പിലിഭിത്ത്: ബി.ജെ.പി ലോക്സഭ സീറ്റ് നിഷേധിച്ചതിന് പിന്നാലെ പിലിഭിത്ത് മണ്ഡലത്തിലെ ജനങ്ങൾക്ക് വൈകാരിക കത്തെഴുതി സിറ്റിങ് എം.പി വരുൺ ഗാന്ധി. പിലിഭിത്തുമായുള്ള തന്‍റെ ബന്ധം അവസാന ശ്വാസം വരെ തുടരുമെന്ന് വരുൺ ഗാന്ധി കത്തിൽ വ്യക്തമാക്കി.
‘എം.പി എന്ന നിലയിലുള്ള കാലാവധി അവസാനിക്കാറുണ്ടെങ്കിലും പിലിഭിത്തുമായുള്ള എന്‍റെ ബന്ധം അവസാന ശ്വാസം വരെ തുടരും. ഒരു എം.പി എന്ന നിലയിലല്ലെങ്കിൽ, ഒരു മകനെന്ന നിലയിൽ, എന്‍റെ ജീവിതത്തിലുടനീളം നിങ്ങളെ സേവിക്കാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്. എന്‍റെ വാതിലുകൾ എല്ലായ്പോഴും നിങ്ങൾക്കായി തുറന്നിരിക്കും.
1983ൽ മാതാവിന്‍റെ വിരലിൽ പിടിച്ച് മൂന്നു വയസുള്ള ഒരു ചെറിയ കുട്ടി ആദ്യമായി പിലിബിത്തിൽ എത്തിയത് ഞാൻ ഓർക്കുന്നു. ഒരു ദിവസം ഈ ഭൂമി തന്‍റെ ജോലിസ്ഥലമാകുമെന്നും ഇവിടത്തെ ജനങ്ങൾ തന്‍റെ കുടുംബമാകുമെന്നും അയാൾ എങ്ങനെ അറിഞ്ഞു?
സാധാരണക്കാരന്‍റെ ശബ്ദമുയർത്താനാണ് ഞാൻ രാഷ്ട്രീയത്തിൽ വന്നത്. എന്ത് വിലകൊടുത്തും ഈ പ്രവർത്തനം എപ്പോഴും തുടരാൻ ഞാൻ നിങ്ങളുടെ അനുഗ്രഹം തേടുന്നു. ഞാനും പിലിബിത്തും തമ്മിലുള്ളത് സ്നേഹത്തിന്‍റെയും വിശ്വാസത്തിന്‍റെയും ബന്ധമാണ്. അത് ഏത് രാഷ്ട്രീയ യോഗ്യതക്കും അതീതമാണ്’-വരുൺ ഗാന്ധി ചൂണ്ടിക്കാട്ടി.
രണ്ടുതവണ പിലിഭിത്തിൽ മത്സരിച്ച് എംപിയായ വരുണിന് ഇത്തവണ ബിജെപി സീറ്റ് നൽകിയിരുന്നില്ല. പിലിഭിത്തിൽ നാമനിർദേശ പത്രിക നൽകാനുള്ള സമയം കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. വരുൺ ഗാന്ധി ബിജെപി വിടുമെന്ന അഭ്യൂഹവും ശക്തമാണ്. സമാജ് വാദി പാർട്ടിയും, കോൺഗ്രസും വരുണിനെ ക്ഷണിച്ചിട്ടുണ്ട്.
പിലിഭിത്തിൽ നിന്ന് രണ്ട് തവണ എംപിയായ ആളാണ് വരുൺ ഗാന്ധി, 2019 ലെ തിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയുടെ ഹേംരാജ് വർമയെ 2.55 ലക്ഷത്തിലധികം വോട്ടുകൾക്കാണ് ഗാന്ധി പരാജയപ്പെടുത്തിയത്. എന്നാൽ ഇത്തവണ ബിജെപി വരുൺ ഗാന്ധിയെ പൂർണ്ണമായി മാറ്റി നിർത്തി. ബിജെപിക്കെതിരെ സമീപ കാലങ്ങളിൽ നിരന്തരം വിമർശനങ്ങൾ ഉന്നയിച്ചതോടെയാണ് വരുൺഗാന്ധിക്ക് സീറ്റ് നഷ്ടമായത്.