ബെംഗളൂരു: രാമേശ്വരം കഫേ സ്‌ഫോടന കേസിൽ മൂന്ന് പ്രതികളിൽ ഒരാൾ എൻഐഎയുടെ പിടിയിൽ. സ്‌ഫോടനത്തിന്റെ മുഖ്യ ആസൂത്രകനായ കർണ്ണാടക സ്വദേശി മുസമ്മിൽ ഷെരീഫിനെയാണ് എൻഐഎ പിടികൂടിയത്. സ്‌ഫോടനം നടന്ന് 28 ദിവസത്തിന് ശേഷമാണ് അറസ്റ്റ്. രാജ്യത്തെ 18 സ്ഥലങ്ങളിൽ നടത്തിയ പരിശോധനയ്‌ക്കൊടുവിലാണ് ഇയാളെ പിടികൂടിയതെന്നും എൻഐഎ വ്യക്തമാക്കി. കർണാടകയിൽ 12 ഇടങ്ങളിലും തമിഴ്നാട്ടിൽ അഞ്ചിടങ്ങളിലും യുപിയിൽ ഒരിടത്തുമാണ് പ്രതികൾക്കായി എൻഐഎ പരിശോധന നടത്തിയത്.
കഫേയിൽ ബോംബ് വച്ച ആളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. മുസ്സവിർ ഷസീഖ് ഹുസെെൻ എന്നയാളാണ് ബോംബ് വച്ചതെന്ന് തിരിച്ചറിഞ്ഞതായി എൻഐഎ വ്യക്തമാക്കി. ഇയാൾ ഒളിവിലാണ്. അബ്ദുൽ മതീൻ താഹയാണ് മറ്റൊരു ആസൂത്രകൻ. ഇവർക്ക് വേണ്ടി തെരച്ചിൽ ആരംഭിച്ചു.
മാർച്ച് ഒന്നിനാണ് ബംഗളൂരുവിലെ വൈറ്റ്ഫീൽഡ് ഏരിയയിലെ കഫേയിൽ സ്ഫോടനം നടന്നത്. മാർച്ച് മൂന്നിനാണ് കേസ് എൻഐഎയ്‌ക്ക് കൈമാറിയത്. തിരക്കേറിയ ഉച്ച സമയത്തായിരുന്നു കഫേയിൽ സ്ഫോടനമുണ്ടായത്. പത്തുപേർക്ക് പരിക്കേറ്റിരുന്നു. പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് പത്ത് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. വിവരം നൽകുന്നവരുടെ ഐഡന്റിറ്റി വെളിപ്പെടുത്തില്ലെന്നും എൻഐഎ ഉറപ്പ് നൽകിയിരുന്നു. കഫേയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച പ്രതിയുടെ ചിത്രവും ഉദ്യോഗസ്ഥർ പുറത്തുവിട്ടിരുന്നു.