ന്യൂഡൽഹി : യുപിഎ സർക്കാറിൻ്റെ കാലത്ത് വ്യോമയാന മന്ത്രിയായിരുന്ന എൻസിപി നേതാവ് പ്രഫുൽ പട്ടേലിനെതിരായ അഴിമതി കേസ് അവസാനിപ്പിച്ചു. എയർ ഇന്ത്യയ്ക്ക് വിമാനങ്ങൾ പാട്ടത്തിനെടുത്ത കേസിലാണ് ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സിബിഐ ക്ലീൻ ചിറ്റ് നൽകിയിരിക്കുന്നത്.
സുപ്രീംകോടതി നിർദ്ദേശ പ്രകാരം തുടങ്ങിയ അന്വേഷണം അവസാനിപ്പിച്ച് സിബിഐ കോടതിയിൽ റിപ്പോർട്ട് നൽകി. 7 വർഷമായി അന്വേഷിക്കുന്ന കേസിലാണ് അന്വേഷണം അവസാനിപ്പിച്ച് സിബിഐ പ്രഫുൽ പട്ടേലിന് ക്ലീൻ ചിറ്റ് നൽകിയത്.
2017 മേയിലാണ് സുപ്രീംകോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. എയർ ഇന്ത്യയ്ക്ക് വിമാനങ്ങൾ പാട്ടത്തിനെടുത്തതിൽ അഴിമതി കണ്ടെത്തിയതിനെ തുടർന്നായിരുന്നു കോടതി ഇടപെടൽ.വ്യോമയാന വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കൊപ്പം അന്നത്തെ വ്യോമയാന മന്ത്രിയായിരുന്ന പ്രഫുൽ പട്ടേലും കേസിൽ പ്രതിയായി.
കൂടുതൽ വിമാനങ്ങൾ വാങ്ങേണ്ടതില്ലെന്ന റിപ്പോർട്ട് തള്ളി വ്യോമയാന മന്ത്രിയായിരുന്ന പ്രഫുൽ പട്ടേൽ വിമാനങ്ങൾ പാട്ടത്തിനെടുത്തുവെന്നായിരുന്നു ആരോപണം.എൻസിപി നേതാക്കളായ പ്രഫുൽ പട്ടേലും അജിത് പവാറും കഴിഞ്ഞ വർഷം എൻഡിഎയ്ക്കൊപ്പം ചേർന്നിരുന്നതിന് പിന്നാലെയാണ് അഴിമതി കേസ് സിബിഐ അവസാനിപ്പിച്ചത്.