കോട്ടയം: ചങ്ങനാശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിയിൽ പൊലീസ് ഉദ്യോഗസ്ഥന് വെട്ടേറ്റു. ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെ പ്രതി വെട്ടിപ്പരുക്കേൽപ്പിക്കുകയായിരുന്നു. ആക്രമണം നടത്തിയ കാരപ്പുഴ മാന്താറ്റ് വീട്ടിൽ രമേശനെ (65) പൊലീസ് അറസ്റ്റ് ചെയ്തു. കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ ജയനാണു പരുക്കേറ്റത്.
ഒരു കേസിൽ പ്രതിയായിരുന്ന രമേശൻ ഇതുമായി ബന്ധപ്പെട്ട രേഖകൾ അന്വേഷിച്ചാണ് കോടതിയിലെത്തിയത്. രാവിലത്തെ സീറ്റിംഗ് അവസാനിച്ചപ്പോൾ കോടതിയിൽ എത്തിയ രമേശൻ ഡ്യൂട്ടിയിലുണ്ടായിരുന്ന ബെഞ്ച് ക്ലർക്കുമായി തർക്കമുണ്ടാവുകയായിരുന്നു. തുടർന്ന് ഇയാൾ ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചെങ്കിലും പൊലീസ് ഉദ്യോഗസ്ഥർ തടഞ്ഞു.
രമേശിനെ കോടതിയിൽനിന്നു പുറത്താക്കിയ രമേശൻ വൈകിട്ട് കയ്യിൽ കത്തിയും വെട്ടുകത്തിയുമായി കോടതിയിൽ എത്തുകയായിരുന്നു. തുടർന്ന് ഇയാൾ വീണ്ടും ചേംബറിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. ഈ ശ്രമം തടയുന്നതിനിടെയാണ് ജയനു വെട്ടേറ്റത്. ഉടൻ തന്നെ മറ്റ് പൊലീസുകാർ സാഹസികമായി രമേശനെ ബലപ്രയോഗത്തിലൂടെ കീഴടക്കി. തുടർന്ന് ചങ്ങനാശേരി പൊലീസ് എത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.