മഅ്ദനിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയെന്ന് പി.ഡി.പി നേതാക്കള്‍: മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കും

മെഡിക്കല്‍ ട്രസ്റ്റില്‍ ഐ.സി.യുവില്‍ തുടരുന്നു, പി.ഡി.പി രോഗ വിവിരം അറിയിച്ച് ബുള്ളറ്റിന്‍ ഇറക്കി

പി.ഡി.പി സ്ഥാപക നേതാവ് മഅ്ദനിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി. ഇന്നു രാവിലെയാണ് മഅ്ദനിക്ക് കടുത്ത ശക്തമായ ശ്വാസ തടസ്സം നേരിട്ടത്. തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നുവെന്ന് പി.ഡി.പി നേതാവ് വര്‍ക്കല രാജ് അന്വേഷണത്തോടു പറഞ്ഞു. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലാണ് മഅ്ദനിയുടെ ചിക്തിസ നടക്കുന്നത്. ഇന്നു രാവിലെ 6 മണിയോടു കൂടിയാണ് കടുത്ത ശ്വാസ തടസ്സം നേരിട്ടത്. ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുകയാണ്.

എന്നാല്‍, അല്‍പ്പം ആശ്വാസമുണ്ടെന്ന വാര്‍ത്തയാണ് ഡോക്ടര്‍മാര്‍ നല്‍കുന്നത്. മഅ്ദനിയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് മെഡിക്കല്‍ ട്രസ്റ്റ് അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറപ്പെടുവിക്കുമെന്നും സൂചന നല്‍കുന്നുണ്ട്. എന്നാല്‍, പി.ഡി.പി മഅ്ദനിയുടെ നിലവിലുള്ള അവസ്ഥയെ കുറിച്ച് ഒരു ബുള്ളറ്റിന്‍ പുറത്തിറക്കിയിട്ടുണ്ട്. കേരളത്തിലെ പി.ഡി.പി പ്രവര്‍ത്തകര്‍ക്കു വേണ്ടിയാണ് ഇത് ഇറക്കിയിരിക്കുന്നത്.

പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എം.അലിയാര്‍ ആണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു വിവരങ്ങള്‍ അറിയാനായി ഈ ബുള്ളറ്റിന്‍ ഇറക്കിയിരിക്കുന്നത്. മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ പി.ഡി.പി സംസ്ഥാന നേതാക്കളെല്ലാം ഉണ്ടെന്നാണ് അറിയുന്നത്. ഒന്നില്‍ കൂടുതല്‍ അസുഖങ്ങളും ശാരീരിക അവശതകളും നിറഞ്ഞ രോഗാവസ്ഥയിലാണ് പി.ഡി.പി സ്ഥാപക നേതാവ് അബ്ദുന്നാസിര്‍ മഅ്ദനി. ഡയാലിസിസും സര്‍ജറികളുമായി നിരന്തരം അവശതയിലൂടെയാണ് മഅ്ദനി കഴിഞ്ഞ കുറേ നാളുകളായി കടന്നു പോകുന്നത്.

എങ്കിലും ആശ്വാസമുള്ളത് കുടുംബക്കാരുമായും പാര്‍ട്ടി പ്രവര്‍ത്തകരുമായുള്ള ആശയവിനിമയമാണ്. അതിന് മുടക്കം വരുത്തിയിട്ടില്ല. ഇതിനിടയില്‍ ഒരു സര്‍ജറി കൂടി നടത്തിയിരുന്നു. ഇതോടെ ആരോഗ്യം ശരിക്കും ക്ഷയിച്ചു. ഇതിനു പുറമേ നടത്തുന്ന ഡയാലിസിസും മറ്റു മരുന്നുകളും വലിയ ക്ഷീണമുണ്ടാക്കി. ഇതിനിടയിലാണ് ശ്വാസ തടസ്സവും ഉണ്ടായിരിക്കുന്നത്.

പി.ഡി.പി നോക്കള്‍ ഇറക്കിയ ബുള്ളറ്റിനില്‍ പറയുന്നത് ഇതാണ്: മഅ്ദനിയുടെ ആരോഗ്യാവസ്ഥ മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരി 20 ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യപ്പെട്ട പി.ഡി.പി.ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 6.30 ഓടെ ശക്തമായ ശ്വാസ തടസ്സം നേരിട്ടതിനെ തുടര്‍ന്ന് ഗുരുതര സാഹചര്യത്തില്‍ വെന്റിലേറ്റര്‍ ഐ.സി.യുവിലേക്ക് മാറ്റി. ബി.പി. ക്രമാതീതമായി വര്‍ദ്ധിക്കുകയും, ഓക്‌സിജന്റെ അളവ് പെട്ടെന്ന് താഴുകയും ചെയ്തു.

വിദഗ്ദ്ധ മെഡിക്കല്‍ സംഘത്തിന്റെ പരിചരണത്തില്‍ വെന്റിലേറ്റര്‍ സഹായത്തോടെ ഐ.സി.യുവില്‍ ആണുള്ളത്. ഡയാലിസിസ് നടന്നു വരുന്നു. ഭാര്യ സൂഫിയ മഅ്ദനി, മകന്‍ സലാഹുദ്ദീന്‍ അയ്യൂബി, സഹോദരന്‍ സിദ്ധീഖ് തുടങ്ങിയവരും പാര്‍ട്ടി നേതാക്കളും ആശുപത്രിയില്‍ ഉണ്ട്. മെഡിക്കല്‍ ബുള്ളറ്റിന്‍ വരുന്നതും കാത്താണ് എല്ലാവരും ഇരിക്കുന്നത്. പി.ഡി.പി നേതാക്കളായ വര്‍ക്കല രാജ്, മുഹമ്മദ് ബിലാല്‍, അലിയാര്‍ കോതമംഗലം, മൈലക്കാട് ഷാ എന്നിവര്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ തന്നെയുണ്ട്.

1998ലെ കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ഒന്‍പതു വര്‍ഷം വിചാരണ തടവുകാരനായി തമിഴ്നാട്ടില്‍ ജയിലില്‍ കഴിഞ്ഞു. 2007 ഓഗസ്റ്റ് 1ന് ഈ കേസില്‍ കുറ്റക്കാരനല്ലെന്നു കണ്ട് പ്രത്യേക കോടതി മഅ്ദനിയെ വെറുതേ വിട്ടു. ഇതിനുശേഷം 2008 ജൂലൈ 25ലെ ബംഗളൂരു സ്‌ഫോടന പരമ്പര കേസില്‍ വിചാരണ തടവുകാരനായി പരപ്പന അഗ്രഹാര ജയിലില്‍ കഴിയുമ്പോഴാണ് വിദഗ്ധ ചികിത്സയ്ക്കായി ജാമ്യവ്യവസ്ഥകളോടെ കേരളത്തിലെത്തുന്നത്.