തിരുവനന്തപുരം: പൂക്കോട് വെറ്റിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഹൈക്കോടതി മുന്‍ ജഡ്ജി എ ഹരിപ്രസാദിനാണ് അന്വേഷണ ചുമതല. മുന്‍ വയനാട് ഡിവൈഎസ്പി വിജി കുഞ്ഞന്‍ അന്വേഷണത്തിന് സഹായിക്കും. മൂന്നുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. സിദ്ധാര്‍ഥിന്റെ മരണത്തില്‍ വിസിയുടെയും ഡീനിന്റെയും വീഴ്ചകളും അന്വേഷണ പരിധിയില്‍ വരും.
കമ്മീഷന്റെ പ്രവർത്തന ചെലവ് സർവ്വകലാശാല അക്കൗണ്ടിൽ നിന്നാകും. സർവ്വകലാശാല ചട്ടം അനുസരിച്ചാണ് ഗവർണ്ണറുടെ ഇടപെടൽ. സിബിഐ അന്വേഷണത്തിൽ അന്തിമ തീരുമാനം വരും മുമ്പാണ് അന്വേഷണ കമ്മീഷനെ നിയമിച്ചുളള അന്വേഷണം.
സർവകലാശാലയിലെ ക്രിമിനൽ പ്രവർത്തനങ്ങൾ തടയുന്നതിൽ അധികൃതർക്ക് വീഴ്ച സംഭവിച്ചുവെന്ന് ആരിഫ് മുഹമ്മദ് ഖാൻ ആരോപിച്ചിരുന്നു. അതിന്റെ ഭാഗമായി സിദ്ധാർത്ഥന്റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. സിറ്റിങ് ജഡ്ജിമാരെക്കൊണ്ട് അന്വേഷിപ്പിക്കണം എന്നായിരുന്നു ആവശ്യമെങ്കിലും റിട്ടയേർഡ് ജഡ്ജിമാരുടെ പട്ടികയാണ് ഹൈക്കോടതി ഗവർണർക്ക് കൈമാറിയത്. ഇതിൽനിന്ന് ഗവർണറാണ് കമ്മീഷൻ അധ്യക്ഷനെ തിരഞ്ഞെടുത്തത്.
സിദ്ധാർത്ഥന്റെ ദാരുണ മരണത്തിന് ഇടയാക്കിയ, ക്യാംപസിന്റെയും ഹോസ്റ്റലിൻ്റെയും ഭരണനിർവഹണവുമായി ബന്ധപ്പെട്ട വീഴ്ചകളും റാഗിങ് നിരോധനവുമായി ബന്ധപ്പെട്ട് യു ജി സി പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ പാലിക്കുന്നതിൽ ഉദ്യോഗസ്ഥർ സ്വീകരിച്ച നിലപാടുകളുമെല്ലാം സമിതി അന്വേഷിക്കും. കമ്മീഷൻ ആദ്യ സിറ്റിങ് ചേർന്ന് മൂന്നുമാസത്തിനുള്ളിൽ ചാൻസലർക്ക് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
ബിവിഎസ്സി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ സിദ്ധാര്‍ഥനെ ഫെബ്രുവരി 18നാണ് ഹോസ്റ്റലിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വാലന്റൈന്‍സ് ഡേ ദിനാചരണവുമായി ബന്ധപ്പെട്ട് കോളജില്‍ വിദ്യാര്ഥികള്ക്കിടിയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സിദ്ധാര്ഥന് ക്രൂരമര്‍ദനത്തിനും ആള്‍ക്കൂട്ട വിചാരണക്കും വിധേയമായെന്നാണ് പരാതി. നിലവിൽ 18 പ്രതികളാണ് കേസിലുള്ളത്.
കേസ് അന്വേഷണം കുടുംബത്തിന്റെ ആവശ്യപ്രകാരം കേരളസർക്കാർ സിബിഐക്ക് കൈമാറാൻ തീരുമാനമായിരുന്നു. എന്നാൽ ആഴ്ചകൾ പിന്നിട്ടിട്ടും സിബിഐ കേസ് ഏറ്റെടുക്കാത്തതിനെ തുടർന്ന് കുടുംബം രംഗത്തുവന്നിരുന്നു. ആരോപണത്തെ തുടർന്ന് മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തിരുന്നു. പെർഫോമ റിപ്പോർട്ട് സിബിഐക്ക് നൽകുന്നതിൽ കാലതാമസമുണ്ടായതാണ് നടപടിയെടുക്കുന്നതിലേക്കെത്തിച്ചത്. ഡെപ്യുട്ടി സെക്രട്ടറി ഉൾപ്പെടെ ആഭ്യന്തര വകുപ്പിലെ മൂന്നു ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.