തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ കാലിത്തൊഴുത്ത് നിർമ്മിക്കാൻ 34.12 ലക്ഷംരൂപ ചെലവഴിച്ചതിൻ്റെ കണക്കുകൾ പുറത്ത്. ഇതിനു പുറമേ ചാണകക്കുഴിക്കായി 3.5 ലക്ഷം രൂപയും ചെലവാക്കിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പാണ് തുക അനുവദിച്ചിരിക്കുന്നതെന്ന് രേഖകൾ വ്യക്തമാക്കുന്നു.
പൊതുമരാമത്ത് വകുപ്പ് കാലിത്തൊഴുത്ത് നിർമിക്കാൻ പണം അനുവദിച്ചതിന്റെ രേഖകൾ ഫെബ്രുവരിയിലെ നിയമസഭാ സമ്മേളനത്തിലാണു സഭയിൽ സമർപ്പിച്ചിരുന്നു. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽവന്നശേഷം ക്ലിഫ് ഹൗസിൽ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയത് 1.85 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ്
ക്ലിഫ് ഹൗസിലെ ചുറ്റുമതിലിന്റെ ഒരു ഭാഗവും കാലിത്തൊഴുത്തും നിർമിക്കാൻ 34.12 ലക്ഷംരൂപ ചെലവഴിച്ചതായാണു പൊതുമരാമത്ത് വകുപ്പിന്റെ രേഖ. 2022 ജൂൺ 1 നാണ് കാലിത്തൊഴുത്തും മതിലിന്റെ ഒരുഭാഗവും നിർമിക്കാൻ മരാമത്ത് വകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങിയത്. ക്ലിഫ് ഹൗസിലെ നീന്തൽ കുളത്തിന്റെ പരിപാലനത്തിനായി 1.85 കോടി ക്ക് പുറമേ 38.47 ലക്ഷം അധികമായി ചെലവഴിച്ചു.
കെ.കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് നീന്തൽ കുളം നിർമിച്ചത്. 2016ൽ പിണറായി വിജയൻ മുഖ്യമന്ത്രിയായശേഷമാണ് കുളം നവീകരിച്ചത്. നവീകരണത്തിനായി 18,06,785 രൂപയും റൂഫിന്റെ ട്രസ് വർക്കുകൾക്കും പ്ലാന്റ് റൂമിന്റെ നവീകരണത്തിനുമായി 7,92,433 രൂപയും വാർഷിക അറ്റക്കുറ്റപ്പണികൾക്കായി 5.93 ലക്ഷംരൂപയും ചെലവഴിച്ചിട്ടുണ്ട്. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്കാണ് നീന്തൽ കുളത്തിന്റെ പരിപാലന ചുമതല.
രണ്ടാം പിണറായി സർക്കാർ നടത്തിയ ക്ലിഫ് ഹൗസ് നവീകരണ പ്രവർത്തനങ്ങളുടെ ചെലവ്
ക്ലിഫ് ഹൗസിൽ കാലിത്തൊഴുത്ത് നിർമിച്ചിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രി നേരത്തെ അവകാശപ്പെട്ടത്. “കാലിത്തൊഴുത്തിന് 40 ലക്ഷം എന്നു പറയുന്നതുപോലെ അസംബന്ധമായ ഒരു പ്രചാരണവും ഈ ഭൂലോകത്ത് ഉണ്ടാകുമെന്നു തോന്നുന്നില്ല. എന്തെല്ലാം പ്രചാരണമാണു നമ്മുടെ നാട്ടിൽ നടക്കുന്നത് “- എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിലെ പ്രതികരണം.
തൊഴുത്ത് നിർമാണത്തിനല്ല ക്ലിഫ് ഹൗസിലെ തകർന്ന മതിൽ കെട്ടാനാണ് തുക അനുവദിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. താനല്ല നിർമാണത്തിന്റെ കണക്ക് തയാറാക്കുന്നതെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.