അഹമ്മദാബാദ്: 1996-ലെ ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന് 20 വര്‍ഷത്തെ തടവുശിക്ഷ വിധിച്ച് ഗുജറാത്തിലെ സെഷന്‍സ് കോടതി. മുറിയില്‍ ലഹരിമരുന്നുവെച്ച് അഭിഭാഷകനെ കുടുക്കിയെന്ന കേസിലാണ് ശിക്ഷ. ഗുജറാത്തിലെ ബനസ്‌കന്ദയിലെ പ്രത്യേക എൻ.ഡി.പി.എസ് കോടതിയാണ് ശിക്ഷ വിധിച്ചത്. നിലവിൽ 1990ലെ കസ്റ്റഡി മരണക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് ഭട്ട്.
സഞ്ജീവ് ഭട്ട് ബനസ്‌ക്കന്ധ എസ്.പിയായിരുന്നപ്പോൾ 1996-ലുണ്ടായ സംഭവത്തിലാണ് ഇപ്പോൾ കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. രാജസ്ഥാനിലെ അഭിഭാഷകനായ സുമേർസിങ് രാജ്പുരോഹിതിനെ മയക്കുമരുന്നു കേസിൽപ്പെടുത്തിയെന്നാണ് കേസ്.
പാലൻപൂരിൽ അഭിഭാഷകൻ താമസിച്ച മുറിയിൽ 1.15 കിലോ കഞ്ചാവ് ഒളിപ്പിച്ചുവെച്ച ശേഷം അറസ്റ്റ് ചെയ്തുവെന്നാണ് ആരോപണം. രാജസ്ഥാനിലെ പാലിയിൽ ഒരു തർക്ക വസ്തുവിലുള്ള അവകാശം സുമേർസിങ് ഉപേക്ഷിക്കുന്നതിനാണ് ഇത് ചെയ്തതെന്നാണ് ആരോപണം.
കേസില്‍ സഞ്ജീവ് ഭട്ട് കുറ്റക്കാരനെന്ന് കോടതി മാര്‍ച്ച് 26-ന് കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് എന്‍.ഡി.പി.എസ് നിയമത്തിലെ 21-ാം വകുപ്പു പ്രകാരം 20 വര്‍ഷത്തെ തടവു ശിക്ഷയും രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചിരിക്കുന്നത്.
1990-ലെ കസ്റ്റഡി മരണ കേസുമായി ബന്ധപ്പെട്ട് 2019-ല്‍ ഭട്ടിന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. വിചാരണ കോടതിയുടെ വിധിക്കെതിരെ സഞ്ജീവ് ഭട്ട് നല്‍കിയ ഹര്‍ജി ജനുവരിയില്‍ ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു.