ഹൈദരാബാദ്: തെലങ്കാനയിൽ അപ്രതീക്ഷിത നീക്കവുമായി കോൺഗ്രസ്. എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീന്‍ ഒവൈസിക്കെതിരെ ടെന്നിസ് താരം സാനിയ മിര്‍സയെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കങ്ങൾ നടത്തുന്നുവെന്നാണ് സൂചനകൾ. ഗോവ, തെലങ്കാന, യുപി, ജാര്‍ഖണ്ഡ്, ദാമന്‍ ദിയു എന്നീ നാല് സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ മിര്‍സയുടെ പേര് ഉയര്‍ന്നുവന്നു.
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനും കോണ്‍ഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീനാണ് സാനിയ മിര്‍സയുടെ പേര് മുന്നോട്ട് വെച്ചത്. അസ്ഹറുദ്ദീന്റെ മകന് മുഹമ്മദ് അസദ്ദുദീന്‍ സാനിയ മിര്‍സയുടെ സഹോദരി അനം മിര്‍സയെയാണ് വിവാഹം ചെയ്തിരിക്കുന്നത്.
സാനിയ മിര്‍സയുടെ ജനപ്രീതിയും സെലിബ്രിറ്റി പദവിയും ഉപയോഗിച്ച് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ കാലുറപ്പിക്കാൻ നോക്കുകയാണെന്നാണ് രാാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. 1980-ൽ കെ എസ് നാരായണനിലൂടെയാണ് കോൺഗ്രസ് അവസാനമായി ഹൈദരാബാദിൽ മണ്ഡലം പിടിച്ചെടുത്തത്.
എഐഎംഐഎമ്മിൻ്റെ ശക്തികേന്ദ്രമാണ് ഹൈദരാബാദ്. 1984-ൽ സുൽത്താൻ സലാഹുദ്ദീൻ ഒവൈസി ഹൈദരാബാദ് സീറ്റിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായും പിന്നീട് 1989 മുതൽ 1999 വരെ എഐഎംഐഎം സ്ഥാനാർത്ഥിയായും വിജയിച്ചു. അദ്ദേഹത്തിന് ശേഷം അസദുദ്ദീൻ ഒവൈസി 2004 മുതൽ സീറ്റ് കൈവശം വച്ചുകൊണ്ട് പാരമ്പര്യം മുന്നോട്ട് കൊണ്ടുപോയി. 2019 ൽ ഒവൈസിക്കെതിരെ 14 സ്ഥാനാർത്ഥികൾ മത്സരിച്ചു. ആകെ പോൾ ചെയ്ത വോട്ടിൻ്റെ 58.94% നേടി ആധിപത്യം നിലനിർത്തി അദ്ദേഹം വിജയിക്കുകയായിരുന്നു.