തിരുവനന്തപുരം: കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. കടമെടുപ്പ് പരിധിയും കടന്നാണ് കേരളം കടമെടുക്കുന്നതെന്നും തിരുവനന്തപുരത്ത് എന്‍.ഡി.എ. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ അവര്‍ പറഞ്ഞു.
തുടര്‍ച്ചയായി കേരളത്തിന്റെ സാമ്ബത്തിക മാനേജ്‌മെന്റ് പരാജയമാണ്, 2016 മുതല്‍ ഇതാണ് സ്ഥിതി, കടം എടുക്കാന്‍ പരിധിയുണ്ട്, പക്ഷെ അതും കടന്നാണ് കേരളത്തിന്റെ കടമെടുപ്പ്, ബജറ്റിന് പുറത്ത് വന്‍തോതില്‍ കേരളം കടമെടുക്കുന്നു, തിരിച്ചടക്കാന്‍ പൈസ ഇല്ല, ട്രഷറി പണം ഉപയോഗിച്ചാണ് തിരിച്ചടക്കുന്നതെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു
കേരളത്തിലേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമാണ് കേരളത്തിലുള്ളതെന്നും നിര്‍മലാ സീതാരാമന്‍ കുറ്റപ്പെടുത്തി. കിറ്റക്സ് കമ്പനി തെലങ്കാനയിലേക്ക് പോയത് പരാമര്‍ശിച്ചായിരുന്നു മന്ത്രിയുടെ വിമര്‍ശനം.
കേരളത്തില്‍ ഭരിക്കുന്നവര്‍ക്ക് നാട് നന്നാവണമെന്നില്ലെന്നും സ്വന്തം ലാഭം മാത്രമാണ് ലക്ഷ്യമെന്നും നിര്‍മല കുറ്റപ്പെടുത്തി. കേരളത്തില്‍ അഴിമതിയുടെ പരമ്പരയാണുള്ളതെന്നും സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ കേസുകള്‍ പരാമര്‍ശിച്ച് അവര്‍ വിമര്‍ശിച്ചു. ദേശീയ ശരാശരിയേക്കാളും കൂടുതലാണ് കേരളത്തിലെ തൊഴിലില്ലായ്മ നിരക്കെന്നും അവര്‍ പറഞ്ഞു.
വീണ്ടും നരേന്ദ്ര മോദി സര്‍ക്കാര്‍ വരാന്‍ തിരുവനന്തപുരത്തിന്റെ പിന്തുണ വേണമെന്നും .നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. കൊവിഡിന് ശേഷം ഇന്ത്യ ഏറ്റവും വളർച്ചയുള്ള സമ്ബദ് വ്യവസ്ഥയായി മാറി. ഇന്ത്യയിലെ യുവത്വത്തിന് ഇതിന്റെ ഫലം ലഭിക്കും. നേരിട്ടോ അല്ലാതെയോ ഉള്ള നികുതി കൂട്ടാതെയാണ് ഇന്ത്യ ഈ വളർച്ച സ്വന്തമാക്കുന്നത്. എ ഐ സംവിധാനങ്ങളെ ഭയപ്പെടുകയല്ല വേണ്ടത്. യുവതലമുറയ്‌ക്ക് അവയില്‍ പരിശീലനം നല്‍കുകയാണ് വേണ്ടതെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.