്ങിയിരിക്കുന്ന ഒമേഗ – 3 ഫാറ്റി ആസിഡ് കരളിലെ നീർക്കെട്ട് കുറയ്ക്കുന്നു
കരൾ പ്രശ്നങ്ങൾക്ക് ഉത്തമപരിഹാരമാണ്.
വാൾനട്ട്
കരളിനെ ശുദ്ധീകരിക്കുന്ന അമിനോ ആസിഡ് അർജിനൈൻ വാൾനട്ടിൽ അധികമായി അടങ്ങിയിരിക്കുന്നു. വാൾനട്ട് കഴിക്കുമ്പോൾ കരളിലെ രക്തത്തിലേക്ക് കൂടുതൽ ഓക്സിജൻ എത്തുന്നു. സസ്യാധിഷ്ഠിത രാസവസ്തുക്കളും വാൾനട്ടിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.
അവക്കാഡോ
കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന പലതരം വൈറ്റമിനുകളും ധാതുക്കളും അടങ്ങിയതാണ് അവക്കാഡോ. ശരീരത്തിലെ വിഷാംശം നീക്കുന്ന പ്രക്രിയയെ സഹായിക്കുന്ന ഗ്ലൂട്ടാത്തിയോൺ എന്ന ആന്റി ഓക്സിഡന്റും ഇതിൽ അടങ്ങിയിരിക്കുന്നു.
ഗ്രീൻ ടീ
കറ്റേച്ചിൻ എന്ന ആന്റി ഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയ ഒന്നാണ് ഗ്രീൻ ടീ. ഇവ കരളിനെ ശുദ്ധീകരിക്കാനും ഇവിടുത്തെ നീർക്കെട്ട് തടയാനും സഹായിക്കുന്നു.
വെളുത്തുള്ളി
വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന ചില സൾഫർ തന്മാത്രകൾ കരളിലെ എൻസൈമുകളെ ഉത്തേജിപ്പിക്കുന്നു. ശരീരത്തിൽ നിന്ന് മാലിന്യങ്ങളും വിഷാംശങ്ങളും പുറംതള്ളുന്ന പ്രക്രിയയെ ഈ എൻസൈമുകൾ സഹായിക്കുന്നു. കരളിനെ സംരക്ഷിക്കുന്ന സെലീനിയവും വെളുത്തുള്ളിയിൽ അടങ്ങിയിട്ടുണ്ട്.
മഞ്ഞൾ
കരളിനെ സംരക്ഷിക്കുന്ന മഞ്ഞൾ ആരോഗ്യകരമായ കരൾ കോശങ്ങളുടെ വളർച്ചയെയും ഉത്തേജിപ്പിക്കുന്നു. കരളിൽ കൊഴുപ്പടിയാതിരിക്കാനും ഇവ സഹായിക്കുന്നു. ബൈലിന്റെ ഉൽപാദനത്തെയും മഞ്ഞൾ പരിപോഷിപ്പിക്കുന്നു