ന്യൂഡല്‍ഹി: മെഴ്‌സിഡസ് കാറില്‍ കറങ്ങിനടന്ന് ലഹരി മരുന്ന് വില്‍പ്പന നടത്തിയ മുന്‍ ദേശീയ ഗുസ്തി താരവും കൂട്ടാളിയും പിടിയില്‍. ഹനുമാന്തെ (30), കൂട്ടാളി അദ്‌നാൻ അഹമ്മദ് (32) എന്നിവരെയാണ് നോർത്ത് ഡൽഹിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 10 ലക്ഷം രൂപ വിലമതിക്കുന്ന ‘മലാന ക്രീം’ കണ്ടെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ഉത്തര ഡല്‍ഹിയില്‍ നിന്നാണ് താരത്തെ പിടികൂടിയത്. ഹിമാചല്‍ പ്രദേശില്‍ നിന്ന് കൊണ്ടുവരുന്ന ലഹരി വസ്തുക്കള്‍ ഡല്‍ഹിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ഇവര്‍ വിതരണം ചെയ്യുകയായിരുന്നു. ഇരുവരെയും കുറിച്ച് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വസീരാബാദ് മേല്‍പ്പാലത്തില്‍ വച്ചാണ് സംഘത്തെ പിടികൂടിയത്.
രാജ്യന്തര ജൂനിയര്‍ തലത്തില്‍ വരെ മത്സരിച്ചിട്ടുള്ള ഹനുമന്തെ, 2014ലുണ്ടായ പരിക്കിനെ തുടര്‍ന്ന് ഏറെക്കാലം കിടപ്പിലായിരുന്നു. ഇതോടെ കായികരംഗം വിട്ട ഹനുമന്തെ പിന്നീട് ലഹരികടത്ത് സംഘത്തിനൊപ്പം ചേരുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. സ്വന്തം ആവശ്യത്തിനും കൂടിയാണ് ഇയാള്‍ ലഹരി വാങ്ങിയിരുന്നതെന്ന പോലീസ് വ്യക്തമാക്കി.
കാര്‍ മെക്കാനിക്കും വര്‍ക്‌ഷോപ്പ് ഉടമയുമാണ് അദ്‌നാന്‍ അഹമ്മദ്. എളുപ്പത്തിൽ പണം സമ്പാദിക്കുന്നതിന് വേണ്ടിയാണ് മയക്കുമരുന്ന് കച്ചവടം തുടങ്ങിയതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു.