‘ഒടുവിൽ ഈസ്റ്ററിന് അവധി’; വിവാദമായതോടെ ഉത്തരവ് പിൻവലിച്ച് മണിപ്പൂർ സർക്കാർ

ന്യൂഡൽഹി: ഈസ്റ്റര്‍ ദിനത്തിലെ ഔദ്യോഗിക അവധി റദ്ദാക്കികൊണ്ടുള്ള ഉത്തരവ് മണിപ്പുർ സർക്കാർ പിൻവലിച്ചു. ഈസ്റ്റര്‍ ദിനം പ്രവര്‍ത്തി ദിവസമാക്കികൊണ്ട് പുറത്തിറക്കിയ ഉത്തരവാണ് പിന്‍വലിച്ചത്.

പുതിയ ഉത്തരവ് പ്രകാരം മണിപ്പൂരില്‍ ദുഖവെള്ളിയും ഈസ്റ്ററും അവധി ദിവസമായിരിക്കും. ഇതിനിടയില്‍ മാര്‍ച്ച് 30 ശനിയാഴ്ച മാത്രം പ്രവര്‍ത്തി ദിനമായിരിക്കുമെന്ന് പുതിയ ഉത്തരവിൽ പറയുന്നു. മണിപ്പൂർ സർക്കാരിൻ്റെ നടപടി വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. തുടര്‍ന്ന് കേന്ദ്രം ഇടപെടലിനെ തുടർന്നാണ് പുതിയ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ.

ദു:ഖവെള്ളിയാഴ്ചയും ഈസ്റ്റര്‍ ഞായറാഴ്ചയും അവധിയായിരിക്കുമെന്ന് വ്യക്തമാക്കി മണിപ്പൂര്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയെന്നും വിഷയങ്ങള്‍ ഒന്നുമില്ലാത്ത കോണ്‍ഗ്രസ് ഇല്ലാക്കഥകൾ ഉണ്ടാക്കുകയാണെന്നും ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ ആരോപിച്ചു. റഷ്യയിലെ തീവ്രവാദ ആക്രമണത്തെയും ഹമാസിന്‍റെ ആക്രമണത്തെയും കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടികളും ഇനി എപ്പോഴാണ് അപലപിക്കുകയെന്ന് പറയണമെന്നും ജാവദേക്കര്‍ എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.

അതേസമയം, ഇന്നലെയാണ് ഈസ്റ്റര്‍ ദിനത്തിലെ ഔദ്യോഗിക അവധി റദ്ദാക്കി മണിപ്പൂര്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഈസ്റ്റര്‍ ദിനം പ്രവര്‍ത്തി ദിനമായിരിക്കുമെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്.സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാന ദിനമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഉത്തരവെന്നായിരുന്നു സർക്കാരിൻ്റെ വിശദീകരണം. മാര്‍ച്ച് 31 നാണ് ഈ വര്‍ഷത്തെ ഈസ്റ്റര്‍. മാര്‍ച്ച് 30 ശനിയാഴ്ചയും 31 ഞായറാഴ്ചയുമാണ്. ഈ രണ്ട് ദിവസങ്ങളും പ്രവര്‍ത്തി ദിവസമായിരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഉത്തരവിൽ പറഞ്ഞിരുന്നു.